ചെഗുവേരയെ വധിച്ച ബൊളീവിയൻ പട്ടാളക്കാരൻ അന്തരിച്ചു

ബൊളീവിയന്‍ സൈന്യം ചെയെ പിടികൂടി വധിച്ചപ്പോള്‍, മരിയോ ടെറാന്‍ സലാസര്‍ | Photo: AFP
ബൊളീവിയന്‍ സൈന്യം ചെയെ പിടികൂടി വധിച്ചപ്പോള്‍, മരിയോ ടെറാന്‍ സലാസര്‍ | Photo: AFP

ലാ പാസ് : മാർക്സിസ്റ്റ് വിപ്ലവനേതാവ് ഏണെസ്റ്റോ ചെ ഗുവേരയെ വെടിവെച്ചുകൊന്നെന്ന് കരുതുന്ന മുൻ ബൊളീവിയൻ പട്ടാളക്കാരൻ മരിയോ ടെറാൻ സലാസർ (80) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു. 30 വർഷത്തെ സൈനികസേവനത്തിനുശേഷം വിരമിച്ച അദ്ദേഹം പിന്നീട് മാധ്യമങ്ങളിൽ നിന്നെല്ലാം അകന്നുകഴിയുകയായിരുന്നു.

ശീതയുദ്ധം കത്തിനിൽക്കുന്നതിനിടെ 1967 ഒക്ടോബർ ഒൻപതിന് ബൊളീവിയയിലെ കിഴക്കൻ സാന്റാക്രൂസ് പ്രവിശ്യയിലാണ് ചെ ഗുവേര കൊല്ലപ്പെടുന്നത്. രണ്ട് ക്യൂബൻ അമേരിക്കൻ സി.ഐ.എ. ഏജന്റുമാരുടെ സഹായത്തോടെ ബൊളീവിയൻ സൈന്യം ഒക്ടോബർ എട്ടിന് ചെയെ പിടികൂടി. പട്ടിണിയും രോഗവും വകവെക്കാതെ സൈന്യത്തിനെതിരായ ഒളിപ്പോർ സംഘത്തിന് നേതൃത്വം നൽകുകയായിരുന്നു അപ്പോഴദ്ദേഹം.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷമെന്നാണ് ചെയുടെ വധത്തെപ്പറ്റി ടെറാൻ പിന്നീട് പറഞ്ഞത്. ‘ആ നിമിഷം ചെയുടെ കണ്ണുകൾ തീവ്രമായി തിളങ്ങുന്നുണ്ടായിരുന്നു. ശാന്തനായിരിക്കാനും നന്നായി ഉന്നംവെക്കാനും ചെ എന്നോടു പറഞ്ഞു.

നീ ഒരു മനുഷ്യനെ കൊല്ലാൻ പോകുന്നുവെന്നും. വാതിലിനു സമീപത്തേക്ക് മാറി കണ്ണടച്ച് ഞാൻ വെടിവെച്ചു’- ടെറാൻ പറഞ്ഞു. 39 വയസ്സായിരുന്നു മരിക്കുമ്പോൾ ചെയ്ക്ക്.

Content Highlights: Bolivian Soldier Who Killed Che Guevara Dies At 80