ഇസ്ലാമാബാദ് ചർച്ച; വാൻസ് പങ്കെടുക്കുന്നതിൽ അനിശ്ചിതത്വം,സുരക്ഷാ ആശങ്ക ഉന്നയിച്ച് ട്രംപ്

#ന്യൂസ് ഡെസ്ക്
മൊജ്താബ ഖമനേയി, ഡൊണാൾഡ് ട്രംപ് | Photo: AFP
മൊജ്താബ ഖമനേയി, ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ/ടെഹ്റാൻ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന ഇറാൻ-അമേരിക്ക രണ്ടാംഘട്ട നയതന്ത്ര ചർച്ചകയിലെ അനിശ്ചിതത്വം. തന്റെ പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്ക് പോകുകയാണെന്ന് അറിയിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് സംഘത്തിലുണ്ടായേക്കില്ലെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകുമെന്ന് നേരത്തെ യുഎന്നിലെ യുഎസ് പ്രതിനിധി മൈക്ക് വാൾട്ട്‌സും ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൂചിപ്പിച്ചിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളെ മുൻനിർത്തിയാണ് ട്രംപ് ഈ തീരുമാനം മാറ്റിയെന്നാണ് റിപ്പോർട്ട്. വാൻസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ പാകിസ്താനിലേക്ക് അയക്കാൻ നിലവിലെ സുരക്ഷാ സാഹചര്യം അനുവദിക്കുന്നില്ലെന്ന് ട്രംപിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ഇസ്ലാമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനും അറിയിച്ചു. നാവിക ഉപരോധം നിലനിൽക്കുന്നിടത്തോളം കാലം പാകിസ്താനിലേക്ക് ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഇതോടെ നയതന്ത്ര ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിലെ പ്രതിസന്ധികൾ എത്രയും വേഗം പരിഹരിക്കുന്നതിനായി പാകിസ്താൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിമായി ഫോണിൽ സംസാരിക്കുകയും ചർച്ചകൾ തുടരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇറാന്റെ പ്രസിഡന്റും പാകിസ്താൻ പ്രധാനമന്ത്രിയും തമ്മിൽ ഫോൺ സംഭാഷണം നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

ഒരു വശത്ത് ഇറാൻ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ, മറുവശത്ത് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പിന്മാറ്റം ചർച്ചകളുടെ പ്രാധാന്യത്തെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. എന്നിരുന്നാലും, മേഖലയിലെ സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രപരമായ ഇടപെടലുകൾ തുടരണമെന്ന നിലപാടിലാണ് പാകിസ്താൻ.

അതേസമയം, വിദേശ പ്രതിനിധി സംഘങ്ങളുടെ വരവിനെത്തുടർന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ റെഡ് സോൺ പ്രദേശങ്ങളിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ആഡംബര ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഒഴിഞ്ഞുകൊടുക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. നൂറോളം സ്നൈപ്പർമാരും 400 എലൈറ്റ് കമാൻഡോകളും ഉൾപ്പെടെ ഏകദേശം പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി വിന്യസിച്ചിരിക്കുന്നത്.

Content Highlights: Iran-Pakistan diplomatic developments and US delegation changes.