ആകാശ് മിസൈലിനോട് താൽപ്പര്യം നഷ്ടപ്പെട്ട് ബ്രസീൽ: നോട്ടം ഇറ്റലിയുടെ ആയുധത്തില്‍

ബ്രസീലിയ: ഇന്ത്യയില്‍നിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങാനുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ബ്രസീല്‍. നയതന്ത്രബന്ധം ശക്തിപ്പെടുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീല്‍ സന്ദര്‍ശിക്കുന്ന സമയത്താണ് ആയുധ ഇടപാടില്‍ അവര്‍ക്ക് മനംമാറ്റം.
ഇന്ത്യയില്‍നിന്ന് ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന് പകരം ഇറ്റലിയുടെ എമാഡ് ( എന്‍ഹാന്‍സ്ഡ് മോഡുലാര്‍ എയര്‍ ഡിഫന്‍സ് സൊലുല്യൂഷന്‍ ) എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിനേക്കുറിച്ചാണ് ബ്രസീല്‍ ഇപ്പോള്‍ ആലോചിക്കുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ്. സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ ഉപയോഗിച്ച് അതിര്‍ത്തി ലംഘിച്ചെത്തുന്ന യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ പ്രതിരോധിക്കുയാണ് ആകാശ് ചെയ്യുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇവയുടെ പ്രവര്‍ത്തനം ലോകശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലൈ ബ്രസീലും ആകാശില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ബ്രസീലിന്റെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നത് ഇറ്റലിയുടെ എമാഡ് ആണെന്നാണ് സൈന്യം വിലയിരുത്തുന്നത്. ഭാരക്കുറവ്, കൂടുതല്‍ കോംപാക്ട് ഡിസൈന്‍, കൂടുതല്‍ മിസൈലുകള്‍ വഹിക്കാനുള്ള ശേഷി, പെട്ടെന്ന് വിന്യസിക്കാനും മറ്റൊരിടത്തേക്ക് മാറ്റാനുമാകാവുന്ന തരത്തിലുള്ള രൂപകല്‍പന, നഗരങ്ങളിലും വനമേഖലകളിലും ഒരേപോലെ ഉപയോഗിക്കാനാകും തുടങ്ങിയവയാണ് എമാഡ് സംവിധാനത്തിന്റെ പ്രത്യേകത.
ഇന്ത്യയില്‍നിന്ന് ആകാശ് മിസൈല്‍ സംവിധാനം വാങ്ങുന്നതില്‍ സംശയമുണ്ടെങ്കിലും കൂടുതല്‍ പ്രതിരോധ കയറ്റുമതിക്ക് ധാരണയായിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് തീര നിരീക്ഷണ സംവിധാനങ്ങള്‍, അള്‍ട്രാ ലൈറ്റ് വെയ്റ്റ് ആര്‍ട്ടിലറി ഗണ്‍ സംവിധാനമായ ഗരുഡ എന്നിവയാകും ബ്രസീല്‍ പ്രധാനമായും വാങ്ങുക. 4X 4 വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 105 എംഎം ചെറു പീരങ്കിയാണ് ഗരുഡ. ഭാരക്കുറവും പെട്ടെന്ന് മറ്റൊരിടത്തേക്ക് മാറ്റാനാകുമെന്നതുമാണ് ഗരുഡയുടെ പ്രത്യേകത. 360 ഡിഗ്രിയില്‍ എവിടെ വേണമെങ്കിലും കൊണ്ടുപോയി ആക്രമണം നടത്താനാകും. മാത്രമല്ല മറ്റ് ആര്‍ട്ടിലറി വാഹനങ്ങളിലും ഗരുഡയെ ഘടിപ്പിക്കാനാകും. 20 കിലോമീറ്ററോളം ദൂരത്തേക്ക് ആര്‍ട്ടിലറി ഷെല്ലുകള്‍ പായിക്കാന്‍ ഗരുഡയ്ക്ക് സാധിക്കും.
ഒന്നര മിനിറ്റുകൊണ്ട് അടുത്ത ആക്രമണത്തിന് സജ്ജമാക്കാനാകും. പരിപാലന ചെലുകളും കുറവാണ്. ഡിആര്‍ഡിഒ വികസപ്പിച്ച ഈ ആയുധം നിര്‍മിക്കുന്ന കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. അതേസമയം ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇറ്റലിയുമായുള്ള ബ്രസീലിന്റെ ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തിയാകും ഭാവി തീരുമാനങ്ങള്‍.
ഔദ്യോഗിക സന്ദര്‍ശനവേളയില്‍ ഇന്ത്യയും ബ്രസീലും തമ്മില്‍ പ്രതിരോധരംഗത്ത് കൂടുതല്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംയുക്തമായി ആയുധ വികസന പദ്ധതികള്‍ വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-ബ്രസീല്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അംഗീകാരമായി മോദിക്ക് ബ്രസിലിന്റെ ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരം സമ്മാനിച്ചിരുന്നു. ഗ്രാന്‍ഡ് കോളര്‍ ഓഫ് ദി നാഷണല്‍ ഓര്‍ഡര്‍ ഓഫ് സതേണ്‍ ക്രോസ് എന്ന പുരസ്‌കാരമാണ് പ്രസിഡന്റ് ലുലാ ഡാ സില്‍വ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് മോദി ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലില്‍ എത്തിയത്.
Content Highlights: Brazil opts for Italy's EMAAR Air Defense System over India's Akash: Weighing Cost and Capabilities