മക്ക കരാറിലേക്ക് ബംഗ്ലാദേശും; ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും സുരക്ഷാ പ്രതിസന്ധി

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോ​ദി, താരിഖ് റഹ്മാൻ| Photo: ANI, AFP
നരേന്ദ്ര മോ​ദി, താരിഖ് റഹ്മാൻ| Photo: ANI, AFP

ധാക്ക: വർഷങ്ങളായി സൈനിക സഖ്യങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന വിദേശനയം തിരുത്തിക്കുറിക്കാൻ ബംഗ്ലാദേശ്. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത പ്രതിരോധ സഖ്യമായ മക്ക കരാറിൽ ബംഗ്ലാദേശും പങ്കാളിയാകാൻ ഒരുങ്ങുന്നതായി സൂചന. ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറാണ് രാജ്യം ഈ സൈനിക സഖ്യത്തിൽ ചേരുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിന്റെ ഈ നീക്കം അയൽരാജ്യമായ ഇന്ത്യയുമായി നിലനിൽക്കുന്ന ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കിയേക്കും. ഇസ്ലാമിക രാജ്യങ്ങളുടെ ഇത്തരം ഒരു സുരക്ഷാ കൂട്ടായ്മയിൽ പങ്കാളിയാകുന്നതിനെ രാജ്യം പോസിറ്റീവായാണ് കാണുന്നതെന്നും അതിൽ തെറ്റൊന്നുമില്ലെന്നും ഹുമയൂൺ കബീർ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിന്റെ ഭാഗമാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബംഗ്ലാദേശിന്റെ ഈ പുതിയ നീക്കത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. പ്രധാന സൈനിക എതിരാളിയായ പാകിസ്താന് ഈ സഖ്യത്തിലൂടെ കൂടുതൽ സാമ്പത്തിക-പ്രതിരോധ പിന്തുണ ലഭിക്കുമെന്നത് ഇന്ത്യയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. ബംഗ്ലാദേശ് ഈ സഖ്യത്തിന്റെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലേക്കും ഈ പ്രതിരോധ ശൃംഖല വ്യാപിപ്പിക്കപ്പെടും.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയതും അവരെ വിട്ടുനൽകണമെന്ന ധാക്കയുടെ ആവശ്യവും മൂലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം നിലവിൽ അസ്വാരസ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ ബംഗ്ലാദേശ് ഇത്തരമൊരു സൈനിക സഖ്യത്തിലേക്ക് നീങ്ങുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 7-നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് എന്നിവർ ചേർന്ന് മക്ക സംയുക്ത പ്രതിരോധ കരാർ ഒപ്പുവെച്ചത്. നാറ്റോ സൈനിക സഖ്യത്തിന്റെ മാതൃകയിൽ, ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സൈനിക ആക്രമണം മറ്റെല്ലാ രാജ്യങ്ങൾക്ക് നേരെയുമുള്ള ആക്രമണമായി കണക്കാക്കി ഒന്നിച്ച് പ്രതിരോധിക്കുക എന്നതാണ് ഈ കരാറിന്റെ പ്രധാന വ്യവസ്ഥ.

Content Highlights: Bangladesh is considering joining the Makkah Defence Pact led by Saudi Arabia, Turkey, and Pakistan., State Minister for Foreign Affairs Humayun Kabir confirmed that Prime Minister Tarique Rahman received an official invitation., The NATO-style pact stipulates that an attack on one member is considered an attack on all., This geopolitical shift is being closely monitored by India due to security implications on its eastern border and Pakistan's involvement.