ചർച്ച നടക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; 'ഊർജ്ജ വില കുറയ്ക്കുന്നതിനുള്ള പ്രസ്താവന’

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. 'ക്രൂഡോയിൽ വില കുറയ്ക്കുന്നതിനും തന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം നേടുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവന' എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചതായി അവരുടെ വാർത്താ ഏജൻസിയായ മെഹ്ർ റിപ്പോർട്ട് ചെയ്തു.
അതേസമയം മേഖലയിലെ ചില രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇറാൻ വ്യക്തമാക്കി. 'ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ കാരണമായിട്ടല്ല, യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥനകൾ നടത്തേണ്ടത് യുഎസിനോടാണ്'എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കൂടുതൽ വിശദമായ വിശദീകരണം ഇറാന്റെ ഭാഗത്ത് ഉടൻ നിന്നുണ്ടാകുമെന്നാണ് വിവരം.
പശ്ചിമേഷ്യയിലെ സംഘർഷത്തിന് 'പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം' കണ്ടെത്തുന്നതിനെക്കുറിച്ച് ഇറാനുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ അഞ്ചുദിവസത്തേക്ക് നിർത്തിവെക്കാൻ നിർദേശം നൽകിയതായും ട്രംപ് അറിയിച്ചിരുന്നു.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയതിന് പിന്നാലെയായിരുന്നു ചർച്ചകൾ നടക്കുന്നുവെന്ന ട്രംപിന്റെ അറിയിപ്പ്.
ഇറാൻ ഇത് നിഷേധിച്ചെങ്കിലും ട്രംപ് ചില യുഎസ് മാധ്യമങ്ങളോടും ചർച്ച നടക്കുന്നുവെന്ന് ആവർത്തിച്ചു. ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന് മുമ്പ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുർക്കി വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിൽ തുർക്കി മുമ്പ് മധ്യസ്ഥത വഹിച്ചിരുന്നു. അതേസമയം മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ പങ്കാളിയല്ലെന്ന് ഒരു ഖത്തർ നയതജ്ഞൻ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ചർച്ചകളുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവനയ്ക്കിടയിലും ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തി. 'ടെഹ്റാനിലെ ഹൃദയഭാഗത്ത്' ആക്രമണം നടത്തുകയാണെന്ന് ഐഡിഎഫ് അറിയിച്ചു. ട്രംപിന്റെ പ്രസ്താവനയിൽ ഇസ്രയേലിന്റെ പ്രതികരണവും ലഭ്യമായിട്ടില്ല.
അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനയക്ക് പിന്നാലെ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടുണ്ട്.
Content Highlights: Iran officially denies Trump's claims of ongoing de-escalation negotiations., Tehran accuses the US of using false claims to manipulate energy prices