സ്ത്രീകളെ ഉപയോഗിച്ചുള്ള ചാരപ്പണി ചൈനയ്ക്ക് പുത്തരിയല്ല; ഹണിട്രാപ് ആയുധമാക്കിയ ചൈനീസ് സുന്ദരിമാർ

#ന്യൂസ് ഡെസ്ക്ക്
ആലിസ് ഹുവാങ്, എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ്ങും ആലിസും | Photos: X
ആലിസ് ഹുവാങ്, എന്‍വിഡിയ സിഇഒ ജെന്‍സണ്‍ ഹുവാങ്ങും ആലിസും | Photos: X

പ്രമുഖരെ ലക്ഷ്യമിട്ട് പ്രണയബന്ധങ്ങൾ സ്ഥാപിക്കുന്നതിന് സ്ത്രീകളെ നിയോഗിക്കുകയും അവർ മുഖേന തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുകയും ചെയ്യുക എന്നത് അധികാരം കൈയ്യാളുന്നവർ കാലാകാലങ്ങളായി ചെയ്തുവന്നതാണ്. രാഷ്ട്രങ്ങളും വൻകിട കമ്പനികളും വ്യക്തികളുമൊക്കെ ഇത്തരത്തിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്തെ അതികായനായ എൻവിഡിയയുടെ സി.ഇ.ഒ ജെൻസൻ ഹുവാങിനെ ചുറ്റിപ്പറ്റിയുള്ള വിവാദമാണ് ഹണിട്രാപ്പ് ചാരവൃത്തിയെ വീണ്ടും ചർച്ചയാക്കുന്നത്.

ചൈനീസ് വ്യവസായിയായ ആലീസ് ഹുവാങുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് ജെൻസൻ ഹുവാങ് സമ്മതിച്ചതോടെയാണ് വിവാദം ശക്തമായത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുള്ളയാളാണ് ആലീസ് ഹുവാങെന്നും എൻവിഡിയ മേധാവിയുമായി അടുപ്പം സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കാനും ചൈനയിലേക്കുള്ള അത്യാധുനിക എ.ഐ ചിപ്പുകളുടെ വിൽപ്പനയിൽ സ്വാധീനം ചെലുത്താനുമായിരുന്നു അവരുടെ ലക്ഷ്യമെന്നുമാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

ചാരവൃത്തിക്ക് വേണ്ടി ഹണിട്രാപ്പ് തന്ത്രങ്ങൾ ഉപയോഗിക്കുന്നത് ചൈനയുടെ ചരിത്രത്തിൽ പുതുമയുള്ള കാര്യമല്ല. പലകാലങ്ങളിൽ പല സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ് തന്ത്രങ്ങളിലൂടെ വിവരങ്ങൾ ചോർത്തുകയും രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. അവയിൽ ചിലത് പരിശോധിക്കാം:

ഷി പെയ് പുവിന്റെ വിചിത്ര ഹണി ട്രാപ്പ്

ചൈനീസ് ചാരവ‍ൃത്തി സംബന്ധിച്ച ഏറ്റവും വിചിത്രമായ ഹണി ട്രാപ്പ് കേസാണിത്. ചൈനീസ് ഓപ്പറ ഗായകനായ ഷി പെയ് പു എന്ന പുരുഷനാണ് ഈ സംഭവത്തിലെ നായകൻ. ഒരു സ്ത്രീയാണെന്ന വ്യാജേനയാണ് ഷി പെയ് പു ബോർസിക്കോട്ട് എന്ന ഫ്രഞ്ച് നയതന്ത്രജ്ഞനെ പരിചയപ്പെടുന്നത്. ചില പ്രത്യേക കാരണങ്ങളാൽ പുരുഷനെപ്പോലെ വസ്ത്രം ധരിക്കാൻ നിർബന്ധിതനായതാണെന്ന് ബോർസിക്കോട്ടിനെ വിശ്വസിപ്പിച്ചു. ഇരുവരും തീവ്രമായ പ്രണയബന്ധത്തിലായി.

വിലയ്ക്കുവാങ്ങിയ ഒരു കുട്ടിയെ തങ്ങളുടെ സ്വന്തം മകനായി ബോർസിക്കോട്ടിന് മുന്നിൽ അവതരിപ്പിക്കാൻ പോലും ഷി പെയ് പുവിന് കഴിഞ്ഞു. 500-ലധികം അതീവ രഹസ്യ സ്വഭാവമുള്ള ഫ്രഞ്ച് നയതന്ത്ര രേഖകൾ ചൈനീസ് ഇന്റലിജൻസിന് കൈമാറാൻ ഇയാൾ ബോർസിക്കോട്ടിനെ നിർബന്ധിച്ചു. തുടർന്ന് 1986-ൽ ഫ്രാൻസിൽ വെച്ച് ഇരുവരും അറസ്റ്റിലാവുകയും ചാരവൃത്തിക്ക് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തെ ആധാരമാക്കിയാണ് M Butterfly എന്ന സിനിമയും നാടകവും ഉണ്ടായത്.

