ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നത് അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നിൽ മാത്രം- ഇറാൻ മന്ത്രി

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച പ്രതിസന്ധികൾ തുടരുന്ന പശ്ചാത്തലത്തിൽ സുപ്രധാനമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇറാനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി. ഹോർമുസ് കടലിടുക്ക് ഒരു തന്ത്രപ്രധാനമായ പാതയാണെന്നും അത് ഇപ്പോഴും തുറന്നുതന്നെയാണ് കിടക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, അമേരിക്കയുടെയും ഇസ്രയേലിന്റെ കപ്പലുകൾക്ക് മുന്നിൽ മാത്രമാണ് ഈ പാത അടച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് യഥാർഥത്തിൽ തുറന്നുതന്നെയാണ് ഇട്ടിരിക്കുന്നത്. അതേസമയം, നമ്മുടെ ശത്രുക്കളുടെയും, നമ്മളെ ആക്രമിക്കുന്ന അവരുടെ സഖ്യകക്ഷി രാജ്യങ്ങളുടെയും കപ്പലുകൾക്കും ടാങ്കറുകൾക്കും മുന്നിൽ മാത്രമാണ് ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇതുവഴി കടന്നുപോകാൻ എല്ലാ സ്വാതന്ത്ര്യവും നൽകുന്നുണ്ടെന്നും അബ്ബാസ് അരാഗ്ച്ചി എംഎസ് നൗവിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഇടുങ്ങിയ കടൽപാതയിൽ ഇന്ത്യയിൽ നിന്നുള്ളത് ഉൾപ്പെടെ നൂറുകണക്കിന് കപ്പലുകൾ കുടുങ്ങി കിടക്കുന്നതിനിടയിലാണ് ഇറാനിയൻ മന്ത്രിയുടെ ഈ പ്രസ്താവന. ഈ പാതയിലെ നിലവിലെ ഉപരോധത്തെ കുറിച്ചുള്ള ചോദ്യത്തിന്, സുരക്ഷ ആശങ്കകളെ തുടർന്നായിരിക്കാം പാത അടച്ചിരിക്കുന്നതെന്നും, അതിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
റഷ്യയും ചൈനയും ഇറാന് സൈനിക പിന്തുണ നൽകുന്നുണ്ടോയെന്ന ചോദ്യത്തിന് റഷ്യയും ചൈനയും ഇറാന്റെ നയതന്ത്ര പങ്കാളികളാണെന്നായിരുന്നു അരാഗ്ച്ചിയുടെ മറുപടി. റഷ്യയും ചൈനയുമായി മുൻകാലങ്ങളിൽ അടുത്ത സഹകരണമാണ് ഇറാൻ പുലർത്തിയിരുന്നത്. അത് ഇപ്പോഴും തുടരുന്നുണ്ടെന്നുമായിരുന്നു അരാഗ്ച്ചി പ്രതികരിച്ചത്. ഈ സഹകരണങ്ങളിൽ സൈനിക സഹകരണവും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ വരുത്തിയിട്ടുള്ള ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പലതവണ ഇറാന് മുന്നറിയിപ്പ് നൽകിയതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. ഇറാനിലെ സുപ്രധാന ദ്വീപായ ഖാർഗിൽ ഉൾപ്പെടെ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം തടസ്സപ്പെടുത്തിയാൽ ഇറാന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: Iran confirms Strait of Hormuz is open for global trade except for US/Israel ships., Abbas Araghchi clarifies that the blockade is a response to security concerns., Iran reaffirms strong diplomatic and military cooperation with Russia and China., Tensions escalate following threats from Donald Trump regarding the Kharg Island.