റോപ് കെട്ടാൻ മറന്നു; ബ്രസീലിൽ ബഞ്ചി ജമ്പിങ്ങിനിടെ 21-കാരി 130 അടി താഴ്ചയിലേക്ക് വീണു മരിച്ചു

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിൽ ബഞ്ചി ജമ്പിങ്ങിനിടെ സുരക്ഷയ്ക്കായി റോപ് ശരീരത്തിൽ ബന്ധിപ്പിക്കുന്നതിന് മുൻപ് പാലത്തിൽ നിന്ന് താഴേക്ക് തള്ളിയതിനെത്തുടർന്ന് 21-കാരിക്ക് ദാരുണാന്ത്യം. 130 അടി താഴ്ചയിലേക്ക് വീണാണ് യുവതി മരിച്ചത്. മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് സ്കെലിറ്റൺ ബ്രിഡ്ജിൽ നടന്ന അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ജീവനക്കാർ യുവതിയെ പാലത്തിന്റെ അരികിലേക്ക് കൊണ്ടുപോവുകയും താഴേക്ക് റിലീസ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടം നടന്ന സമയത്ത് മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു. യുവതി താഴേക്ക് വീഴുന്നത് കണ്ടുനിന്നവർ റോപ് ശ്രദ്ധിക്കൂ എന്ന് നിലവിളിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കേൾക്കാം. സേഫ്റ്റി റോപ് ശരീരത്തിൽ ഘടിപ്പിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ യുവതി കൊക്കയിലേക്ക് പതിച്ചിരുന്നു. മരണം നേരിൽ കണ്ട ആഘാതത്തിൽ മരിയയുടെ പ്രതിശ്രുത വരൻ കുഴഞ്ഞുവീണു.
മരണത്തിന് തൊട്ടുമുൻപ് മരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ നൊമ്പരമായി മാറുകയാണ്. ജമ്പ് സൈറ്റിൽ നിന്നുള്ള ചിത്രത്തിനൊപ്പം "ഒരു പാലത്തിൽ നിന്ന് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്?" എന്ന് മരിയ തമാശരൂപേണ കുറിച്ചിരുന്നു. അപകടത്തിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സാഹസിക വിനോദം സംഘടിപ്പിച്ചവർക്കെതിരെ കടുത്ത ക്രിമിനൽ നടപടിയുണ്ടാകുമെന്ന് സിവിൽ പോലീസ് അറിയിച്ചു.
അപകടസാധ്യത നിലനിൽക്കുന്ന ഈ പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിലും പ്രവേശനം നിയന്ത്രിക്കുന്നതിലും വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലിമേറ മേയർ മുറിലോ ഫ്ലിക്സ് രംഗത്തെത്തി. ഫെഡറൽ ഗവൺമെന്റിന് ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ പ്രോട്ടോക്കോളുകളിൽ വന്ന പിഴവുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Content Highlights: A 21-year-old woman died in a fatal bungee jump in Brazil after safety protocols failed.