പാകിസ്താൻ ‘ഫ്രാങ്കെൻസ്‌റ്റൈൻ സ്റ്റേറ്റിന്‌’ മികച്ച ഉദാഹരണം, ഐക്യരാഷ്ട്ര സഭയിൽ കടന്നാക്രമിച്ച് ഇന്ത്യ

#ന്യൂസ് ഡെസ്ക്
അനുപമ സിങ് | Photo: ANI | ഷെഹബാസ് ഷെരീഫ് | Photo: AFP
അനുപമ സിങ് | Photo: ANI | ഷെഹബാസ് ഷെരീഫ് | Photo: AFP

ജെനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തെ ഭരണകൂട നയമായി പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ സ്വന്തം തെറ്റുകൾക്ക് ഇരയാകുന്ന ഒരു 'ഫ്രാങ്കെൻസ്‌റ്റൈൻ സ്റ്റേറ്റ്' ആണെന്ന് ഇന്ത്യൻ പ്രതിനിധി അനുപമ സിങ് കുറ്റപ്പെടുത്തി. പാക് അധീന കശ്മീരിൽ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയും മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ വിമർശനം.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന്റെ അധീനതയിലുള്ള പ്രദേശങ്ങൾ തിരികെ ലഭിക്കുക മാത്രമാണ് അവശേഷിക്കുന്ന ഏക പ്രശ്‌നമെന്നും ഇന്ത്യ വ്യക്തമാക്കി. സ്വന്തം ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാൻ പാകിസ്താൻ അനാവശ്യ പ്രചരണങ്ങൾ നടത്തുകയാണെന്നും ഇന്ത്യ ആരോപിച്ചു. ആഗോള വേദിയിൽ പാകിസ്താന്റെ ഇരട്ടത്താപ്പിനെ ഇന്ത്യ ശക്തമായി നേരിടുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) സെഷനിലാണ്, ഭീകരവാദത്തിന്റെ ഇരയാണെന്ന പാകിസ്താന്റെ വാദങ്ങളെ ഇന്ത്യൻ പ്രതിനിധി അനുപമ സിങ് ചോദ്യം ചെയ്തത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയാണ് അനുപമ.

ഭീകരവാദത്തെ ഒരു ഭരണകൂട നയമായി സ്വീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പാകിസ്താൻ ഒരു 'ഫ്രാങ്കൻസ്റ്റീൻ രാഷ്ട്രം' ആണെന്നും, ഇപ്പോൾ അവർ സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പറഞ്ഞ അനുപമ, 'സ്വയം നിർമിച്ച ഭീകരസത്വം തിരിച്ചു കടിക്കുമ്പോൾ' പാകിസ്താൻ ഞെട്ടുന്നത് എന്തിനാണെന്നും ചോദിച്ചു.

'ഭീകരർക്ക് താമസമൊരുക്കുകയും പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നത് ഒരു ഭരണകൂടനയമാണ് എന്ന് നിലവിലെ പ്രതിരോധ മന്ത്രി പോലും വീമ്പു പറയുന്ന രാജ്യമാണ് പാകിസ്താൻ. എന്നിട്ട്, ഇവിടെ തങ്ങൾ ഭീകരവാദത്തിന്റെ ഇരയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്നു.' സിങ് പറഞ്ഞു. ഈ സാഹചര്യത്തെ 'പാകിസ്താന് മാത്രം നിലനിർത്താൻ കഴിയുന്ന' ഒരു വൈരുദ്ധ്യം എന്നാണ് അവർ വിശേഷിപ്പിച്ചത്. 

'സ്വന്തമായി വളർത്തിയെടുത്ത ഭീകരസത്വം തന്നെത്തന്നെ ഉപദ്രവിക്കുമ്പോൾ ഞെട്ടുന്ന ഒരു 'ഫ്രാങ്കെൻസ്‌റ്റൈൻ സ്ഥിതി'യുടെ ജീവിക്കുന്ന ഉദാഹരണമാണ് പാകിസ്താൻ.' അവർ കൂട്ടിച്ചേർത്തു. വ്യക്തിപരമായി പരാമർശിച്ചില്ലെങ്കിലും, പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ വർഷം നടത്തിയ പ്രസ്താവനകളെയാണ് അനുപമ ഉദ്ദേശിച്ചത്.

