മാദകസുന്ദരി,ലൈംഗിക വഞ്ചനയുടെ ചാരമുഖം; മാതാ ഹരി ആരായിരുന്നു?

mata hari
mata hari

സൗന്ദര്യവും വശ്യതയും കൊണ്ട് ലോകത്തെ മയക്കിയ സുന്ദരി, മാര്‍ഗരീറ്റാ ടെര്‍ടൂഡിയാ സെല്ലാ. യഥാര്‍ഥ പേരിനേക്കാള്‍ മാതാ ഹരി എന്ന പേരാണ് ലോകത്തിന് പരിചയും. മാതാ ഹരി സഞ്ചരിക്കാത്ത നാടുകളുണ്ടായിരുന്നില്ല. ഏഴ് ഭാഷകളിലായിരുന്നു അവള്‍ക്ക് പ്രാവീണ്യം. സൗന്ദര്യവും വശ്യതയും കൊണ്ട് പോയിടങ്ങളെയെല്ലാം അവള്‍ കീഴ്പ്പെടുത്തി. എന്നാല്‍ ആ സൗന്ദര്യവും കഴിവും അവളെ കൊണ്ടെത്തിച്ചത് ചാരപ്രവര്‍ത്തനങ്ങളുടെ ഇരുണ്ടലോകത്താണ്, ഒന്നാം ലോകമഹായുദ്ധകാലത്ത് പിടിക്കപ്പെട്ടതോടെ തോക്കിന്‍ കുഴലിലെ വിധിക്ക് മുന്നില്‍ കീഴ്പ്പെടേണ്ടി വന്നു അവള്‍ക്ക്. മാതാ ഹരി വാസ്തവത്തില്‍ ഒരു ചാരവനിത ആയിരുന്നോ? അതോ അനേകം പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെട്ട, എതിര്‍പ്പറിയിക്കാന്‍ പോലും പറ്റാതെ നിസ്സഹായാവസ്ഥയിലായിരുന്ന ഒരു സാധാരണ സ്ത്രീയോ? മാതായെ കുറിച്ച് പുറത്തുവന്ന കഥകളിലൊന്നും വ്യക്തതയുണ്ടായിരുന്നില്ല, സ്വയം വ്യക്തമാക്കാന്‍ അവള്‍ തയ്യാറായിരുന്നുമില്ല. അതുകൊണ്ടുതന്നെ അവ്യക്തതകളെല്ലാം പലതരം കഥകളായി പുറത്തുവന്നു. നൂറുകണക്കിന് കഥകളാണ് അവളുടേതായി പുറത്തുവന്നിരുന്നത്. മരിച്ച് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥകളിങ്ങനെ പ്രചരിക്കുകയാണ്. ചാരവൃത്തികളുടെ നിഗൂഢതകളും ഒരുപാട് ചോദ്യങ്ങളും ബാക്കിയാക്കിക്കൊണ്ട് മാതാ ഹരി അഥവാ മാര്‍ഗരീറ്റാ ടെര്‍ടൂഡിയാ സെല്ല മരിച്ചിട്ട് ഒക്ടോബര്‍ 15ന് 107 വര്‍ഷം പിന്നിടുകയാണ്. 

നെതര്‍ലന്റിലെ ലീവാര്‍ഡ് ആണ് മാതാ ഹരിയുടെ സ്വദേശം എന്നാണ് പറയപ്പെടുന്നത്. മാതായുടെ പതിമൂന്നാം വയസ്സില്‍ അവളും മൂന്ന് സഹോദരമാരും അമ്മയും അടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ച് അച്ഛന്‍ നാടുവിട്ടു. അതോടെ അവളുടെ അമ്മ മാനസിക രോഗിയായി മാറി. തകര്‍ന്ന കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്തം മാതായുടേതായി മാറി. ജീവിക്കാന്‍ പലതൊഴില്‍ നേടി നടന്ന അവള്‍ 16ആം വയസ്സില്‍ സമീപത്തെ ഒരു പ്രി സ്‌കൂളില്‍ അധ്യാപികകയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററായ 51 വയസ്സുകാരനുമായുള്ള ബന്ധത്തെ തുടര്‍ന്ന് അവള്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇത്തരം കേസുകളില്‍ തെറ്റ് പെണ്ണിന്റേതായി മാത്രം മാറുന്ന പതിവുകളില്‍ അവളും അകപ്പെട്ടു. അവള്‍ക്ക് ജോലി നഷ്ടപ്പെട്ടെങ്കിലും ഒരേ കുറ്റം നേരിടുന്ന ഹെഡ്മാസ്റ്റര്‍ക്ക് അവിടെ ജോലിയില്‍ തുടര്‍ന്നു. ജീവിതത്തില്‍ നേരിട്ട ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. 

