‘എട്ട് നൊബേൽ ലഭിക്കേണ്ടതായിരുന്നു’; അതൃപ്തിയുമായി ട്രംപ്, ‘നവി പിള്ള കേട്ടുകേൾവി പോലുമില്ലാത്ത വ്യക്തി‘

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ്, നവി പിള്ളേ | Photo: AP
ഡൊണാൾഡ് ട്രംപ്, നവി പിള്ളേ | Photo: AP

വാഷിങ്ടൺ: ഇത്തവണയും സമാധാനനൊബേൽ ലഭിക്കാത്തതിന്റെ പരിഭവംപറഞ്ഞ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഞാൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങൾ കണക്കിലെടുത്ത് എനിക്ക് എട്ട് നൊബേൽ ലഭിക്കേണ്ടതായിരുന്നു” എന്നാണ് പ്രതികരണം. ഇന്ത്യ- പാക് യുദ്ധം തടഞ്ഞതിലൂടെ അഞ്ചുകോടി മനുഷ്യരുടെ ജീവൻ രക്ഷിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽനിന്ന് തടഞ്ഞതായും ഇറാൻ- യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പറഞ്ഞു. സമാധാന നൊബേൽ നേടിയ ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയെ ‘കേട്ടുകേൾവിപോലുമില്ലാത്ത വ്യക്തി’യെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘‘ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ ഒരുവിഭാഗം തീവ്രആശയക്കാർ കാരണം നൊബേൽ സമാധാന പുരസ്കാരത്തിന്റെ വിശ്വാസ്യത എന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു’’ എന്നും പറഞ്ഞു.

നോർവേയ്ക്ക് ഈ തീരുമാനം മായാത്ത കളങ്കമാകുമെന്നും കൂട്ടിച്ചേർത്തു. അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്തവിരോധിയെന്ന് നവി പിള്ളയെ വിശേഷിപ്പിക്കുന്ന ഉള്ളടക്കമുള്ള കുറിപ്പും ട്രംപ് പങ്കുവെച്ചിരുന്നു.

അതേസമയം, ന്യൂറംബർഗിൽ നിയമസമ്മേളനത്തിനിടെ പുരസ്കാരവാർത്തയറിഞ്ഞ് സഹപ്രവർത്തകർ എഴുന്നേറ്റുനിന്നു കൈയടിച്ചപ്പോൾ ‘‘കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്കാരം ട്രംപുമായി പങ്കുവെച്ചേക്കാം” എന്നായിരുന്നു നവി പിള്ളയുടെ പരിഹാസം.

രണ്ടാമത് അധികാരത്തിലെത്തിയതുമുതൽ നൊബേലിൽ കണ്ണുനട്ടിരിക്കുകയാണ് ട്രംപ്. കഴിഞ്ഞതവണ കൈവിട്ടെങ്കിലും അതുകിട്ടിയ വെനസ്വേലൻ പ്രതിപക്ഷനേതാവ് കൊറീന മച്ചാഡോ പുരസ്കാരം പിന്നീട് ട്രംപിന് സമ്മാനിച്ചിരുന്നു.

Content Highlights: US President Donald Trump expressed frustration over once again missing out on the Nobel Peace Prize. Trump claimed he deserved eight Nobel awards for ending eight wars and saving millions of lives in various regions. He criticized Nobel laureate Navi Pillay, describing the Indian-origin South African jurist as an unknown figure. Trump asserted that the credibility of the Nobel Peace Prize has been permanently lost due to extremist ideologies. Navi Pillay playfully mocked Trump's complaints during a law conference in Nuremberg following the announcement.