സഹയാത്രികന്റെ മൊബൈലിൽ ആർഐപി സന്ദേശം, ബോംബുഭീഷണിയെന്ന് സംശയം; അമേരിക്കൻ എയർലൈൻസ് വിമാനം നിലത്തിറക്കി

ഡാലസ്: പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽനിന്ന് യുഎസിലെ ഡാലസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം യാത്രക്കാരിയുടെ തെറ്റിദ്ധാരണമൂലം അടിയന്തരമായി തിരിച്ചിറക്കി. സഹയാത്രികന്റെ മൊബൈലിൽ ‘ആർഐപി ‘എന്നെഴുതിയ സന്ദേശം കണ്ടതോടെ വിമാനത്തിന് ബോംബുഭീഷണിയുണ്ടെന്ന് അവർ തെറ്റിദ്ധരിക്കുകയായിരുന്നു. ഇക്കാര്യം എയർലൈൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിമാനം സാൻ ജുവാനിലേക്ക് അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. പിന്നീട് പരിശോധനകൾക്കുശേഷം യഥാർഥഭീഷണിയല്ലെന്ന് കണ്ടെത്തിയതോടെ സർവീസ് പുനഃരാരംഭിച്ചു. 193 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന് 30 നിമിഷങ്ങൾക്കുള്ളിലായിരുന്നു ആശങ്ക പടർന്നത്. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയ ശേഷം, പ്യൂർട്ടോ റിക്കോയിലെ ഓഫീസ് ഓഫ് എക്സ്പ്ലോസീവ്സ് ആൻഡ് പബ്ലിക് സേഫ്റ്റിയിലെ സുരക്ഷാ വിദഗ്ധർ "ആർ.ഐ.പി." സന്ദേശം ലഭിച്ച യാത്രക്കാരനെ ചോദ്യം ചെയ്തു. തലേദിവസം ഒരു കുടുംബാംഗം മരിച്ചെന്നും, ലഭിച്ചത് അനുശോചന സന്ദേശമാണെന്നും യാത്രക്കാരൻ വിശദീകരിച്ചു. ഡാലസിൽ നടക്കുന്ന ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി അവധി റദ്ദാക്കി നേരത്തെ മടങ്ങുകയായിരുന്നു അദ്ദേഹം. അധികൃതർ യാത്രക്കാരന്റെ ഫോൺ പരിശോധിക്കുകയും ഭീഷണിയില്ലെന്ന് കണ്ടെത്തുകയും ചെയ്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: American Airlines flight 1847 from San Juan to Dallas made an emergency landing