ആ ഫോട്ടോ എടുത്തത് നിക്ക് ഉട്ടല്ല, നാപാം പെൺകുട്ടിയുടെ ചിത്രത്തിന് അവകാശ വാദവുമായി മറ്റൊരാൾ

ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിലേറെയായി ലോകം കാണുന്ന 'യുദ്ധത്തിന്റെ ഭീകരത' വിയറ്റ്നാമില്‍നിന്ന് ക്യാമറയിലാക്കിയത് എ.പി. ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് അല്ല, മറ്റൊരാളെന്ന് അവകാശപ്പെട്ട് ഡോക്യുമെന്ററി.
1972-ല്‍ വിയറ്റ്നാമിലെ ത്രങ് ബാങ്ങില്‍ അമേരിക്കയിട്ട നാപാം ബോംബില്‍നിന്ന് രക്ഷപ്പെട്ടോടുന്ന ഒന്‍പതുവയസ്സുകാരി കിം ഫുക്കിന്റെ ചിത്രത്തിനാണ് പുതിയ അവകാശി. യുദ്ധകാലത്ത് എന്‍.ബി.സി. ചാനലിന്റെ ഡ്രൈവറായിരുന്ന എന്‍ഗുയെന്‍ താന്‍ഹ് എന്‍ഗെയാണിത്. താനെടുത്ത ഫോട്ടോ 20 ഡോളറിന് എ.പി.ക്കു വില്‍ക്കുകയായിരുന്നെന്ന് 'ദ സ്ട്രിങ്ങര്‍' എന്ന ഡോക്യുമെന്ററിയില്‍ എന്‍ഗെ പറയുന്നു.
ബാവോ എന്‍ഗുയെന്‍ സംവിധാനംചെയ്ത ഡോക്യുമെന്ററിയില്‍ വിയറ്റ്നാമിലെ എ.പി.യുടെ മുന്‍ ഫോട്ടോ എഡിറ്റര്‍ കാള്‍ റോബിന്‍സണും ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരും ഇതാണ് വാസ്തവമെന്ന് അവകാശപ്പെടുന്നു. ഫോട്ടോ ബ്യൂറോ മേധാവിയായിരുന്ന ഹോഴ്സ്റ്റ് ഫാസിന്റെ നിര്‍ദേശപ്രകാരമാണ് നിക്ക് ഉട്ടിന്റെ പേരില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചത്. കുറ്റബോധംകൊണ്ടാണ് എണ്‍പതാം വയസ്സില്‍ സത്യംപുറത്തുപറയുന്നതെന്നാണ് റോബിന്‍സന്റെ വാദം.
അന്ന് 21 വയസ്സുകാരനായിരുന്ന നിക്ക് ഉട്ടിന് ഈ ഫോട്ടോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം ലഭിച്ചിരുന്നു. നാപാം പെണ്‍കുട്ടി എന്നറിയപ്പെട്ട കിം ഫുക്കുമായി അദ്ദേഹത്തിന് ആത്മബന്ധവുമുണ്ടായി. 2017-ല്‍ അദ്ദേഹം എ.പി.യില്‍നിന്ന് വിരമിച്ചു. ഡോക്യുമെന്ററിയെക്കുറിച്ച് നിക്ക് പ്രതികരിച്ചിട്ടില്ല. 'ദ സ്ട്രിങ്ങറി'ലെ അവകാശവാദം എ.പി. നിഷേധിച്ചു. നിക്ക് ഉട്ട് തന്നെയാണ് ആ ഫോട്ടോയെടുത്തതെന്ന് അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Content Highlights: dispute over who clicked the iconic napalm girl photo