മാതാ ഹരി

1895ല്‍ തന്റെ 19-ാം വയസ്സിലാണ് ഡച്ച് സൈന്യത്തിലെ ഉദ്യോഗസ്ഥനായ 39 വയസ്സുകാരന്‍ ലെഫ്റ്റനന്റായിരുന്ന റുഡോള്‍ഫ് മക്ലിയോഡുമായി മാതാ ഹരി വിവാഹിതയാവുന്നത്. സൈന്യത്തിലെ റാങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ റുഡോള്‍ഫിന് വിവാഹം കഴിക്കേണ്ടിയിരുന്നു. എന്നാല്‍ സിഫിലിസ് രോഗബാധയുള്ളതിനാല്‍ വിവാഹത്തിന് ആരും സമ്മതം മൂളുകയില്ല. എന്നാല്‍ ഒരു പ്രാദേശിക പത്രത്തില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് 18 വയസ്സുകാരിയായ മാര്‍ഗരിത വിവാഹത്തിന് സമ്മതം മൂളിക്കൊണ്ട് മറുപടിയെഴുതി. അവളുടെ സാഹചര്യങ്ങളായിരുന്നു ഒരു വിവാഹത്തിലേക്ക് അവളെ എത്തിച്ചത്. അങ്ങനെ റുഡോള്‍ഫിനെ കണ്ടുമുട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വിവാഹിതരായി. വൈകാരെ മാര്‍ഗരിത മൂന്ന് കുട്ടികളുടെ അമ്മയുമായി. 

എന്നാല്‍ പ്രതീക്ഷിത്രയും ശോഭനമായിരുന്നില്ല മാര്‍ഗരീതയുടെ വിവാഹജീവിതം. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് അവളെ നിരന്തരം മര്‍ദിച്ചു. ലൈംഗീകമായി ചൂഷണം ചെയ്തു, നിരവധി സ്ത്രീകളേയും വീട്ടില്‍ വിളിച്ചുകൂട്ടി രതിയിലേര്‍പ്പെട്ടു. മാര്‍ഗരിതയെ ചൂതാട്ടത്തിന് ജാമ്യവസ്തുവായി പോലും അയാള്‍ ഉപയോഗിച്ചു. തന്റെ പ്രതിസന്ധികളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷതേടാനാണ് അവള്‍ ജാവനീസ് നൃത്തം നോക്കിപ്പഠിച്ചത്. മിലിട്ടറി ക്യാമ്പിലെത്തുന്ന വേലക്കാരികളായ സ്ത്രീകള്‍ നേരമ്പോക്കിന് വേണ്ടി കളിച്ചിരുന്ന നൃത്തം മാര്‍ഗരിതയ്ക്ക് അതിവേഗം വഴങ്ങി. അതിനിടെ മാര്‍ഗരിതയും കുടുംബവും റുഡോള്‍ഫന്റെ ജോലിസംബന്ധമായി സുമാത്രയിലേക്ക് മാറി. സുമാത്രയിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവളുടെ ഇളയമകന്‍ രോഗബാധിതനായി മരിച്ചു.മാനസികമായി തളര്‍ന്ന അവളെ ഭര്‍ത്താവ് നെതര്‍ലന്റിലേക്ക് തിരിച്ചയച്ചു. നാട്ടിലെത്തിയ ഉടന്‍ അവള്‍ വിവാഹമോചനത്തിനുള്ള കേസ് നല്‍കി. വിവാഹമോചനം ലഭിച്ചെങ്കിലും സ്വന്തം മക്കളുടെ കസ്റ്റഡി അവള്‍ക്ക് ലഭിച്ചില്ല. അതോടെ അവള്‍ വീണ്ടും തകര്‍ന്നു. 

