ചബഹാർ തുറമുഖത്തിന് ബജറ്റിൽ പണമില്ല; ഇന്ത്യയ്ക്കും ഇറാനും ഒരുപോലെ നിരാശാജനകം- അബ്ബാസ് അരാഘ്ചി

#ന്യൂസ് ഡെസ്ക്
അബ്ബാസ് അരാഘ്ചി | Photo: Getty Images
അബ്ബാസ് അരാഘ്ചി | Photo: Getty Images

ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബാഹർ തുറമുഖ വികസനത്തിനായി ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഇന്ത്യ ഫണ്ട് വകയിരുത്താത്തത് ഇന്ത്യയ്ക്കും ഇറാനും ഒരുപോലെ നിരാശാജനകമാണെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി. ഇന്ത്യൻ മഹാസമുദ്ര മേഖലയെ മധ്യേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന ഒരു 'സുവർണ്ണ കവാടം' എന്നാണ് ചബഹാർ തുറമുഖത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഈ പദ്ധതി പൂർണ്ണമായും വികസിപ്പിക്കുകയാണെങ്കിൽ ഇന്ത്യയെ സംബന്ധിച്ച് അത് വലിയൊരു നേട്ടമായി മാറുമെന്നും അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'പ്രധാനമന്ത്രി മോദി ഒരിക്കൽ പറഞ്ഞതുപോലെ, ചബഹാർ ഇന്ത്യൻ മഹാസമുദ്ര മേഖലയെ മധ്യേഷ്യ, തുടർന്ന് യൂറോപ്പ് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു സുവർണ്ണ കവാടമാണ്. ഇത് വളരെ തന്ത്രപ്രധാനമായ ഒരു തുറമുഖമാണ്. പൂർണ്ണമായി വികസിപ്പിച്ചാൽ, ഇറാനിലൂടെയുള്ള ഇന്ത്യയുടെ ബന്ധം മധ്യേഷ്യയിലേക്കും തുടർന്ന് യൂറോപ്പിലേക്കും ബന്ധിപ്പിക്കുന്നതിന് ഇതിന് പ്രധാന പങ്ക് വഹിക്കാൻ കഴിയും'- മന്ത്രി പറഞ്ഞു. ഒരു ദിവസം ഈ തുറമുഖത്തിന്റെ പൂർണ്ണ വികസനം കാണാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താനെ ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും നേരിട്ടുള്ള വ്യാപാര പാത ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ചബഹാർ പദ്ധതിയിൽ പങ്കാളിയായത്. മധ്യേഷ്യൻ വിപണികളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നതിനോടൊപ്പം പാകിസ്താനിലെ ഗ്വാദർ തുറമുഖത്തുള്ള ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനും ഇന്ത്യയ്ക്ക് ഈ പദ്ധതി അത്യന്താപേക്ഷിതമാണ്. പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സാന്നിധ്യം മേഖലയിൽ കൂടുതൽ ശക്തമാക്കാൻ ഈ തുറമുഖം സഹായിക്കും.

ചബാഹർ തുറമുഖ വികസനത്തിനായി 2024-ൽ കരാർ ഒപ്പിട്ടതിന് ശേഷം ആദ്യമായാണ് കേന്ദ്ര സർക്കാർ ബജറ്റിൽ തുകയൊന്നും നീക്കിവെക്കാതിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഓരോ വർഷവും ഏകദേശം 100 കോടി രൂപ വീതമാണ് ഈ സുപ്രധാന പദ്ധതിക്കായി ഇന്ത്യ മാറ്റിവെച്ചിരുന്നത്. ഇറാന്റെ തെക്കുകിഴക്കൻ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന്റെ വികസനത്തിൽ ഇന്ത്യ ഇപ്പോഴും ഒരു പ്രധാന പങ്കാളിയായി തുടരുന്നുണ്ടെങ്കിലും ബജറ്റിൽ പണമനുവദിക്കാതിരുന്ന  തീരുമാനത്തിൽ ഇറാന് കടുത്ത അതൃപ്തിയുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമായതാണ് ഇത്തരമൊരു നടപടിയിലേക്ക് ഇന്ത്യയെ നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാനെതിരെ അമേരിക്ക കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചബഹാർ പദ്ധതിയിൽ സഹകരിക്കാൻ ഇന്ത്യയ്ക്ക് നൽകിയിരുന്ന ഇളവ് ഏപ്രിൽ 26ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ ചബഹാർ സംബന്ധിച്ച വിഷയങ്ങളിൽ ഇന്ത്യ അമേരിക്കയുമായി സജീവമായ ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മുമ്പ് വ്യക്തമാക്കിയിരുന്നു.

Content Highlights: Iran's Foreign Minister expressed disappointment over India's decision to halt funding for the Chabahar port.