അരുണാചലിൽ വീണ്ടും ചൈനയുടെ അവകാശവാദം; സംഘർഷം കടുത്തേക്കുമെന്ന് യുഎസ് റിപ്പോർട്ട്‌

അരുണാചൽ പ്രദേശിലെ ബുംലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഇന്ത്യൻ പതാകയുമായി ഒരു ഇന്ത്യൻ പെൺകുട്ടി | Photo: Anupam Nath/ AP  (File)
അരുണാചൽ പ്രദേശിലെ ബുംലയിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ഇന്ത്യൻ പതാകയുമായി ഒരു ഇന്ത്യൻ പെൺകുട്ടി | Photo: Anupam Nath/ AP (File)

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശ് സംഘർഷ മേഖലയായി ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് പെന്റഗൺ റിപ്പോർട്ട്. അരുണാചൽ പ്രദേശിന് മേൽ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. 2049 ലക്ഷ്യമാക്കി ചൈന നടത്തുന്ന ഗ്രേറ്റ് റജുവനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി തായ്‌വാൻ, ദക്ഷിണ ചൈനാ കടലിലെ മറ്റ് പ്രാദേശിക പ്രദേശങ്ങൾക്കൊപ്പമാണ് അരുണാചൽ പ്രദേശും അവകാശപ്പെടുന്നത്. ആഗോളതലത്തിൽ പ്രവർത്തിക്കാനും പോരാടാനും വിജയിക്കാനും കഴിവുള്ള ലോകോത്തര സൈനികശക്തി രൂപപ്പെടുത്താനും ചൈന ലക്ഷ്യമിടുന്നു.

കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും നിയന്ത്രണരേഖയിൽ സൈനിക പിന്മാറ്റത്തിനായി ലക്ഷ്യമിട്ടുള്ള ഒരു കരാറിലെത്തിയിരുന്നു. എന്നാൽ, മാസങ്ങളോളം നീണ്ട ശാന്തതയ്ക്ക് ശേഷം അടുത്തിടെ അരുണാചൽ പ്രദേശിൽ സംഘർഷങ്ങൾ ഉടലെടുത്തിട്ടുണ്ട്..

കഴിഞ്ഞ മാസം, ലണ്ടനിൽനിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രേമ തോങ്ഡോക് എന്ന ഇന്ത്യൻ പൗരയെ ചൈനയിലെ ഷാങ്ഹായിൽ പുഡോങ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവെച്ചത് വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടിൽ ജനനസ്ഥലം അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. പ്രേമയുടെ പാസ്‌പോർട്ട് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.

അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ് പോർട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഭക്ഷണവും മറ്റ് സൗകര്യങ്ങളും നിഷേധിക്കപ്പെട്ടുവെന്നും പ്രേമ ആരോപിച്ചു. ഒടുവിൽ ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടാണ് യുവതിയെ മോചിപ്പിച്ചത്.

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പരാമർശിച്ച പ്രേമയെ പിന്തുണച്ച് ചെയ്ത വീഡിയോ ചെയ്ത ഒരു യൂട്യൂബറെ ചൈന തടഞ്ഞുവച്ചതും വലിയ വിവാദമായി.

അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് എക്കാലവും ചൈന അവകാശം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണ ടിബറ്റ് അല്ലെങ്കിൽ സാംഗ്നാൻ എന്നാണ് ഈ മേഖലയെ ചൈന വിശേഷിപ്പിക്കുന്നത്. 1914-ൽ ബ്രിട്ടീഷുകാർ വരച്ച മക്മോഹൻ രേഖ ചൈന അംഗീകരിക്കുന്നില്ല. അതിർത്തി നിർണ്ണയം ബ്രിട്ടനും അക്കാലത്ത് സ്വതന്ത്രമായിരുന്ന ടിബറ്റും അംഗീകരിച്ചിരുന്നു.

മുഴുവൻ അരുണാചലും, പ്രത്യേകിച്ച് തവാങും, ചൈനക്ക് വളരെ പ്രധാനപ്പെട്ട പ്രദേശങ്ങളാണ്. ആദ്യകാലങ്ങളിൽ തവാങിൽ മാത്രമാണ് ചൈന അവകാശം ഉന്നയിച്ചത്. പിന്നീട് സംസ്ഥാനം മുഴുവനായും അവകാശപ്പെട്ടു. അതിനുശേഷം, ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഇടയ്ക്കിടെ അരുണാചലിലെ സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തുവിട്ടിരുന്നു.

യുഎസ് ലഡാക്ക് സംബന്ധമായ വികസനങ്ങളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അരുണാചൽ പ്രദേശിനെക്കുറിച്ച് നിശബ്ദമായിരുന്നു. ഇപ്പോൾ അരുണാചൽ വിഷയത്തിൽ ഇന്ത്യക്കെതിരെ ചൈന നടത്തുന്ന ഭീഷണിപ്പെടുത്തലുകളും മറ്റ് തന്ത്രങ്ങളും യുഎസിന് നന്നായി അറിയാമെന്നാണ് ഉപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്, മുൻ നയതന്ത്രജ്ഞൻ മഹേഷ് സച്ച്‌ദേവ് എഎൻഐയോട് പറഞ്ഞു.

Content Highlights: China`s claim over Arunachal Pradesh escalates border tensions with India, as highlighted in a Pentagon report. Understand the implications and recent incidents.