തായ്‌വാൻ ജനറൽ അകപ്പെട്ട പ്രണയക്കെണി

ചൈനയുടെ ചാരപ്രവർത്തനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നാണ് തായ്‌വാൻ സൈനിക ഉദ്യോഗസ്ഥനായ മേജർ ജനറൽ ലോ ഷിയാൻചെയുടെ കേസ്. സൈനിക ചുമതല വഹിച്ചിരുന്ന കാലത്താണ് ലോ ഒരു യുവതിയുമായി പരിചയപ്പെടുന്നത്. ഓസ്‌ട്രേലിയൻ പാസ്‌പോർട്ടുള്ള ബിസിനസുകാരിയെന്ന നിലയിലാണ് യുവതി പരിചയപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. പിന്നീട് ഇരുവരും പ്രണയബന്ധത്തിലായി.

യുവതി പണവും വൈകാരിക അടുപ്പവും ഉപയോഗിച്ച് ലോയിൽനിന്ന് സൈനികവിവരങ്ങൾ ശേഖരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം രാജ്യത്തിന്റെ സൈനിക ആശയവിനിമയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ ചൈനയ്ക്ക് കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം. 2011-ൽ അറസ്റ്റിലായ ലോയ്ക്ക് 2012-ൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഉന്നതപദവിയിലുള്ള ഒരാൾ വഴിവിട്ട വ്യക്തിബന്ധത്തിലൂടെ രാജ്യസുരക്ഷയെ കുറിക്കുന്ന വിവരങ്ങൾ ചോർത്തിയ സംഭവം തായ്‌വാനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

എഫ്ബിഐ ഉദ്യോഗസ്ഥനെപ്പോലും കബളിപ്പിച്ച കത്രീന ല്യൂങ്

അമേരിക്കൻ രഹസ്യാന്വേഷണ ചരിത്രത്തിലെ ശ്രദ്ധേയമായ കേസുകളിലൊന്നാണിത്. ചൈനീസ് വംശജയായ ല്യൂങിനെ 1982-ൽ എഫ്ബിഐ വിവരദാതാവായി നിയോഗിച്ചിരുന്നു. എഫ്ബിഐ ഉദ്യോഗസ്ഥനായ ജെയിംസ് സ്മിത്തുമായി വർഷങ്ങളോളം വ്യക്തിബന്ധം പുലർത്തിയിരുന്ന ല്യൂങ്, ഈ ബന്ധം ഉപയോഗിച്ച് രഹസ്യവിവരങ്ങൾ ചോർത്തി ചൈനയ്ക്ക് കൈമാറിയെന്ന് ആരോപണമുയർന്നു. ല്യൂങ് ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം പുലർത്തിയിരുന്നതായും അമേരിക്കയുടെ രഹസ്യവിവരങ്ങൾ ചോർത്തിയതായും കണ്ടെത്തി.

2003-ൽ ഇവർക്കെതിരെ കേസെടുത്തു. രഹസ്യാന്വേഷണ സംവിധാനത്തിനുള്ളിൽത്തന്നെ നിലനിൽക്കുന്ന വിശ്വാസവഞ്ചനയും സുരക്ഷാവീഴ്ചയും ‌ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഈ കേസ്

അമേരിക്കൻ രാഷ്ട്രീയത്തെ വലച്ച ക്രിസ്റ്റീൻ ഫാങ്

അമേരിക്കൻ രാഷ്ട്രീയരംഗത്ത് ചൈനീസ് ചാരപ്രവർത്തനത്തെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്കിടയാക്കിയ പേരാണ് ക്രിസ്റ്റീൻ ഫാങ് അഥവാ ഫാങ് ഫാങ്. അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ സജീവമായിരുന്ന ഫാങ് നിരവധി പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയ പരിപാടികളിലും ധനസമാഹരണ പരിപാടികളിലും പങ്കെടുത്ത അവർ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം എറിക് സ്വാൽവെല്ലുമായും അടുത്ത ബന്ധം സ്ഥാപിച്ചു.

ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നുവെന്ന സംശയത്തെത്തുടർന്ന് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചു. ഇതോടെ അവർ അമേരിക്ക വിട്ട് ചൈനയിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

അമേരിക്കൻ രാഷ്ട്രീയരംഗത്തെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യമെന്നായിരുന്നു അന്വേഷണ ഏജൻസികളുടെ സംശയം. എന്നാൽ, സ്വാൽവെല്ലുമായി ലൈംഗികബന്ധമുണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണമില്ല. ഫാങ് ചൈനീസ് ചാരയാണെന്ന ആരോപണവും പരസ്യമായി കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.

പണവും സമ്മാനങ്ങളും നൽകിയും മറ്റുചിലപ്പോൾ വൈകാരിക സമ്മർദവും ബ്ലാക്ക്‌മെയിലിങ്ങും ഉപയോഗിച്ചുമാണ് ഹണി ട്രാപ്പ് വഴി വിവരങ്ങൾ നേടുന്നത്. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുത്തി പുറത്തുവന്ന ഇത്തരം കേസുകൾ ഈ തന്ത്രത്തിന്റെ സങ്കീർണത വ്യക്തമാക്കുന്നതാണ്.

Content Highlights: Honey traps are used by intelligence agencies to exploit emotional bonds and gather classified secrets., Nvidia CEO Jensen Huang faces controversy over an alleged affair linked to Chinese intelligence., Historical honey trap cases include Shi Pei Pu, Lo Hsiang-chien, Katrina Leung, and Christine Fang.