ഹോർമുസിൽ യുഎസ് സംരക്ഷണയിൽ പോയ മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു, കടൽ മൈനിൽ തട്ടിയതെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് എണ്ണക്കപ്പലുകൾക്ക് കടൽ മൈനിൽ തട്ടി തീപിടിച്ചു. കപ്പലുകൾക്ക് തീപ്പിടിച്ച വിവരം ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) അറിയിച്ചതായി ഇറാനിയൻ വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സൈന്യത്തിന്റെ സംരക്ഷണത്തിലും അകമ്പടിയിലുമാണ് ഈ കപ്പലുകൾ സഞ്ചരിച്ചിരുന്നതെന്നും എന്നാൽ അപകടം തടയാൻ യുഎസ് പിന്തുണയ്ക്കായില്ലെന്നും ഐആർജിസി പ്രസ്താവനയിൽ ആരോപിച്ചു. അനുവാദമില്ലാതെയാണ് ഈ കപ്പലുകൾ കടലിടുക്കിലൂടെ സഞ്ചരിച്ചതെന്നും ഐആർജിസി ആരോപിച്ചു.
അനധികൃത പാതകൾ പരീക്ഷിക്കുന്നതിനും മുന്നറിയിപ്പുകൾ അവഗണിക്കുന്നതിനുമുള്ള ഇടമല്ല ഹോർമുസ് കടലിടുക്കെന്ന് ഐആർജിസി വ്യക്തമാക്കി. യുഎസ് സൈനിക സംരക്ഷണം ലഭിക്കുന്നു എന്നത് ഐആർജിസി നാവികസേനയുടെ ട്രാഫിക് കൺട്രോൾ സെന്റർ നൽകുന്ന നിർദ്ദേശങ്ങളും നാവിക നിയമങ്ങളും പാലിക്കുന്നതിന് പകരമാകില്ലെന്ന് കപ്പൽ ഉടമകൾക്കും കമാൻഡർമാർക്കും കമ്പനികൾക്കും ഐആർജിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിക്കുന്നത് ശത്രുശക്തികളുമായുള്ള സഹകരണമായി കണക്കാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐആർജിസി അറിയിച്ചു. എന്നാൽ ഇറാൻ ഉയർത്തിയ ഈ ആരോപണങ്ങളോട് യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മേഖലയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ 30-ലധികം ആക്രമണങ്ങളും നവംബറിൽ ഇതുവരെ കുറഞ്ഞത് 22 ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlights: Three oil tankers caught fire in the Hormuz strait after hitting sea mines, as reported by Iran's IRGC and news agency IRNA.