ട്രംപിനെ പിണക്കാനും വയ്യ, പാക് ജനതയെ പേടിയും: ‘ഗാസ’ നടുക്കയത്തിൽ അസിം മുനീർ, കൂടിക്കാഴ്ച ഉടൻ?

ലാഹോര്‍: പാകിസ്താനോട് ഗാസയിലേക്ക് സൈന്യത്തെ അയക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രേരണ, പാക് പ്രതിരോധ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഒരുവശത്ത് ട്രംപിനെ ചൊടിപ്പിക്കാന്‍ പാടില്ല, മറുവശത്ത് പാക് ജനതയെ പ്രകോപിപ്പിക്കാനും പാടില്ല എന്ന നടുക്കയത്തിലാണ് അസിം മുനീറുള്ളത്. ഗാസയിലേക്ക് സൈന്യത്തെ അയച്ചാല്‍ പാകിസ്താനില്‍ ആഭ്യന്തര പ്രതിഷേധത്തിന് കാരണമാകും. എന്നാല്‍ ഈ ആവശ്യം നിരാകരിക്കുന്നത് ട്രംപിനെ ചൊടിപ്പിക്കാനും കാരണമാകും.
അതിനിടെ വരും ദിവസങ്ങളില്‍ അസിം ട്രംപിനെ സന്ദര്‍ശിക്കാനായി യുഎസിലേക്ക് പുറപ്പെടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപും അസിം മുനീറും ആറുമാസത്തിനിടെ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയായിരിക്കുമിത്. ഗാസയിലേക്ക് സൈന്യത്തെ അയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് പ്രധാനമായും കൂടിക്കാഴ്ചയിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎസ് നിക്ഷേപവും സഹായവും ലഭിക്കണമെങ്കില്‍ ട്രംപിന്റെ ഈ നിര്‍ദേശം സ്വീകരിക്കുകയാണ് പാകിസ്താന് മുന്നിലുള്ള വഴി. എന്നാല്‍ ഇത് പാകിസ്താനിലുണ്ടാക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ചെറുതായിരിക്കില്ല എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ പിന്നോട്ടുനയിക്കുന്നത്.
ട്രംപിന്റെ 20 പോയിന്റ് ഗാസ പദ്ധതിയുടെ ഭാഗമായാണ് പാകിസ്താനോട് സൈന്യത്തെ ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശം. ഇസ്രയേല്‍ തകര്‍ത്ത ഗാസയുടെ പുനര്‍നിര്‍മാണത്തിനും സാമ്പത്തിക വീണ്ടെടുപ്പിനും വേണ്ടി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള സൈനികര്‍ നിരീക്ഷിക്കണമെന്നാണ് ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാല്‍ ഹമാസിനെ നിരായുധീകരിക്കുക ലക്ഷ്യമിട്ടുള്ള ഈ ദൗത്യത്തില്‍ പല രാജ്യങ്ങള്‍ക്കും താത്പര്യമില്ല. ഇത് ഈ രാജ്യങ്ങളെക്കൂടി സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചേക്കാമെന്ന കണക്കുകൂട്ടലാണ് പിന്തിരിയലിന് കാരണമാകുന്നത്.
Content Highlights: Asim Munir Faces US Pressure on Gaza Troop Deployment