‘നിങ്ങൾക്ക് സംസ്‌കാരമോ അന്തസ്സോ ഇല്ല’; ട്രംപിന് മറുപടിയുമായി ഇറാൻ

ടെഹ്റാൻ: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയ്ക്കിടെ ഡൊണാൾഡ് ട്രംപ് നടത്തിയ ഭീഷണി പരാമർശത്തിന് ശക്തമായ മറുപടിയുമായി ഇറാൻ. അമേരിക്കയ്ക്ക് സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്ന് അർമേനിയയിലെ ഇറാൻ എംബസി ഔദ്യോഗികമായി പ്രതികരിച്ചു. വ്യക്തികളെ കൊല്ലാം എന്നാൽ ആദർശങ്ങളെ തകർക്കാൻ സാധിക്കില്ലെന്നും ഇറാൻ ഈ സന്ദേശത്തിലൂടെ വ്യക്തമാക്കി.
‘നിങ്ങൾ അയത്തുള്ള ഖമനേയിയെ കൊന്നു, പക്ഷേ നിങ്ങൾ തകർത്തത് ഒരു സുഗന്ധദ്രവ്യക്കുപ്പിയാണ്, അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു’ എന്നാണ് ഇറാൻ പ്രതികരിച്ചത്. അമേരിക്കയ്ക്ക് സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്നും അതുകൊണ്ടാണ് ട്രംപിന് ഇത്തരം കാര്യങ്ങൾ മനസ്സിലാകാത്തതെന്നും ഇറാൻ കുറ്റപ്പെടുത്തി.
അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകൾക്കായി ഒത്തുകൂടിയ ഇറാന്റെ ഉന്നത നേതൃത്വത്തെ ‘ഒറ്റയടിക്ക്’ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നായിരുന്നു ട്രംപിന്റെ പരാമർശം. ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്, നമുക്ക് അവരെ എല്ലാവരെയും ഇല്ലാതാക്കാം’ എന്നായിരുന്നു അമേരിക്കൻ മാധ്യമമായ ‘ആക്സിയോസിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
ഖമനേയിയുടെ സംസ്‌കാരച്ചടങ്ങിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതിലും ട്രംപ് അത്ഭുതം പ്രകടിപ്പിച്ചു. ജനങ്ങൾ ഖമനേയിയെ വെറുക്കുന്നു എന്നാണ് താൻ കരുതിയതെന്നും, അതിനാൽ അവിടെ കണ്ട വിലാപം ‘വ്യാജക്കണ്ണുനീർ’ ആയിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
ഇത്രയും വലിയൊരു അവസരം ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്നതിനും ട്രംപ് മറുപടി നൽകി. നേതൃത്വത്തെ മുഴുവൻ ഇല്ലാതാക്കിയാൽ പിന്നീട് ചർച്ചകൾ നടത്താൻ ഇറാനിൽ ആരും അവശേഷിക്കില്ല എന്നതിനാലാണ് തങ്ങൾ അതിന് മുതിരാത്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇറാന്റെ ഈ പ്രതികരണം അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
Content Highlights: Donald Trump threatened to eliminate Iran's leadership during Ayatollah Khamenei's funeral., Iran's embassy in Armenia condemned the remarks, stating that ideologies cannot be killed., Trump claimed he avoided action to maintain a channel for future negotiations., The diplomatic exchange occurred during the lead-up to the US 250th Independence Day.