ശതകോടികളുടെ തട്ടിപ്പ്; ചൈനീസ് കോടീശ്വരൻ ഗുവോ വെംഗൂയിക്ക് അമേരിക്കയിൽ 30 വർഷം തടവ്

#ന്യൂസ് ഡെസ്ക്
ഗുവോ വെങ്കു | X accont image by Guo Wengui
ഗുവോ വെങ്കു | X accont image by Guo Wengui

ന്യൂയോർക്ക്‌: അതിസമ്പന്നന്മാർക്കു മാത്രമുള്ള ഫ്‌ളോറിഡയിലെ മാർ എ ലാഗോ ഗോൾഫ് ക്ലബ് അംഗമായ ചൈനീസ് കോടീശ്വരൻ ഗുവോ വെംഗൂയിക്ക് ക്രിപ്‌റ്റോ നിക്ഷേപ തട്ടിപ്പ്‌ കേസിൽ 30 വർഷം കഠിനതടവ് ശിക്ഷ. ന്യൂയോർക്കിലെ ഫെഡറൽ കോടതിയാണ് വിധി പറഞ്ഞത്. ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപ തട്ടിപ്പ് കേസിലാണ് വിധി. ചൈനയിലെ ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന ഗുവോയെ ഓൺലൈൻ ഫോളോവേഴ്‌സിനെ കബളിപ്പിച്ച് നടത്തിയ തട്ടിപ്പിനാണ് ശിക്ഷിച്ചത്‌. 30 വർഷം തടവിന് പുറമെ 899 മില്യൺ ഡോളർ കണ്ടുകെട്ടാനും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

റാക്കെറ്റിങ്, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുൾപ്പെടെ 12 കുറ്റങ്ങളിൽ 9 എണ്ണത്തിലാണ് ഏഴാഴ്ച്ച നീണ്ട വിചാരണക്ക് ശേഷം ഗുവോ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 2018 മുതൽ 2023 വരെ ഗുവോ  ഓൺലൈൻ ഫോളോവേഴ്‌സിനെ ലക്ഷ്യമിട്ട് ക്രിപ്‌റ്റോ നിക്ഷേപ പദ്ധതികളിലൂടെ ഒരു ബില്യൺ ഡോളറിലധികം കൈക്കലാക്കി. ആ പണം ഉപയോഗിച്ച് 50,000 ചതുരശ്ര അടിയുള്ള ആഡംബര മാളിക, 10 ലക്ഷം ഡോളറിന്റെ ലംബോർഗിനി കാർ, 3.7 കോടി ഡോളറിന്റെ ആഡംബര വള്ളം, മറ്റ് ആഡംബരവസ്തുക്കൾ എന്നിവ ഗുവോ സ്വന്തമാക്കിയെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.

ലോകമെമ്പാടുമുള്ള 1000-ത്തിലധികം ആളുകൾക്ക് നൂറുകണക്കിന് മില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചൈനയിൽ ജനാധിപത്യം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരെ ഇരകളാക്കിയാണ് ഗുവോ ആഡംബര ജീവിതം നയിച്ചതെന്ന് കോടതി വിമർശിച്ചു.

ചൈനയിൽ പ്രോപ്പർട്ടി ഡെവലപ്പർ ആയി സമ്പത്തുണ്ടാക്കിയ ഗുവോ, ചൈനീസ് അധികാരികളുമായി ബിസിനസ് ബന്ധം പുലർത്തിയിരുന്നു. 2017-ൽ അഴിമതി ആരോപണത്തെത്തുടർന്നാണ് ഗുവോ യുഎസിലേക്ക് കുടിയേറിയത്.  അമേരിക്കയിൽ എത്തിയ ശേഷം ഗുവോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടുത്ത വിമർശകനായി മാറി. വലിയ തോതിൽ ഓൺലൈൻ ഫോളോവേഴ്‌സ്  ഉണ്ടായിരുന്നു. ട്രംപിന്റെ ഉപദേഷ്ട്ടാവ് സ്റ്റീവ് ബന്നാനുമായി ചേർന്ന് 2020-ൽ ന്യൂ ഫെഡറൽ സ്റ്റേറ്റ് ഓഫ് ചൈന എന്ന പേരിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ എതിർക്കുന്ന രാഷ്ട്രീയപ്രചാരണവും ആരംഭിച്ചിരുന്നു.

2017 മാർച്ചിൽ ഫ്‌ളോറിഡയിലെ മാർ എ ലാഗോ റിസോർട്ടിൽവെച്ചുള്ള ഗുവോയുടെ ചിത്രങ്ങൾ ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. 2023-ൽ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സെൻട്രൽ പാർക്കിനു മുൻവശത്തെ ആഡംബര അപ്പാർട്‌മെന്റിൽ ആയിരുന്നു താമസം. കോടതി ശിക്ഷ വിധിക്കും മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാനാണ് താൻ യുഎസിൽ വന്നതെന്ന്‌ ഗുവോ പറഞ്ഞിരുന്നു. 30 വർഷ ശിക്ഷത്തെ കൂടുതലാണെന്നും ഇതിനെതിരെ അപ്പീൽ പോകുമെന്നുമാണ് ഗുവോയുടെ നിലപാട്.

Content Highlights: Guo Wengui sentenced to 30 years for a $1 billion investment fraud., Court ordered $899 million in forfeiture and restitution., Convicted on 9 of 12 counts including racketeering and money laundering., Used funds for luxury assets like yachts, mansions, and Lamborghinis., Targeted online followers under the guise of anti-CCP political activism.