ഒരു അഭിമുഖത്തിനിടെ, പാകിസ്താൻ മൂന്ന് പതിറ്റാണ്ടിലേറെയായി ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്തിട്ടുണ്ടെന്ന് ആസിഫ് സമ്മതിച്ചിരുന്നു. 9/11-ന് ശേഷം അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടി പാകിസ്താൻ 'വൃത്തികെട്ട ജോലികൾ' ചെയ്തുവെന്നും എന്നാൽ അതൊക്കെയും പാകിസ്താൻ വലിയ വില നൽകേണ്ടി വന്ന വലിയ 'തെറ്റുകളായിപ്പോയി' എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

പാക് അധിനിവേശ കശ്മീരിലെ (PoK) വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിലേക്കും റാവലക്കോട്ടിലെ സമീപകാല അശാന്തിയിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞ യുഎൻഎച്ച്ആർസി അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. ഈ മാസം തുടക്കത്തിൽ, വിലക്കയറ്റം, വൈദ്യുതി നിരക്ക് വർധന, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയ്ക്കെതിരെ പിഒകെയിലുടനീളം വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.

സബ്സിഡിയുള്ള ഗോതമ്പും അരിയും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെയുള്ള പാകിസ്താൻ സൈന്യത്തിന്റെ നടപടിയിൽ 16 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അടിച്ചമർത്തലിനെ തുടർന്ന്, വാർത്താവിനിമയ ബന്ധങ്ങൾ പൂർണമായും തകരുകയും അവശ്യസാധനങ്ങളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JKJAAC) അറിയിച്ചു.

ഈ സംഭവത്തെ ചൂണ്ടിക്കാട്ടി, 'ഭക്ഷണത്തിനായുള്ള ആവശ്യങ്ങളെ വെടിയുണ്ടകളും ക്രൂരതയുമാണ് നേരിട്ടത്.' എന്ന് അനുപമ പറഞ്ഞു. 'റാവലക്കോട്ടിൽ തുടരുന്ന ദുരന്തം, സാധാരണക്കാരുടെ കൊലപാതകങ്ങൾ, പിഒകെയിലുടനീളമുള്ള ക്രൂരമായ അടിച്ചമർത്തലുകൾ എന്നിവ നിർബന്ധിത അധിനിവേശത്തിലും അടിച്ചമർത്തലിലും അധിഷ്ഠിതമായ ഒരു വ്യവ്യസ്ഥിതിയുടെ സ്വാഭാവിക ഫലമാണ്.' അവർ ചൂണ്ടിക്കാട്ടി.

കശ്മീരിനെക്കുറിച്ചുള്ള പാകിസ്താന്റെ കുപ്രചരണങ്ങൾ അവരുടെ ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാൻ രൂപകൽപന ചെയ്തതാണെന്നും അവർ അടിവരയിട്ടു പറഞ്ഞു. ഇന്ത്യൻ ഭൂപ്രദേശത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ കാര്യങ്ങൾ ശരിയാക്കാൻ അവർ പാകിസ്താനോട് ആവശ്യപ്പെട്ടു

മാത്രമല്ല, ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്നും അവർ ആവർത്തിച്ചു. 'പാകിസ്താന്റെ നിയമവിരുദ്ധമായ അധിനിവേശവും ആ പ്രദേശങ്ങൾ തിരികെ ലഭിക്കലുമാണ് പരിഹരിക്കപ്പെടാത്ത ഏക പ്രശ്‌നം.' അനുപമ സിങ് പറഞ്ഞു. 

(ഇംഗ്ലീഷ് എഴുത്തുകാരിയായ മേരി ഷെല്ലിയുടെ പ്രശസ്തമായ സയൻസ് ഫിക്ഷൻ നോവലിലെ ഫ്രാങ്കെൻസ്റ്റൈൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണ്. ശാസ്ത്രജ്ഞൻ പരീക്ഷണശാലയിൽ സൃഷ്ടിച്ച ഈ ജീവി പിന്നീട് സൃഷ്ടിച്ചവർക്കെതിരെ തന്നെ തിരിയുന്നതാണ് നോവലിന്റെ ഉള്ളടക്കം.)

Content Highlights: India identifies Pakistan as a 'Frankenstein state' at the UNHRC. Diplomat Anupama Singh highlights Pakistan's history of training terrorists. Reference to Pakistan's admission of funding terror organizations for decades. India addresses the brutal crackdown on protests in POK. Reiteration that Jammu and Kashmir is an integral part of India.