നാടുകടത്തുന്നവരോടുള്ള യുഎസ് ഇടപെടല്‍ മോശമെന്ന് കേന്ദ്രം; ഈ വര്‍ഷം തിരിച്ചയച്ചത് 3258 ഇന്ത്യക്കാരെ

#ന്യൂസ് ഡെസ്ക്
യു.എസില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടേത് എന്ന നിലയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് | Photo: AP
യു.എസില്‍ നിന്ന് നാടുകടത്തുന്ന ഇന്ത്യക്കാരുടേത് എന്ന നിലയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് | Photo: AP

ന്യൂഡൽഹി: കടുത്ത പ്രതിഷേധമറിയിച്ച ശേഷവും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരോട് അമേരിക്ക മോശം പെരുമാറ്റം തുടരുന്നത് സമ്മതിച്ച് കേന്ദ്രസർക്കാർ. വിഷയത്തിൽ വീണ്ടും പ്രതിഷേധമറിയിച്ചതായും ഇതു പരിശോധിക്കാൻ അമേരിക്കൻ അധികൃതരോടാവശ്യപ്പെട്ടതായും വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ രാജ്യസഭയിൽ പ്രതികരിച്ചു. ഈ വർഷം ഫെബ്രുവരി അഞ്ചിനു ശേഷം കൈവിലങ്ങ് വെച്ച് ആരെയും ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടില്ലെന്ന മന്ത്രിയുടെ മറുപടി തെറ്റാണെന്നും സെപ്റ്റംബർ 25-നും അമേരിക്കയിൽ 33 വർഷം താമസിച്ച ഹർജിത്ത് കൗർ എന്ന 73-കാരിയെ കൈയ്യാമം വെച്ച് വിമാനത്തിൽ കൊണ്ടുവന്നെന്നും സമാജ് വാദി അംഗം രാംജി ലാൽ സുമൻ ആരോപിച്ചപ്പോഴാണ് മന്ത്രി വിശദീകരണം.

വിമാനത്തിൽ കയറുംമുമ്പ് ഹർജിത് കൗർ ഭേദ്യം ചെയ്യപ്പെട്ടതായി സമ്മതിച്ച മന്ത്രി, ഓഫീസർ കൈയ്യാമം വെക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ അവരുടെ പ്രായം മാനിച്ച് ചെയ്യരുതെന്ന് പറഞ്ഞതായി കൗറിന്റെ അഭിഭാഷകൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സെപ്റ്റംബർ 26-ന് അമേരിക്കൻ എംബസിയെ ഇക്കാര്യത്തിൽ പ്രതിഷേധവും ആശങ്കയും അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

ഈ വർഷം ഇതുവരെ 3258 പേരെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തി. 2009 മുതൽ 18,822 പേരെ രാജ്യത്തേക്ക് നാടുകടത്തിയിട്ടുണ്ട്. നാടുകടത്തപ്പെടുന്നവരോട് മാനുഷിക പരിഗണന ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയുമായി ബന്ധം പുലർത്തുന്നതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ അപേക്ഷ പരിശോധിക്കും

കേരളത്തിലെ അനധികൃത യുഎസ് റിക്രൂട്ട്‌മെന്റ് സെന്ററുകൾക്കെതിരേ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന പോലീസിന്റെ അപേക്ഷ പരിശോധിക്കുമെന്ന് വിദേശ കാര്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗ് എംപി ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് 531 അപേക്ഷ വിദേശ മന്ത്രാലയത്തിന് നൽകിയതായും 17 എണ്ണത്തിൽ നടപടി സ്വീകരിക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.

വിദ്യാർഥികളുടെതടക്കം ആറായിരത്തോളം എച്ച് വൺ വിസ റദ്ദാക്കിയെന്നും സാമൂഹിക മാധ്യമങ്ങളിൽ ഗാസയ്ക്കടക്കം ഐക്യദാർഢ്യം പ്രഖ്യാപിച്ച കാരണങ്ങളാലാണിതെന്നും ഇക്കാര്യത്തിൽ ഇടപെടുമോയെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. എന്നാൽ വിസ അനുവദിക്കുന്നത് അവരുടെ പരമാധികാരമാണെന്നും ചെറിയ തെറ്റുകളിൽപ്പോലും വിദ്യാർഥികളുടെ വിസ റദ്ദാക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Content Highlights: India`s government protests the US`s alleged mistreatment of deportees. Over 3,200 sent back this year. Details and latest updates.