‘ട്രംപിനെ വധിക്കാൻ ഞങ്ങൾക്ക് പദ്ധതിയില്ല; മൊജ്തബ ഖമനേയി ആരോഗ്യവാൻ, ഞങ്ങൾ ഒരുമിച്ചിരിക്കുകയും നടക്കുകയും ചെയ്തിട്ടുണ്ട്’

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മെസൂദ് പെസഷ്‌കിയാൻ. യുഎൻ പൊതുസമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇറാൻ പ്രസിഡന്റ്. അമേരിക്കയുമായി യുദ്ധത്തിലേർപ്പെട്ട രാജ്യത്തിന്റെ തലവനാണെങ്കിലും യുഎസ് സീക്രട്ട് സർവീസ് സംരക്ഷണത്തിലാണ് ന്യൂയോർക്കിൽ പെസഷ്‌കിയാൻ.
ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നതായി നേരത്തെ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തുർക്കിയിൽനിന്ന് മടങ്ങവെ ട്രംപിന് വിമാനം മാറി കയറേണ്ടിയും വന്നിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഒരിക്കലും ശ്രമിക്കില്ലെന്ന് പെസഷ്കിയാൻ അവകാശപ്പെട്ടു.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ആരോഗ്യവാനാണെന്നും പെസഷ്കിയാൻ പറഞ്ഞു. 'അദ്ദേഹത്തിന്റെ ആരോഗ്യത്തിലോ ശാരീരിക രൂപത്തിലോ വലിയ പ്രശ്നങ്ങളൊന്നും ഞാൻ കണ്ടില്ല' എന്ന് പെസഷ്കിയാൻ പറഞ്ഞു. ഏകദേശം ഒരു മാസം മുമ്പാണ് തങ്ങൾ തമ്മിൽ അവസാനമായി നേരിട്ടുള്ള കൂടിക്കാഴ്ച നടന്നതെന്നും അത് ഏഴ് മണിക്കൂറോളം നീണ്ടുനിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടിക്കാഴ്ചയ്ക്കിടെ തങ്ങൾ ഇരുവരും നിലത്ത് മെത്തകളിൽ ഇരിക്കുകയും ഇടയ്ക്ക് എഴുന്നേറ്റ് നടക്കുകയും ചെയ്തതായും പെസെഷ്കിയൻ പറഞ്ഞു. സംഘർഷത്തിന്റെ തുടക്കത്തിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ മൊജ്താബയുടെ പിതാവും മുൻഗാമിയുമായ അലി ഖമനേയിക്ക് പരിക്കേൽക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷം മൊജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
പരസ്യമായോ രഹസ്യമായോ ട്രംപിനെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ വധിക്കാൻ ശ്രമിക്കുക എന്നത് 'ഇറാൻ സർക്കാരിന്റെ നിലപാടല്ല' എന്ന് പെസഷ്കിയാൻ ആവർത്തിച്ചു. ഇറാൻ ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പെസഷ്കിയാൻ പറഞ്ഞു.
യുദ്ധത്തിന് കാരണം യുഎസ് ആണെന്ന് കുറ്റപ്പെടുത്തുകയും നയതന്ത്ര ശ്രമങ്ങൾ തടസ്സപ്പെടുത്തിയത് അമേരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു.
'നയതന്ത്ര ചർച്ചകൾക്ക് ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. നിങ്ങളുടെ പ്രസിഡന്റുമായി ഞങ്ങൾ ഒരു ധാരണയിൽ എത്തിയിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ ഞങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നു. ഒരു തടസ്സവുമില്ലാതെ ഞങ്ങൾ ഹോർമുസ് കടലിടുക്ക് തുറന്നു നൽകിയിരുന്നു. എന്നാൽ ഒരു ന്യായീകരണവുമില്ലാതെ അവർ ഞങ്ങളെ ആക്രമിച്ചു. അവർ ഞങ്ങളുടെ പരമോന്നത നേതാവിനെയും ശാസ്ത്രജ്ഞരെയും സൈനിക കമാൻഡർമാരെയും ഭരണാധികാരികളെയും വധിച്ചു' പെസഷ്‌കിയാൻ പറഞ്ഞു.
Content Highlights: Iranian President Masoud Pezeshkian explicitly denied any plot by Iran to assassinate Donald Trump., Pezeshkian confirmed that Supreme Leader Mojtaba Khamenei is in good health following previous rumors., Iran reiterated that it has no intention of building nuclear weapons and is open to diplomatic talks., Iran blamed the US and Israel for escalating the conflict and disrupting diplomatic efforts.