ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് രേഖകളുമായി കടക്കാൻ ശ്രമം, തായ്ലാൻഡിൽ നാല് ചൈനക്കാർ പിടിയിൽ

തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ | Photo: X/ Pravit Rojanaphruk
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ | Photo: X/ Pravit Rojanaphruk

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. തകര്‍ന്ന കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരുമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. നിര്‍മാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. 

ചൈനീസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിക്കായിരുന്നു നിര്‍മാണത്തിലിരിക്കെ തകര്‍ന്നുവീണ 30 നില കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. 32 പേജുകളുള്ള ഒരു ഫയലാണ് ഇവര്‍ തകര്‍ന്ന കെട്ടിടത്തില്‍നിന്ന് എടുത്തതെന്നാണ് മെട്രോപോളിറ്റന്‍ പോലീസ് ബ്യൂറോ മേധാവി അറിയിച്ചത്. അധികൃതര്‍ ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ചൈനീസ് പൗരന്മാര്‍ അതിക്രമിച്ച് കയറിയത്. 

തകര്‍ന്നുവീണ കെട്ടിടത്തില്‍ അനധികൃതമായി ആളുകള്‍ പ്രവേശിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചൈനീസ് പൗരന്മാര്‍ പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരാള്‍ ഈ കെട്ടിട നിര്‍മാണത്തിന്റെ പ്രൊജക്ട് മാനേജര്‍ ആയിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെന്നും കെട്ടിട നിര്‍മാണം എടുത്തിട്ടുള്ള ഇറ്റാലിയന്‍-തായ് ഡെവലപ്പ്‌മെന്റ് കമ്പനിയുമായി ചേര്‍ന്നാണ് ഇയാളുടെ കമ്പനി ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും കണ്ടെത്തി. 

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരില്‍ നിന്നുമാണ് 32 പേജുകളുള്ള രേഖകള്‍ പോലീസ് കണ്ടെടുത്തതെന്നാണ് വിവരം. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണിവയെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ സബ് കോണ്‍ട്രാക്ടര്‍മാരാണെന്നും കെട്ടിട നിര്‍മാണത്തിന്റെ മേല്‍നോട്ടത്തിനും മറ്റുമായി ഇവിടെ ഒരുക്കിയിരുന്ന താത്കാലിക കണ്ടെയ്‌നര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കായാണ് എടുത്തതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. 

ചോദ്യം ചെയ്യലിന് ശേഷം ഈ നാലുപേരെയും പോലീസ് താത്കാലികമായി മോചിപ്പിച്ചെങ്കിലും പൊതുനിര്‍ദേശം ലംഘിച്ച് നിരോധിത മേഖലയില്‍ പ്രവേശിക്കുകയും തകര്‍ന്ന കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് മുമ്പ് പിടികൂടിയ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഞായറാഴ്ച വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചാമനായി പിടികൂടിയിരിക്കുന്ന വ്യക്തി ഇവരുടെ ജീവനക്കാരനാണെന്നാണ് വിവരം. 

Content Highlights: Four Chinese citizens arrested in Bangkok for illegally entering a collapsed building