പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായവാഗ്ദാനവുമായി കാനഡ

#ന്യൂസ് ഡെസ്ക്
മാര്‍ക്ക് കാര്‍ണി നരേന്ദ്ര മോദിക്കൊപ്പം | Photo: AP
മാര്‍ക്ക് കാര്‍ണി നരേന്ദ്ര മോദിക്കൊപ്പം | Photo: AP

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ സമുദ്രപാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കത്തിന് ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ സഹായവാഗ്ദാനവുമായി കാനഡ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (എൽ.എൻ.ജി) ദീർഘകാലാടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു.

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ വരുംപതിറ്റാണ്ടുകളിൽ ഗണ്യമായി വർധിക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വിശ്വസ്ത ഊർജപങ്കാളിയാകാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കാനഡ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക വളർച്ചയും വ്യവസായമേഖലയുടെ വിപുലീകരണവും കണക്കിലെടുക്കുമ്പോൾ, 2040-ഓടെ ഇന്ത്യയുടെ ഊർജ ഉപഭോഗം ഇരട്ടിയായേക്കാം. ഈ സാഹചര്യത്തിൽ എണ്ണ, വാതകം, ആണവോർജത്തിന് ആവശ്യമായ ധാതുക്കൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി വിതരണത്തിലൂടെയും ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളിലൂടെയും ഇന്ത്യയുടെ ഹരിത ഊർജ പരിവർത്തനത്തിന് പിന്തുണ നൽകാൻ കാനഡ സജ്ജമാണെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചർച്ചകളും ഇരുരാജ്യങ്ങൾക്കുമിടയിൽ നടന്നിട്ടുണ്ട്. ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആണവോർജ പദ്ധതികൾക്ക് വലിയ കരുത്തേകുമെന്നാണ് പ്രതീക്ഷ.

ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിലൂടെയുള്ള പാതയെമാത്രം  ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ഇതിനകംതന്നെ വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണ്. റഷ്യ, യൂറോപ്പ് തുടങ്ങിയ പുതിയ പങ്കാളികൾക്കൊപ്പം കാനഡയെയും ഉൾപ്പെടുത്തി ഇന്ധന ഇറക്കുമതി വൈവിധ്യവൽകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Content Highlights: Canada offers long-term oil and LNG supply to mitigate Gulf shipping risks., Strategic focus on meeting India's projected energy demand doubling by 2040., Collaboration on critical minerals for green energy and clean technology., Potential $2.5 billion uranium supply deal for India's nuclear power sector., Diversification of energy import sources to reduce reliance on the Strait of Hormuz.