അതിവേഗം മാറുന്ന സാഹചര്യം; അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാരോട് കേന്ദ്രം

#ന്യൂസ് ഡെസ്ക്
യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇറാനിയന്‍ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നു |ഫോട്ടോ:AFP
യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ടെഹ്റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇറാനിയന്‍ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നു |ഫോട്ടോ:AFP

ന്യൂഡൽഹി: ഇറാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹോർമുസ് കടലിടുക്ക് തുറക്കാനും അമേരിക്കയുമായി കരാറിലേർപ്പെടാനും ഇറാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് നിർദേശം.

നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അവിടെത്തന്നെ കഴിയണമെന്നും സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാനും, സഞ്ചാരം ഒഴിവാക്കാനും വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.

ഇന്ത്യൻ എംബിസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകൾ നടത്താവൂ എന്നും നിർദേശമുണ്ട്.

അടുത്ത 48 മണിക്കൂർ നേരം നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്നാണ് ഇറാനിലെ ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുന്നത്. ഈ മുന്നറിയിപ്പ് അനുസരിച്ച്, ആളുകൾ വീടിനുള്ളിൽ തുടരുകയും വൈദ്യുത- സൈനിക സ്ഥാപനങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾ നിലകൾ എന്നിവ ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.

ഇറാനെ ഇന്ന് രാത്രിയോടെ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്.

'ഇന്ന് രാത്രി ഒരു നാഗരികത മുഴുവൻ നശിക്കും, ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് സംഭവിക്കും. എന്നിരുന്നാലും, ഇപ്പോൾ പൂർണ്ണവും സമ്പൂർണ്ണവുമായ ഭരണമാറ്റം സംഭവിച്ചിരിക്കുന്നു, വ്യത്യസ്തവും, ബുദ്ധിശാലികളും, കുറഞ്ഞ തീവ്രവാദ ചിന്താഗതിക്കാരും നിലനിൽക്കുന്നു. ഒരുപക്ഷേ വിപ്ലവകരമായ എന്തെങ്കിലും അത്ഭുതകരമായത് സംഭവിക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന്് ഇന്ന് നമ്മെ തേടിയെത്തും. 47 വർഷത്തെ കൊള്ളയടി, അഴിമതി, മരണം എന്നിവയ്ക്ക് ഒടുവിൽ വിരാമമിടും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!'ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിക്കുകയുണ്ടായി.

ഇറാനിലെ ഭരണകൂടത്തെ കൂടുതൽ ശക്തിയോടെ തങ്ങൾ തകർക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞു.

'വർധിച്ച തീവ്രതയോടെ ഞങ്ങൾ ഇറാനിലെ ഭീകര ഭരണകൂടത്തെ തകർക്കുകയാണ്. ഇന്നലെ ഞങ്ങൾ യാത്രാ വിമാനങ്ങളും ഡസൻ കണക്കിന് ഹെലികോപ്റ്ററുകളും നശിപ്പിച്ചു, ഇന്ന് ഇറാൻ സൈന്യം ഉപയോഗിക്കുന്ന റെയിൽവേകളും പാലങ്ങളും ആക്രമിച്ചു' നെതന്യാഹു പറഞ്ഞു.

Content Highlights: Indian Ministry of External Affairs issues urgent safety advisory for Iran-based citizens., Citizens advised to stay indoors and avoid military or high-rise areas for 48 hours