‘തട്ടിപ്പ്, കണ്ണിൽപൊടിയിടാനുള്ള ശ്രമം’; മസൂദ് അസറിനായുള്ള പാകിസ്താന്റെ ഇനാം പ്രഖ്യാപനം തള്ളി ഇന്ത്യ

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം പാകിസ്താനി രൂപ പ്രതിഫലം പ്രഖ്യാപിച്ച പാകിസ്താന്റെ നടപടിയെ തള്ളി ഇന്ത്യ. ഇതൊരു തട്ടിപ്പും ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം, ഭീകരർക്കെതിരേ പാകിസ്താൻ വ്യക്തവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആവശ്യപ്പെട്ടു.
‘പാകിസ്താന്റെ ഇത്തരം തന്ത്രങ്ങളും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളും പുതിയ കാര്യമല്ല. സമാനമായ നാടകങ്ങൾ മുൻപും നാം കണ്ടിട്ടുള്ളതാണ്. ഭീകരവാദത്തെ പോറ്റിവളർത്തുന്ന ഒരു രാഷ്ട്രം ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അവ എത്രത്തോളം പൊള്ളയാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്’, ജൈസ്വാൾ പറഞ്ഞു. യാതൊരുവിധ പ്രയോജനവുമില്ലാത്ത വെറും പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം പാകിസ്താൻ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ)യുടെ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റു’കളുടെ പേരുകളടങ്ങിയ റെഡ്ബുക്കിൽ മസൂദ് അസറിന്റെ പേര് പാകിസ്താൻ ഉൾപ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടാൻ ആവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് എഴുപതുലക്ഷം പാകിസ്താനി രൂപ (24.09 ലക്ഷം ഇന്ത്യൻരൂപ) പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബർ 26 മുതൽ 30 വരെ പാരിസിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്.) സമ്മേളനത്തിന് മുന്നോടിയായാണ് പാകിസ്താന്റെ ഈ നീക്കം. 2021-ലാണ് അസറിനെ എഫ്.ഐ.എ. ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്ന് 50 ലക്ഷം പാകിസ്താനി രൂപയായിരുന്ന പ്രതിഫലത്തുകയാണ് ഇപ്പോൾ 20 ലക്ഷം രൂപ കൂടി വർധിപ്പിച്ച് 70 ലക്ഷം (ഏകദേശം 24.09 ലക്ഷം ഇന്ത്യൻ രൂപ) ആക്കിയിരിക്കുന്നത്.
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം അടക്കം നിരവധി ഭീകരാക്രമണ കേസുകളിൽ ഇന്ത്യ തിരയുന്ന പ്രമുഖ കുറ്റവാളിയാണ് ജെയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസർ. 2008-ൽ 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ 26/11 ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്താനോട് വിട്ടുനൽകാൻ ആവശ്യപ്പെട്ട 20 ഭീകരരുടെ പട്ടികയിലും അസർ ഉൾപ്പെട്ടിരുന്നു. അസർ പാകിസ്താനിലില്ലെന്നും അഫ്ഗാനിസ്താനിൽ ഒളിവിലാണെന്നുമാണ് പാകിസ്താൻ വാദിക്കുന്നത്.
Content Highlights: India has rejected Pakistan's reward announcement for Jaish-e-Mohammed chief Masood Azhar, dismissing it as an eyewash and demanding credible actions against terrorists.