റഫാൽ വിമാനം തകർത്തെന്ന പാകിസ്താന്റെ പച്ചക്കള്ളം പൊളിച്ച് ഫ്രഞ്ച് നാവികസേന; വ്യാജവാർത്തയെന്ന് സ്ഥിരീകരണം

#ന്യൂസ് ഡെസ്ക്
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇൻസൈറ്റിൽ ഫ്രഞ്ച് നേവിയുടെ പോസ്റ്റ് | Photo: AP, x.com/MarineNationale
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇൻസൈറ്റിൽ ഫ്രഞ്ച് നേവിയുടെ പോസ്റ്റ് | Photo: AP, x.com/MarineNationale

ന്യൂഡൽഹി: ഇന്ത്യക്കെതിരായ പാക് അജണ്ട പൊളിച്ച് ഫ്രഞ്ച് നാവികസേന. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്താൻ നടത്തിയ തെറ്റായ പ്രചാരണം ഫ്രാൻസ് തള്ളി. ഇന്ത്യൻ സേനയെക്കാൾ മികച്ചതാണ് തങ്ങളുടേതെന്ന് വരുത്തിത്തീർക്കാനുള്ള പാക് മാധ്യമങ്ങളുടെ ശ്രമമാണ് ഫ്രാൻസിന്‍റെ നാവികസേന തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കൂടി പൊളിച്ചത്.

ഓപ്പറേഷൻ സിന്ദൂറിനിടെ ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനമായ റഫാൽ പാകിസ്താൻ തകർത്തെന്ന് ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത് തീർത്തും വ്യാജമെന്നാണ് ഫ്രഞ്ച് നേവി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

പാക് സൈന്യം എല്ലാത്തിനും സജ്ജമായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാക് സൈന്യത്തിനായിരുന്നു മേൽക്കൈ എന്നും ജിയോ ടിവി എന്ന പാക് മാധ്യമത്തിലെ ലേഖനത്തിൽ പറഞ്ഞിരുന്നു. ക്യാപ്റ്റൻ ജാക്വസ് ലോണയ് എന്ന സൈനികനെ ഉദ്ധരിച്ചായിരുന്നു ജിയോ ടിവിയുടെ ലേഖനം. ഇന്തോ-പസഫിക് സമ്മേളനത്തിലാണ് ക്യാപ്റ്റന്റെ വെളിപ്പെടുത്തലെന്നും വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് തീർത്തും വ്യാജമെന്നാണ് ഫ്രഞ്ച് നാവികസേന വ്യക്തമാക്കിയിരിക്കുന്നത്.

പാക് മാധ്യമത്തിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത്തരത്തിൽ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം പ്രസ്താവന നടത്താൻ ആർക്കും അനുവാദം നൽകിയിട്ടില്ല, ഫ്രഞ്ച് നേവി പറഞ്ഞു. ലേഖനത്തിൽ പരാമർശിക്കുന്ന സൈനികന്റെ ആദ്യ പേര് ജാക്വസ് അല്ലെന്നും യുവാൻ ആണെന്നും കുറിപ്പിൽ പറയുന്നു.

Content Highlights: French Navy Debunks Pakistan's False Claims Regarding Rafale Aircraft