പാരീസിന്റെ മാതാ.. 

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിന് അറുതിവരുത്താനായാണ് മാര്‍ഗരീത പാരീസിലെത്തിയത്. പാരിസില്‍ കാലുകുത്തുമ്പോള്‍ ജീവിക്കാന്‍ വകയില്ലാതിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവളെങ്കിലും പിന്നീടങ്ങോട്ട് അവള്‍ അനുഭവിച്ചത് സ്വപ്നതുല്യമായ ജീവിതമായിരുന്നു. ഡാന്‍സറായാണ് മാതാ ഹരി പാരിസില്‍ ജോലി ചെയ്യാനാരംഭിച്ചത്. 1903 മുതല്‍ മാര്‍ഗരീറ്റാ പാരിസില്‍ നൃത്തപരിപാടികള്‍ നടത്തുണ്ട്. അക്കാലത്താണ് സ്റ്റേജ് നെയിം ആയി മാതാ ഹരി എന്ന പേര് സ്വീകരിച്ചത്. താന്‍ ജനിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലാണെന്നും അവിടെയുള്ള പുരോഹിതരാണ് തനിക്ക് മാതാ ഹരി എന്ന പേര് നല്‍കിയതെന്നും അവകാശപ്പെട്ടാണ് അവള്‍ മാതാ ഹരി എന്ന പേര് സ്വീകരിച്ചത്. ഇന്ത്യന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍ തന്നെ പുരാണവും നൃത്തവും പഠിപ്പിച്ചെന്നും മാതാ ഹരി പറഞ്ഞു. അന്ന് പാരീസിലെ വളരെ പ്രശസ്തമായ, ഏഷ്യന്‍ കലകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഒരു മ്യൂസിയത്തില്‍ മാതാ ഹരി നൃത്തം അവതരിപ്പിച്ചു. നിരവധി സമ്പന്നര്‍ സമ്മേളിക്കുന്ന വേദിയില്‍ നൃത്തം അവതരിപ്പിച്ചതോടെ അവളുടെ പേരും പ്രശസ്തിയും യൂറോപ്പിലാകെ പടരാനും ആരംഭിച്ചു. അര്‍ധനഗ്‌നമായ മേനിയഴക് പ്രദര്‍ശിപ്പിച്ച് ആരേയും ആകര്‍ഷിക്കുന്ന ചുവടുകളും മെയ് അഴകും മുഖഭാഗങ്ങളും കാണിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന വശ്യസുന്ദരിയായ ജാവനീസ് നര്‍ത്തകിയെ കുറിച്ച് അന്ന് മാധ്യമങ്ങളും ആവോളം പുകഴ്ത്തി എഴുതി. അതോടെ പാരിസിലെ ചെറുതും വലുതുമായ നിരവധി വേദികളില്‍ മാതാ ഹരിയുടെ നൃത്തം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. 1905 മുതലാണ് മാതാ ഹരി വിദേശരാജ്യങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ജാവനീസ് രാജകുമാരിയായുള്ള അവളുടെ പരകാശപ്രവേശവും മെയ്വഴക്കവും ആയിരക്കണക്കിന് കാഴ്ചക്കാരേയാണ് അവളിലേക്ക് അടുപ്പിച്ചത്. മാതാ ഹരി എന്ന മാദകസുന്ദരിയിലേക്ക് അവര്‍ ഒന്നടങ്കം ആകൃഷ്ടയായി. അതിനിടെ തന്നെ ഡാന്‍സര്‍ എന്ന പേരില്‍ നിന്ന് വേശ്യ എന്ന വിശേഷണത്തിലേക്ക് അവള്‍ മാറിയിരുന്നു. നൃത്തത്തിലൂടെ കോടിക്കണക്കിന് രൂപയാണ് അന്ന് മാതാ സമ്പാദിച്ചിരുന്നത്. എന്നാല്‍ പണം മുഴുവന്‍ ധൂര്‍ത്തടിച്ച് പാഴാക്കുകയായിരുന്നു അവള്‍. കിട്ടുന്ന പണം മുഴുവന്‍ ചൂതാട്ടത്തിനും വസ്ത്രത്തിനും ആഭരണത്തിനും വിലകൂടിയ താമസത്തിനും ആഹാരത്തിനും വേണ്ടി ചെലവഴിച്ചു. 

