'യുദ്ധം അവസാനിച്ചിട്ടില്ല': ഫ്ളൈദുബായ് സഹപൈലറ്റിനെ പ്രശംസിച്ച് അൽഖ്വൈദ; കൂടുതൽ ആക്രമണങ്ങൾക്ക് ആഹ്വാനം

#ന്യൂസ് ഡെസ്ക്
ഹമാം അല്‍ ഹമാമി
ഹമാം അല്‍ ഹമാമി

സനാ: ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെക്കുറിച്ച് തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ 'അൽ ബയാനിൽ' മുഖപ്രസംഗം പ്രസിദ്ധീകരിച്ച് യെമൻ ആസ്ഥാനമായുള്ള അൽഖ്വൈദ വിഭാഗം. ലേഖനത്തിൽ ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയുടെ പ്രവൃത്തിയെ പ്രശംസിക്കുകയും യുഎസ്, ഇസ്രയേലി വിമാനക്കമ്പനികൾക്കെതിരെ സമാനമായ ആക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

'സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും ഇടയിൽ' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ, 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ചിത്രങ്ങളും ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈദുബായ് FZ 1073 വിമാനത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

'യുദ്ധം അവസാനിക്കാൻ ഇനിയും ഒരുപാട് ദൂരമുണ്ട്; സിയോണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്ലാമിനെതിരെ പോരാടുന്ന വിവിധ അവിശ്വാസ ക്യാമ്പുകളിൽനിന്നുള്ള സേനകളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ഇപ്പോഴും ആകാശത്ത് പറക്കുന്നുണ്ട്. സെപ്റ്റംബർ 11-ലും സെപ്റ്റംബർ 30-ലും തെളിയിക്കപ്പെട്ടതുപോലെ, അവ ഇപ്പോഴും ആക്രമണത്തിന് ഇരയാകാൻ സാധ്യതയുള്ളവയാണ്', അറബിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ലേഖനത്തിൽ പറയുന്നതനുസരിച്ച്, ഫ്‌ളൈദുബായ് വിമാനം തട്ടിക്കൊണ്ടുപോകൽ വിജയിച്ചിരുന്നെങ്കിൽ, മേഖലയിലെ ശക്തിസന്തുലിതാവസ്ഥതന്നെ മാറിമറിയുമായിരുന്നു. അമുസ്ലീങ്ങൾക്കും യുഎസിനെയും ഇസ്രയേലിനെയും ലക്ഷ്യമിടാമെന്നും, ഇത്തരം ആക്രമണം മുസ്ലീങ്ങളുടെ താത്പര്യങ്ങൾക്ക് ഉപകരിക്കുമെന്നും അൽ ബയാൻ ലേഖനത്തിലെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

'അമേരിക്കയുടെയും സിയോണിസ്റ്റുകളുടെയും ശത്രുക്കൾ മുൻപത്തേക്കാൾ ഇന്ന് വളരെ കൂടുതലാണ്. ദൈവത്തിലോ പരലോകത്തിലോ വിശ്വസിക്കാത്ത ഒരാൾ നടത്തുന്ന ഒരു ആക്രമണം പോലും ആത്യന്തികമായി ഇസ്ലാമിന്റെ താത്പര്യങ്ങളെയായിരിക്കും സേവിക്കുക', ലേഖനത്തിലെ മറ്റൊരു പ്രസ്താവനയിൽ പറയുന്നു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫളൈദുബായ് FZ1073 വിമാനം റാഞ്ചാനാണ് ഒമാൻ പൗരനായ പൈലറ്റ് ഹമാം അൽ ഹമാമി ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരനായ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കോക്പിറ്റ് ആക്സ് ഉപയോഗിച്ച് ആക്രമിച്ചു. മച്ചാർ കോക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാർക്കും യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയതുകൊണ്ടാണ് വലിയ ഒരു അപകടം ഒഴിവായത്.

തുടർന്ന് വിമാനത്തിലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ ഹമാമിയെ കീഴ്‌പ്പെടുത്തുകയും മച്ചാറിനെ രക്ഷിക്കുകയും ചെയ്തു. ബോയിങ് 737 വിമാനം 30 സെക്കൻഡിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് പതിക്കുന്നതിനിടെയാണ് യാത്രക്കാർ സഹപൈലറ്റിനെ കീഴടക്കിയത്. തുടർന്ന്, രണ്ടാമത്തെ ഫ്‌ളൈദുബായ് പൈലറ്റ് ജോഡി വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

Content Highlights: Al-Qaeda in the Arabian Peninsula (AQAP) praised a failed hijacking attempt of a Flydubai plane and called for similar attacks against US and Israeli airlines in their publication, Al-Bayan. The editorial included images of the 9/11 attacks and the Flydubai FZ 1073 flight, emphasizing ongoing threats to planes carrying perceived enemies of Islam.