ചാടണോ വേണ്ടയോ? ഒരു മണിക്കൂറോളം ചര്‍ച്ച; ഒടുവില്‍ പൈലറ്റ് ചാടി, പിന്നാലെ F35 വിമാനം പൊട്ടിത്തെറിച്ചു

അലാസ്‌ക: വിമാനത്തില്‍ യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപദേശത്തിനായാണ് യുദ്ധവിമാനമായ എഫ് 35-ന്റെ പൈലറ്റ് എഞ്ചിനീയര്‍മാരുമായി ബന്ധപ്പെട്ടത്. എന്നാല്‍, എത്രയുംവേഗം പോംവഴി കണ്ടെത്തി അവര്‍ തന്നെയും വിമാനത്തെയും രക്ഷിക്കുമെന്ന് കരുതിയ പൈലറ്റിന് തെറ്റി. ഏകദേശം ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ പൈലറ്റ് യുദ്ധവിമാനത്തില്‍നിന്നു സ്വയം ഇജക്ട് ചെയ്തു, പിന്നാലെ വിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി താഴെവീണു.
തമാശയായി തോന്നുമെങ്കിലും, പൈലറ്റിനെ സംബന്ധിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലെ 50 മിനിറ്റുകളായിരുന്നു അത്. അലാസ്‌കയില്‍ ഈ വര്‍ഷം ആദ്യമാണ് സംഭവം നടന്നത്. ഇത്തരം അപകടങ്ങളുമായി ബന്ധപ്പെട്ട് ഈ ആഴ്ച പുറത്തിറങ്ങിയ റിപ്പോര്‍ട്ടിലൂടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.
യുഎസിലെ ഫെയര്‍ബാങ്ക്സിലെ എയ്ല്‍സണ്‍ എയര്‍ഫോഴ്സ് ബേസില്‍ ജനുവരി 28-നാണ് അപകടമുണ്ടായത്. വിമാനം നിലംപതിക്കുന്നതിന് മുന്‍പ്, തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായാണ് യുഎസ് എയര്‍ഫോഴ്സിലെ എഫ്-35 പൈലറ്റ്, വിമാന നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനിലെ എഞ്ചിനീയര്‍മാരുമായി സംസാരിച്ചത്. കോണ്‍ഫറന്‍സ് കോള്‍ 50 മിനിറ്റോളം നീണ്ടു, ഈ സമയമെല്ലാം പൈലറ്റ് ജീവനും കൈയില്‍പിടിച്ച് ആകാശത്ത് വട്ടമിടുകയായിരുന്നു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വിമാനം നേരെ താഴേക്ക് പതിച്ച് പൊട്ടിത്തെറിച്ച് ഒരു തീഗോളമാകുന്നതാണ് കാണാനാവുക. പൈലറ്റ് സുരക്ഷിതമായി പുറത്തുചാടി, നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ 200 മില്യണ്‍ ഡോളര്‍(1750 കോടി രൂപ) വിലമതിക്കുന്ന യുദ്ധവിമാനം പൂര്‍ണമായും പൊട്ടിത്തകര്‍ന്നു.
വ്യോമസേന നടത്തിയ അന്വേഷണത്തില്‍, എഫ് 35-ന്റെ മുന്‍ഭാഗത്തെയും പ്രധാന ലാന്‍ഡിംഗ് ഗിയറുകളിലെയും ഹൈഡ്രോളിക് ലൈനുകളില്‍ ഐസ് കട്ടപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ലാന്‍ഡിംഗ് ഗിയറുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതിന് തടസമായി. ടേക്ക് ഓഫിന് ശേഷം പൈലറ്റ് ലാന്‍ഡിംഗ് ഗിയര്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ണ്ണമായി മടങ്ങിയില്ല. വീണ്ടും താഴ്ത്തിയപ്പോള്‍, അത് നേരെ നില്‍ക്കാതെ ഇടത്തേക്ക് ചരിഞ്ഞ് ഉറച്ചുപോയി. ലാന്‍ഡിംഗ് ഗിയര്‍ ശരിയാക്കാനുള്ള ശ്രമങ്ങള്‍, 'യുദ്ധവിമാനം നിലത്താണ്' എന്ന സന്ദേശമാണ് അതിന്റെ സിസ്റ്റത്തിന് നല്‍കിയത്. ഇതാണ് അപകടത്തിന് കാരണമായത്.
തകരാറിലായ മുന്‍ഭാഗത്തെ ഗിയര്‍ നേരെയാക്കാനായി, വിമാനം അല്‍പ്പനേരം നിലം തൊടുന്ന 'ടച്ച് ആന്‍ഡ് ഗോ' ലാന്‍ഡിംഗുകള്‍ക്ക് പൈലറ്റ് രണ്ട് തവണ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ആ ശ്രമങ്ങള്‍ മുന്‍ചക്രം നേരെയാക്കുന്നതില്‍ പരാജയപ്പെടുകയും ഇടത്തെയും വലത്തെയും പ്രധാന ലാന്‍ഡിംഗ് ഗിയറുകള്‍ ഉറച്ചുപോകുന്നതിനും കാരണമായി. ഇതിന്റെ ഫലമായി യഥാര്‍ത്ഥ ലാന്‍ഡിംഗിനായി മുന്‍ചക്രം പൂര്‍ണമായി വികസിപ്പിക്കാന്‍ കഴിയാതെ വന്നു.
