'എട്ടിലധികം കുട്ടികളെ പ്രസവിക്കണം', ഗര്‍ഭച്ഛിദ്രത്തിന് നിയന്ത്രണം; റഷ്യയില്‍ സംഭവിക്കുന്നതെന്ത്?

വലിയ കുടുംബങ്ങള്‍ സൃഷ്ടിക്കണമെന്ന ആഹ്വാനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. 'കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നവരാണ് നമ്മുടെ ജനങ്ങളിലധികവും. റഷ്യന്‍ കുടുംബങ്ങളില്‍ നാലോ അഞ്ചോ അതിലധികമോ കുട്ടികളെ വളര്‍ത്തിയിരുന്നു. നമ്മുടെ മുത്തശ്ശിമാര്‍ക്കും മുതുമുത്തശ്ശിമാര്‍ക്കും ഏഴും എട്ടും കുട്ടികളുണ്ടായിരുന്നുവെന്ന് ഓര്‍ക്കുക. നമുക്ക് ഈ പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും പുനഃരുജ്ജീവിപ്പിക്കുകയും ചെയ്യാം. ധാരാളം കുട്ടികള്‍, ഒരു വലിയ കുടുംബം, റഷ്യയിലെ എല്ലാ ജനങ്ങളുടെയും ജീവിതരീതിയായി മാറണം'', മോസ്‌ക്കോയിൽ വേള്‍ഡ് റഷ്യന്‍ പീപ്പിള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് പുതിന്‍ പറഞ്ഞു. യുക്രൈന്‍ യുദ്ധം ജനസംഖ്യയിലുണ്ടാക്കിയ നഷ്ടം നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും അതുമായി ബന്ധപ്പെട്ടിരിക്കുന്നത് തന്നെയായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ മൂന്ന് ലക്ഷം റഷ്യന്‍ സൈനികര്‍ മരിച്ചതായാണ് പാശ്ചാത്യരാജ്യങ്ങള്‍ കണക്കുകൂട്ടുന്നത്. പക്ഷേ, ഇതിലും എത്രയോ കുറഞ്ഞ കണക്കാണ് റഷ്യ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. സംഘര്‍ഷം ഭയന്ന് രാജ്യം വിട്ടവരും നിരവധി.
ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. ഏഷ്യ, യൂറോപ്പ് ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന റഷ്യ, ഭൂമിയുടെ ഭൂവിസ്തൃതിയില്‍ 11 ശതമാനം ഉള്‍ക്കൊള്ളുന്നു. ഏകദേശം നാല് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റഷ്യ, പ്രകൃതിവാതകം, കല്‍ക്കരി, എണ്ണ തുടങ്ങിയവയുടെ സമൃദ്ധമായ കരുതല്‍ ശേഖരമുള്ള രാജ്യംകൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജശക്തി. ഒപ്പം വനവിഭവങ്ങളുടെയും ശുദ്ധജലത്തിന്റേയും വലിയ ശേഖരം. ഒരു ജനസമൂഹത്തിന് ആഗോളശക്തിയായി വളര്‍ന്നുവരാന്‍ ആവശ്യമുള്ളതെല്ലാം റഷ്യയിലുണ്ട്. പക്ഷേ, ഇതെല്ലാമാണെങ്കിലും റഷ്യയെ ബുദ്ധിമുട്ടിക്കുന്ന ഒന്നുണ്ട്; അത് ജനസംഖ്യയുണ്ടാകുന്ന വലിയ ഇടിവാണ്. ലോകം ജനസംഖ്യാപെരുപ്പം കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍, റഷ്യയില്‍ ആവശ്യത്തിന് ജനങ്ങളില്ല എന്നതാണ് വസ്തുത. ഉള്ളതാകട്ടെ ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞും വരുന്നു. ഒപ്പം വലിയ തോതിലുള്ള കൂട്ടപ്പലായനം കൂടിയാകുമ്പോള്‍ അതിഗൗരവമായ സ്ഥിതിവിശേഷത്തിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ റഷ്യന്‍ കുടുംബങ്ങളില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന പക്ഷക്കാരനാണ് പുതിന്‍. മുമ്പും ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒന്നുകൂടി വ്യക്തമായി പറയുകയാണ് പുതിന്‍.
Content Highlights: Why Vladimir Putin wants Russian women to have ‘eight or more’ children