ട്രംപ് പിൻവാങ്ങുന്നു; ഇറാൻ-യുഎസ് സംഘർഷം അയയുന്നു

#ന്യൂസ് ഡെസ്ക്
ഖമനേയി, ഡൊണാൾഡ് ട്രംപ്
ഖമനേയി, ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ/ദുബായ്: മൂന്നാഴ്ചയോളമായി ഭരണവിരുദ്ധപ്രക്ഷോഭം നടക്കുന്ന ഇറാനിൽ യുഎസിന്റെ സൈനികനടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് ഇറാൻ ഭരണകൂടം നിർത്തിയെന്ന് തനിക്കു വിവരംകിട്ടിയതായി അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകരെ കൊല്ലുന്നതു തുടർന്നാൽ ഇറാനിൽ സൈനികനടപടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഖത്തറിലെ യുഎസിന്റെ വ്യോമതാവളമായ അൽ ഉദൈദിനു നൽകിയ സുരക്ഷാമുന്നറിയിപ്പ് ഇളവുചെയ്തു. വ്യാഴാഴ്ച നാലുമണിക്കൂറോളം അടച്ചിട്ടശേഷം ഇറാൻ വ്യോമപാത തുറന്നു.

സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ നടത്തിയ ചർച്ചയുടെ ഫലമാണ് ട്രംപ് അയയാൻ കാരണമെന്ന് സൗദി ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഇറാനെ ആക്രമിച്ചാൽ അത് പശ്ചിമേഷ്യയിൽ ഗുരുതര ആഘാതമുണ്ടാക്കുമെന്ന ഭയം ട്രംപുമായി പങ്കുവെച്ചെന്ന് അദ്ദേഹം അറിയിച്ചു. ഡിസംബർ 28-നാരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 2615 പേർ മരിച്ചു.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ഇറാനിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ഒഴിപ്പിക്കാൻ ഇന്ത്യ. ഇതിനുള്ള ആദ്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും. പതിനായിരത്തിലേറെ ഇന്ത്യക്കാർ ഇറാനിലുണ്ട്. ഇന്ത്യൻ സ്ഥാനപതികാര്യാലയവുമായി ബന്ധപ്പെടാനുള്ള നമ്പറുകൾ: :+989128109115, +989128109109,+989128109102,+989932179359.

ഇറാന്റെ ഉരുക്കുമുഷ്ടിയിൽപ്രക്ഷോഭത്തീ കെടുന്നു

ദുബായ്: മൂന്നാഴ്ചയോളമായി ഇറാന്റെ തെരുവുകളെ പിടിച്ചുലച്ച ബഹുജനപ്രക്ഷോഭം തണുക്കുന്നുവെന്ന് സൂചന. വ്യാഴാഴ്ച സംഘർഷങ്ങളോ കാര്യമായ അക്രമസംഭവങ്ങളോ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പുശബ്ദങ്ങൾ തീരേ കുറവായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ടുചെയ്തു.

അതേസമയം, പ്രക്ഷോഭകരെ ഭീകരരായി മുദ്രകുത്തിയുള്ള അറസ്റ്റുതുടരുമെന്ന് ഇറാന്റെ ദേശീയമാധ്യമം റിപ്പോർട്ടുചെയ്തു. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിലൂടെ വീഡിയോകളും ചിത്രങ്ങളും പുറത്തെത്തിക്കുന്നവരെ ലക്ഷ്യമിടുമെന്നും അറിയിച്ചു. പ്രക്ഷോഭം അമർച്ചചെയ്യുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി രാജ്യത്ത് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കയാണ്. അതിനിടെ, ജനങ്ങളെ തൂക്കിലേറ്റാൻ ഇറാനു പദ്ധതിയില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. പ്രക്ഷോഭം അടിച്ചമർത്താൻ കരുക്കൾനീക്കിയവരെന്നു പറഞ്ഞ് ഇറാനിലെ 12-ഓളം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.

അതേസമയം, കനേഡിയൻ പൗരൻ ഇറാൻ അധികൃതരുടെ കരങ്ങളാൽ മരിച്ചെന്ന് കാനഡ അറിയിച്ചു. ജീവകാരുണ്യസംഘനടയായ റെഡ് ക്രെസെന്റിലെ ഒരംഗവും കൊല്ലപ്പെട്ടു.

Content Highlights: US President Trump indicates no immediate military action in Iran following anti-government protests. Easing of security alerts in Qatar. India to evacuate citizens.