ഞങ്ങളുടെ വിജയം ലോകം അംഗീകരിച്ചു, ഇനി യുദ്ധം അവസാനിപ്പിക്കാം- യു.എസിനോട് ഇറാൻ

ടെഹ്‌റാൻ: യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. യു.എസിനേക്കാൾ ശക്തിയും അന്തസ്സുമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തിൽ തങ്ങൾക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചു. യു.എസ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഇറാന്റെ സ്‌കൂളുകളും ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം തീർത്ത പ്രതിസന്ധികൾ ലോകത്തെ ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നു. ഇറാനുമേൽ നാവിക ഉപരോധം തീർത്ത് യു.എസും ശക്തമായി രംഗത്തുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിലവിൽ നിർത്തിവെച്ചിരിക്കുകയുമാണ്. ഉപരോധം സാമ്പത്തിക ഭീകരതയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
വിചാരണയും ശിക്ഷയും അർഹിക്കുന്ന കുറ്റകൃത്യമാണിത്. യു.എസ്. സ്വന്തം സാമ്പത്തിക പ്രതിസന്ധികളിൽനിന്നും കടബാധ്യതയിൽനിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും ഇറാൻ ആരോപിച്ചു. സൈനിക നീക്കങ്ങൾക്കു പകരം സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ തകർക്കാനാണ് ഇപ്പോൾ യു.എസ്. ശ്രമിച്ചുകൊണ്ടിരിക്കുന്നത്, ഇറാൻ ആരോപിച്ചു.
എന്നാൽ, ഉപരോധങ്ങളും സാമ്പത്തിക സമ്മർദങ്ങളുംകൊണ്ട്് പശ്ചിമേഷ്യയിലെ സംഘർഷത്തിന് പരിഹാരമുണ്ടാകില്ലെന്ന് ചൈന വ്യക്തമാക്കുന്നു. നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ചൈനയുടെ ആവശ്യം.
Content Highlights: Iranian President Masoud Pezeshkian stated it is time to end the US conflict from a position of strength.