ഹേർമുസിലെ യാത്രാനിയന്ത്രണങ്ങളിൽനിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീരാജ്യങ്ങൾക്ക് ഇളവ് നൽകി ഇറാൻ

#ന്യൂസ് ഡെസ്ക്
ഹോര്‍മുസില്‍നിന്നുള്ള കാഴ്ച |ഫോട്ടോ:AP
ഹോര്‍മുസില്‍നിന്നുള്ള കാഴ്ച |ഫോട്ടോ:AP

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാനിയൻ പാർലമെന്റ് അംഗം. ഇന്ത്യയിൽ നിന്നുള്ള മരുന്ന് വിതരണം സുഗമമാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യങ്ങളിലൊന്ന്.

ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ അമീർ ഹയാത്ത് മൊഗദ്ദാം ആണ് ഈ നാല് രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ ജലപാതയിലൂടെ കടന്നുപോകാൻ അനുവാദമുണ്ടെന്ന് അറിയിച്ചത്.

'ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നിവയെ ഞങ്ങൾ നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. അമേരിക്കക്കാരും അവരെ തടയുന്നില്ല' ചൊവ്വാഴ്ച ഇറാനിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഹയാത്ത് മൊഗദ്ദാം പറഞ്ഞു.

ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാനുള്ള താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഈ ഇളവുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ സൗകര്യമൊരുക്കുന്നുണ്ട്. ചൈനീസ് കപ്പലുകൾക്ക് നൽകിയിരിക്കുന്ന ഇളവ് ചൈനയുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽ നിന്ന് ഇറാൻ യാത്രാ ഫീസ് ഈടാക്കുന്നുണ്ടെന്നും ഖത്തർ കപ്പലുകൾക്ക് ഫീസില്ലാതെ കടന്നുപോകാൻ അനുവാദമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഇറാഖി കപ്പലുകൾ യാത്രാ ഫീസ് നൽകേണ്ടതുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 30 ശതമാനം ഹോർമുസ് വഴിയാണ് എത്തുന്നത്. നേരത്തെ ഇത് 70 ശതമാനത്തോളമായിരുന്നു. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനുശേഷം റഷ്യ, യു.എസ്, പടിഞ്ഞാറൻ ആഫ്രിക്ക, യുഎഇയിലെ ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി തുടങ്ങിയതിനാൽ ഈ ആശ്രയത്വം കുറഞ്ഞിട്ടുണ്ട്.

ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് വഴിയാണ്, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കടൽമാർഗ്ഗം ലോകമെമ്പാടും എത്തിക്കുന്ന എണ്ണയുടെ ഏകദേശം 25 ശതമാനവും കടന്നുപോകുന്നത്.

Content Highlights: Iran exempted cargo ships from India, China, Iraq, and Qatar from Hormuz Strait travel restrictions., The move aims to ensure smooth medicine supplies from India and maintain diplomatic and economic interests., Indian and Chinese ships are charged travel fees, while Qatari ships have free passage., India's crude oil dependency on the Hormuz route has reduced to 30 percent due to diversified imports.