ട്രംപിന്റെ ഭീഷണിക്കിടെ ഇറാൻ-റഷ്യ സംയുക്ത നാവിക അഭ്യാസം; US വിമാനവാഹിനി കപ്പലിനെ തകർക്കുമെന്ന് ഖമീനി

ടെഹ്‌റാൻ: അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും കുടത്ത ഭീഷണികൾ നിലനിൽക്കുന്നതിനിടെ ഒമാൻ കടലിൽ വ്യാഴാഴ്ച ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും കാര്യമായ പുരോഗതി ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് ഈ നീക്കം. മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനും റഷ്യയും സംയുക്ത നാവിക അഭ്യാസം ഒമാൻ കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടക്കാൻ പോകുന്നത്.
കടൽ സുരക്ഷ ശക്തിപ്പെടുത്തുക, ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംയുക്ത നാവികാഭ്യാസത്തിന്റെ വക്താവ് റിയർ അഡ്മിറൽ ഹസ്സൻ മഗ്‌സൂദ്ലൂ പറഞ്ഞു.
ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. വിമാനവാഹിനി കപ്പലുകളടക്കം അയച്ച് പശ്ചിമേഷ്യയിലെ സൈനിക ശക്തി അമേരിക്ക വർധിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അല ഖമീനി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായി ആക്രമിക്കാൻ കഴിയുമെന്നും വിമാന വാഹിനി കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയയ്ക്കാൻ കഴിയുമെന്നും ഖമീനി പറഞ്ഞു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖമീനിയുടെ മുന്നറിയിപ്പ്.
'തീർച്ചയായും, ഒരു വിമാനവാഹിനിക്കപ്പൽ അപകടകരമായ യന്ത്രമാണ്, എന്നാൽ അതിനേക്കാൾ അപകടകരമായത് കടലിലേക്ക് അതിനെ അയക്കാൻ കഴിവുള്ള ആയുധമാണ്' ഖമീനി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടെ രാജ്യത്തിന് ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് പലപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാൽ ഏറ്റവും ശക്തമായ സൈന്യത്തിന് പോലും ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ കഴിയാത്തത്ര കഠിനമായി തിരിച്ചടിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഖമീനി പറഞ്ഞു.
യുഎസിന്റെ പ്രകോപനങ്ങൾ വിജയിക്കില്ല. ഇറാൻ സൈന്യം സജ്ജമാണ്. ഭീഷണികളും പ്രസംഗങ്ങളും നടത്തുകയല്ലാതെ ഇസ്ലാമിക റിപ്പബ്ലിക്കിനെ നശിപ്പിക്കാൻ ട്രംപിന് കഴിയില്ലെന്നും ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു.
ഇറാൻ തീരത്തോട് ചേർന്ന് നങ്കൂരമിട്ടിരിക്കുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലിനെ ലക്ഷ്യംവെച്ചാണ് ഖമീനിയുടെ പ്രസ്താവനയെന്നാണ് സൂചന. അയ്യായിരത്തിലധികം സൈനികർ ഉള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ എഫ്35 അടക്കമുള്ള 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനിൽനിന്ന് ഏകദേശം 700 കിലോമീറ്റർ അകലെ ഒമാൻ തീരത്താണ് നിലവിൽ ഈ കപ്പലുള്ളതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനിടയിൽതന്നെയാണ് ഒമാൻ കടലിൽ റഷ്യയുമായി ചേർന്ന ഇറാൻ നാവിക അഭ്യാസം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: Iran and Russia commence joint naval exercises in the Oman Sea