പിക്ക് ആക്സ് മൗണ്ടനിലെ ഇറാൻ ആണവ കേന്ദ്രത്തിൽ നിർമാണം അതിവേഗത്തിൽ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ടെഹ്റാൻ: അമേരിക്ക-ഇറാൻ സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രമായ 'പിക്ക് ആക്സ് മൗണ്ടനിൽ' നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിർമാണ പുരോഗതി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ആറു വർഷത്തെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച ശേഷം സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) തയ്യാറാക്കിയ പഠനത്തിലാണ് 2026-ൽ ഇവിടെ നിർമാണ പ്രവർത്തനങ്ങളിൽ വൻ വർധനവുണ്ടായതായി കണ്ടെത്തിയത്.
ടെഹ്‌റാനിൽ നിന്ന് ഏകദേശം 140 മൈൽ തെക്കുള്ള നതാൻസ് ആണവ സമുച്ചയത്തിന് സമീപമുള്ള ഗ്രാനൈറ്റ് പർവതത്തിനടിയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാന്റെ ഭാവി ആണവ പദ്ധതികൾക്ക് സുരക്ഷിത താവളമായി ഉപയോഗിക്കാൻ സാധ്യതയുള്ള ഇടമെന്ന നിലയിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികൾ ഈ പ്രദേശത്തെ നിരന്തരം നിരീക്ഷിച്ചു വരികയാണ്. ഇറാന്റെ ആണവ പദ്ധതിക്ക് ഒരു സുരക്ഷിത താവളമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭൂഗർഭ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
Construction activity has surged this year at Pickaxe Mountain, a suspected Iranian nuclear site near Natanz, 140 miles south of Tehran, per new CSIS satellite analysis shared with CNN. https://t.co/GGMCVdHvui pic.twitter.com/AK8zhly9ft
— Open Source Intel (@Osint613) September 9, 2026
പർവതത്തിനുള്ളിലെ കുഴിച്ചെടുക്കൽ പ്രവർത്തനങ്ങളിൽ നിന്ന് നിർമാണങ്ങളിലേക്കും പുറംഭാഗം ബലപ്പെടുത്തുന്നതിലേക്കും ഇവിടുത്തെ പണികൾ മാറിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2026-ൽ ഈ പ്രദേശത്തേക്കുള്ള റോഡ് ഗതാഗതത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുരങ്കത്തിന്റെ പ്രവേശന കവാടങ്ങൾ ഉയർത്തുകയും കൂടുതൽ ബലപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം റോഡുകൾ കോൺക്രീറ്റ് ചെയ്യാനും കുഴിച്ചെടുത്ത മണ്ണു നീക്കി പ്രദേശം സമനിരപ്പാക്കാനും നടപടികൾ നടക്കുന്നുണ്ടെന്നും ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു.
യുറേനിയം സമ്പുഷ്ടീകരണത്തിനായി സെൻട്രിഫ്യൂജുകൾ ഈ പർവതത്തിലേക്ക് മാറ്റാൻ ഇറാൻ ശ്രമിക്കുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികളും സൂചിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ നിർമാണം തുടരുന്നതിനാൽ നിലവിൽ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഈ കേന്ദ്രം സജ്ജമായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കനത്ത സുരക്ഷയുള്ള ഈ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടുത്തെ ഓരോ നീക്കങ്ങളും തങ്ങൾക്ക് അറിയാമെന്നും വൈകാതെ തന്നെ പിക്ക് ആക്സ് മൗണ്ടൻ ആക്രമിച്ചേക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.