പൗരത്വനിയമം നവീകരിക്കാൻ കാനഡ; ഇന്ത്യൻ വംശജർക്ക് നേട്ടം; വിദേശത്ത് ജനിച്ച കുഞ്ഞുങ്ങൾക്കും പൗരത്വം

ഒട്ടാവ (കാനഡ): രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.
കാനഡയുടെ പൗരത്വ നിയമങ്ങളിലെ ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് പറഞ്ഞു. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികളുള്ള കുടുംബങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതാണ് ബില്‍. മുന്‍കാല നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ക്ക് ഇത് പൗരത്വം നല്‍കും. ഈ മാറ്റങ്ങള്‍ കനേഡിയന്‍ പൗരത്വത്തെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും ഡയബ് പ്രസ്താവനയില്‍ അറിയിച്ചു.
2009-ല്‍ ഫെഡറല്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്ത നിയമപ്രകാരം, വിദേശത്ത് ജനിച്ച കനേഡിയന്‍ പൗരന്മാര്‍ക്ക്, അവരുടെ കുട്ടി കാനഡയില്‍ ജനിച്ചാല്‍ മാത്രമേ പൗരത്വം അനുവദിക്കാനാകുമായിരുന്നുള്ളൂ. എന്നാല്‍, 2023 ഡിസംബറില്‍ ഒന്റാറിയോ സുപ്പീരിയര്‍ കോടതി ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. കനേഡിയന്‍ സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തതുമില്ല.
2009-ലെ ഈ നിയമം ഒട്ടേറെപ്പേര്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കാതിരിക്കാന്‍ കാരണമായി. കനേഡിയന്‍ പൗരനായ രക്ഷിതാവും വിദേശത്താണ് ജനിച്ചതെങ്കില്‍, കാനഡയ്ക്ക് പുറത്ത് ജനിക്കുന്ന അവരുടെ കുട്ടികള്‍ക്ക് പൗരത്വം നേടാന്‍ കഴിയാത്ത സ്ഥിതിവന്നു. ജനിച്ച ഇടത്തിന്റെ പേരില്‍ മാത്രം അവര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടു. ഒട്ടേറെ ഇന്ത്യന്‍ വംശജരായ കനേഡിയക്കാര്‍ക്കും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ നിയമപ്രകാരം കുട്ടിക്ക് പൗരത്വം ലഭിക്കാന്‍, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുന്‍പ് മാതാപിതാക്കള്‍ കാനഡയില്‍ മൊത്തത്തില്‍ മൂന്ന് വര്‍ഷം തമാസിച്ചാല്‍ മതി. ആദ്യ തലമുറയ്ക്കപ്പുറം വിദേശത്ത് ജനിച്ചവര്‍ക്കും ഇത്തരത്തില്‍ കനേഡിയന്‍ പൗരത്വം കൈമാറാമെന്നും ബില്‍ സി-3 നിര്‍ദേശിക്കുന്നു. കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുന്‍പായി 1,095 ദിവസം (മൂന്ന് വര്‍ഷം) കാനഡയില്‍ താമസിച്ചിരുന്നതായി രക്ഷിതാവ് തെളിയിക്കണം. ഇത് തുടര്‍ച്ചയായ 1,095 ദിവസമല്ലെന്നും പലപ്പോഴായി കാനഡയില്‍ അത്രയും ദിവസം താമസിച്ചാല്‍ മതിയെന്നുമാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Content Highlights: Canada Modernizes Citizenship Laws: Bill C-3 Restores Rights for Families Abroad