ആ സമയത്ത്, എഫ് 35-ന്റെ സെന്‍സറുകള്‍ വിമാനം നിലത്താണെന്ന് സൂചിപ്പിക്കുകയും കമ്പ്യൂട്ടര്‍ സിസ്റ്റം 'ഓട്ടോമേറ്റഡ് ഗ്രൗണ്ട്-ഓപ്പറേഷന്‍ മോഡിലേക്ക്' മാറുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാനായി സിസ്റ്റം ചെക്‌ലിസ്റ്റുകൾ പരിശോധിച്ച ശേഷം, വിമാനം എയര്‍ ബേസിനടുത്ത് പറത്തുന്നതിനിടയിലാണ് പൈലറ്റ് വിമാന നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനിലെ എഞ്ചിനീയര്‍മാരുമായി കോണ്‍ഫറന്‍സ് കോളില്‍ ബന്ധപ്പെട്ടത്. ഒരു സീനിയര്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍, ഒരു ഫ്‌ലൈറ്റ് സേഫ്റ്റി എഞ്ചിനീയര്‍, ലാന്‍ഡിംഗ് ഗിയര്‍ സിസ്റ്റങ്ങളില്‍ വൈദഗ്ധ്യമുള്ള മൂന്ന് പേര്‍ എന്നിവരുള്‍പ്പെടെ അഞ്ച് എഞ്ചിനീയര്‍മാരാണ് ആ കോളില്‍ പങ്കെടുത്തിരുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനം പറക്കുകയായിരുന്നുവെങ്കിലും അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം വിമാനം നിലത്താണ് എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചത്. ഇത് വിമാനത്തെ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലാക്കി. ഇതോടെയാണ് പൈലറ്റ് വിമാനത്തില്‍നിന്നു പുറത്തുചാടാന്‍ തീരുമാനിച്ചത്. വിമാനത്തിന്റെ മുന്‍ഭാഗത്തെയും വലത് പ്രധാന ലാന്‍ഡിംഗ് ഗിയറുകളിലെയും ഹൈഡ്രോളിക് സിസ്റ്റങ്ങളില്‍ ഒട്ടും വെള്ളം ഉണ്ടാകാന്‍ പാടില്ലാതിരുന്നിട്ടും, അതിലെ ദ്രാവകത്തിന്റെ മൂന്നിലൊന്ന് വെള്ളമായിരുന്നുവെന്ന് അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.
അപകടം നടന്ന് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം അതേ ബേസിലെ മറ്റൊരു എഫ് 35 വിമാനത്തിലും പറക്കലിനിടെ സമാനമായ ഹൈഡ്രോളിക് ഐസിംഗ് പ്രശ്‌നം അന്വേഷണത്തില്‍ കണ്ടെത്തി, എന്നാല്‍ ആ വിമാനത്തിന് അപകടമൊന്നും കൂടാതെ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.
അപകടത്തിന് ഏകദേശം ഒമ്പത് മാസം മുന്‍പ്, 2024 ഏപ്രിലിലെ ഒരു മെയിന്റനന്‍സ് ന്യൂസ് ലെറ്ററിൽ, കഠിനമായ തണുപ്പില്‍ എഫ് 35-ന്റെ സെന്‍സറുകള്‍ക്കുണ്ടാകുന്ന ഈ പ്രശ്‌നത്തെക്കുറിച്ച് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്നതായി പറയുന്നു. ഈ പ്രശ്‌നം, പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ പ്രയാസമുണ്ടാമെന്ന് ആ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു. അപകടം നടക്കുമ്പോള്‍ താപനില -1 ഡിഗ്രി ഫാരന്‍ഹീറ്റ് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമാനത്തില്‍വെച്ച് നടന്ന കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുത്തവരുടേത് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തീരുമാനങ്ങള്‍, ഹൈഡ്രോളിക് ദ്രാവകത്തിന്റെ സംഭരണവും വിതരണവും മേല്‍നോട്ടം വഹിക്കുന്ന അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രോഗ്രാമിലെ മേല്‍നോട്ടക്കുറവ്, വിമാനത്തിന്റെ ഹൈഡ്രോളിക്‌സ് സര്‍വീസിംഗ് നടപടിക്രമങ്ങള്‍ ശരിയായി പാലിക്കാത്തത് എന്നിവയെല്ലാം അപകടത്തിന് കാരണമായി എന്നാണ് എയര്‍ഫോഴ്‌സിന്റെ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിന്റെ നിഗമനം.
യുകെയുടെ എഫ് 35 വിമാനം പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറുകൾ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ദിവസങ്ങളോളം കുടുങ്ങിയിരുന്നു. ബ്രിട്ടണിൽനിന്ന് സാങ്കേതിക വിദഗ്ധർ എത്തിയ ശേഷമാണ് വിമാനം തിരിച്ചുകൊണ്ടുപോവാനായത്.
Content Highlights: f35 fighter jet crashed in alaska pilot held 50 minute airborne conference call with engineers world