സൗദിയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം, ദൃശ്യങ്ങൾ പുറത്തുവിട്ടു

സന: സംഘർഷം തുടരുന്നതിനിടെ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി യെമനിലെ ഹൂതി വിമതരുടെ അവകാശവാദം. കത്തിയമർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ എന്ന് തോന്നിക്കുന്ന ദൃശ്യങ്ങളും അവർ പുറത്തുവിട്ടു. എന്നാൽ സൗദി അറേബ്യ ഇക്കാര്യത്തിൽ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തദ്ദേശീയമായി നിർമിച്ച മിസൈൽ ഉപയോഗിച്ചാണ് വിമാനം വെടിവെച്ചിട്ടതെന്നാണ് ഹൂതികളുടെ അവകാശവാദം. യെമനിലുടനീളം സൗദി അറേബ്യ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും ഹൂതികൾ ആരോപിച്ചു.
'മാരിബ് പ്രവിശ്യയുടെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ നീക്കങ്ങൾ നടത്തുന്നതിനിടയിൽ സൗദി അറേബ്യയുടെ ഒരു എഫ്-15 യുദ്ധവിമാനം, തദ്ദേശീയമായി നിർമിച്ച ഒരു എയർ-ടു-എയർ മിസൈൽ ഉപയോഗിച്ച് വെടിവെച്ചിടുന്നതിൽ യെമൻ സായുധ സേന വിജയിച്ചു' ഹൂതി സൈനിക വക്താവ് എക്‌സിലൂടെ അറിയിച്ചു.വിമാനം വെടിവെച്ചിടുന്നതെന്ന് അവകാശപ്പെട്ടുള്ളതും വീഴ്ത്തിയ ശേഷമുള്ളതുമായ വീഡിയോയും ഹൂതികൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല.
പശ്ചിമേഷ്യയെ കലുഷിതമാക്കിയ ഇറാൻ-അമേരിക്ക യുദ്ധം ആറുമാസം പിന്നിട്ടതിനിടെ, യെമെനിലെ ഹൂതിവിമതരും സൗദി അറേബ്യയും പുതിയ പോർമുഖം തുറന്നതോടെ ഗൾഫ് മേഖല കൂടുതൽ സംഘർഷഭരിതമായിരിക്കുകയാണ്.
മക്കയ്ക്കുനേരേ ഹൂതികൾ ഡ്രോൺ ആക്രമണത്തിനു ശ്രമിച്ചെന്ന് സൗദി അറേബ്യ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് തെക്കുനിന്നെത്തിയ ഡ്രോൺ മക്കയുടെ നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിനു മുൻപ് വ്യോമപ്രതിരോധസംവിധാനം തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. വിശുദ്ധ മക്കയുടെയും മദീനയുടെയും തീർഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരേ ആവശ്യമായ പ്രതിരോധനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.
എന്നാൽ, മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ അയച്ചെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു. മക്കയെയോ മറ്റ് ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആരോപണം വ്യാജമാണെന്നും പറഞ്ഞു. 2017-ൽ മക്ക ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച സംഭവത്തിനുശേഷം ആദ്യമായാണ് വിശുദ്ധനാടിനുനേരേ ആക്രമണശ്രമം ആരോപിക്കപ്പെടുന്നത്. സംഭവത്തെത്തുടർന്ന് മക്കയിലും തായിഫ്, ജിദ്ദ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സുരക്ഷാ മുന്നറിയിപ്പുനൽകി.
Content Highlights: Houthis claim to have shot down a Saudi F-15 fighter jet in Marib province using an indigenous missile., Saudi Arabia has not confirmed the loss or commented on the video evidence released by the Houthis., Tensions rise as Saudi Arabia accuses Houthis of a drone attack targeting Mecca, which the group denies., The incident follows six months of the Iran-US war, further destabilizing the Middle East region.