'വെനസ്വേല ഏറ്റെടുക്കും'; ആക്രമണം വിശദീകരിച്ച് ട്രംപ്, മഡുറോയുടെ ചിത്രം പുറത്തുവിട്ടു

വാഷിങ്ടൺ: വെനസ്വേലയിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന്റെ പിടിയിലായ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെയും ഭാര്യ സിലിയ ഫ്‌ളോറസിന്റെയും ചിത്രങ്ങൾ ട്രംപ് കുറച്ചുമുമ്പ് പുറത്തുവിട്ടിരുന്നു. മഡുറോയുടെ കയ്യാമംവെച്ച ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹത്തിനും ഭാര്യക്കും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇറാനിലെ ആക്രമണത്തിന് പിന്നാലെ വെനസ്വേലയിലും കടന്നാക്രമണം നടത്തിയിരിക്കുന്നു എന്നും ഓപ്പറേഷൻ വിജയകരമായിരുന്നു എന്നുമാണ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വെനസ്വേല ഏറ്റെടുക്കും എന്ന് പറഞ്ഞ ട്രംപ്, മഡുറോയെയും ഭാര്യയേയും യുഎസ് സൈന്യം അറസ്റ്റുചെയ്തുവെന്നും അവരെ കപ്പലിൽ അമേരിക്കയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ് എന്നും വ്യക്തമാക്കി.
അമേരിക്കയും ട്രംപ് ഭരണകൂടവും വർഷങ്ങളായി മഡുറോയെ ഒരു കുറ്റവാളിയായാണ് കണക്കാക്കുന്നത്. മഡുറോയെ പിടികൂടുന്നവർക്ക് 50 മില്യൺ ഡോളറും അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഡുറോയ്ക്കും ഭാര്യക്കുമെതിരെ രണ്ട് കേസുകളാണ് അമേരിക്കയിലെ മാൻഹട്ടൺ ഫെഡറൽ കോടതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ യുഎസ് അറ്റോണി ജനറലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
ആയുധ, ലഹരി കടത്തുകൾക്കാണ് മഡുറോയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൽപസമയം മുമ്പാണ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് യുദ്ധക്കപ്പലിൽ കണ്ണുമൂടി കയ്യാമംവെച്ചനിലയിലുള്ള മഡുറോയുടെ ചിത്രം പുറത്തുവിട്ടത്. മണിക്കൂറുകൾക്കം മഡുറോയും ഭാര്യയും ന്യൂയോർക്കിൽ എത്തുമെന്നും അമേരിക്കയിൽ അവർ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: President Trump details US operation in Venezuela, releasing images of captured Nicolas Maduro and his wife. Both face trial in the US for alleged crimes.