ബാങ്കോക്കിലെ ഭൂകമ്പത്തിൽ 33 നില കെട്ടിടം തകർന്നുവീണു; നിർമാണത്തിൽ ചൈനാബന്ധം, അന്വേഷണം പ്രഖ്യാപിച്ചു

തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ | Photo: X/ Pravit Rojanaphruk
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ | Photo: X/ Pravit Rojanaphruk

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഭൂകമ്പത്തില്‍ ബാങ്കോക്കിലെ സ്‌റ്റേറ്റ് ഓഡിറ്റ് ഓഫീസേഴ്‌സ് കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് പബ്ലിക് വര്‍ക്ക്‌സ് ആന്‍ഡ് ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് ഡിപ്പാര്‍ട്ട്‌മെന്റ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനാവത്ര അറിയിച്ചു. കെട്ടിടം നിർമിച്ചത് ചൈന ബന്ധമുള്ള ഒരു കമ്പനിയാണെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം.

വെള്ളിയാഴ്ചത്തെ ഭൂകമ്പത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ ഉണ്ടാവാതിരിക്കുകയും പ്രസ്തുത കെട്ടിടം മാത്രം തകര്‍ന്നുവീഴുകയും ചെയ്തത് ചൂണ്ടിക്കാട്ടി ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്. മൂന്നുവര്‍ഷമായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കരാറും ഡിസൈനുമടക്കം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും

ഇറ്റാലിയന്‍- തായ് ഡെവലപ്‌മെന്റ് പബ്ലിക് ലിമിറ്റഡ് കമ്പനിയും ചൈന റെയില്‍വേ നമ്പര്‍ 10 എന്‍ജിനീയറിങ് ഗ്രൂപ്പുമാണ് സംയുക്തമായി കെട്ടിടം നിര്‍മിക്കുന്നത്. ചൈനീസ് സര്‍ക്കാരിന് കീഴിലെ ചൈന റെയില്‍വേ എന്‍ജിനീയറിങ് കോര്‍പ്പറേഷന് കീഴിലുള്ളതാണ് ചൈന റെയില്‍വേ നമ്പര്‍ 10 എന്‍ജിനീയറിങ് ഗ്രൂപ്പ്.

33 നില കെട്ടിടം തകര്‍ന്നുള്ള അപകടത്തില്‍ 17 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. 83 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായി തിരിച്ചില്‍ തുടരുകയാണ്. ഇവരില്‍ 15 എങ്കിലും ജീവനോടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് തെര്‍മല്‍ ഇമേജിങ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വ്യക്തമായത്. അപകടത്തിന് പിന്നാലെ കമ്പനിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് കെട്ടിടത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Content Highlights: Bangkok Building Collapse: Investigation Launched