അതിനിടെ മാതാ ഹരിയുടെ മുന്‍ഭര്‍ത്താവ് വീണ്ടും വിവാഹമോചിതനായി. ഇതറിഞ്ഞ് കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ട കോടതിയെ സമീപിച്ച അവള്‍ക്ക് അനുകൂല ഉത്തരവല്ല ലഭിച്ചത്. സ്ഥിരവരുമാനം ഇല്ല, സുരക്ഷിതമായ താമസമില്ല തുടങ്ങിയ കാരണങ്ങളായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. കേസ് നടന്ന് ഏറെ കഴിയുന്നതിന് മുന്‍പ് തന്നെ അവളുടെ ശേഷിക്കുന്ന രണ്ട് മക്കളും സിഫിലിസ് ബാധിച്ച് മരണപ്പെട്ടിരുന്നു.

തെളിവില്ലാതെ അറസ്റ്റ്, വധശിക്ഷ

1914 മുതല്‍ 1918 വരെയുള്ള കാലത്ത് മാതാ ഹരി നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. എല്ലാ രാജ്യങ്ങളിലും അവള്‍ക്ക് കാമുകന്മാരുണ്ടായിരുന്നു. ഇവരെല്ലാം സൈനികരുമായിരുന്നു. അവരില്‍ ഒരു ഡച്ച് കേണലും റഷ്യന്‍ ക്യാപ്റ്റനും ബെല്‍ജിയന്‍ കമാന്‍ഡറും ഇറ്റലിയിലെ ക്യാപ്റ്റനും അയര്‍ലന്റിലെ രണ്ട് ഉദ്യോഗസ്ഥരും ഫ്രാന്‍സില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരുമെല്ലാം ഉള്‍പ്പെട്ടിരുന്നു. യുദ്ധകാലത്തുള്ള യാത്ര അവളെ സംശയത്തിന്റെ നിഴലിലേക്കെത്തിച്ചു. അതിര്‍ത്തികളില്‍ അവള്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കേണ്ടി വന്നു. വീടോ കുടുംബമോ സ്ഥിരമായ മേല്‍വിലാസമോ ഭര്‍ത്താവോ വരുമാനമോ ഇല്ലാതിരുന്ന അവളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതില്‍ യാതൊരു നിയമപ്രശ്നവും അന്നുണ്ടായിരുന്നില്ല. 

1916ല്‍ ലണ്ടനില്‍ വെച്ച് മാതാ ഹരിയെ ഒരു സംഘം പോലീസുകാര്‍ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനെ താനൊരു ഫ്രഞ്ച് ചാര വനിതയാണെന്ന് മാതാ ഹരി സമ്മതിച്ചു. പക്ഷെ അവള്‍ സത്യം തന്നെയാണോ പറയുന്നത് എന്ന കാര്യത്തില്‍ അന്ന് പോലീസുകാരും സംശയത്തിലായിരുന്നു. അതിനിടെ 1917ല്‍ ജര്‍മന്‍ സൈന്യം എച്ച്-21 എന്ന കോഡില്‍ അറിയപ്പെടുന്ന ഒരു ചാരനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. മാതാ ഹരിയാണ് ഈ ചാരയെന്ന് അനുമാനിച്ച് ഫ്രഞ്ച് സൈന്യം മാതാ ഹരിയെ അറസ്റ്റ് ചെയ്ത് സെന്റ് ലസാരേ ജയിലില്‍ തടവിലാക്കി. യുദ്ധകാലത്ത് നെതര്‍ലന്റിനും ജര്‍മനികകും ഫ്രാന്‍സിനുമടക്കം നിരവധി രാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് മാതാ ഹരി വിചാരണവേളയില്‍ ജഡ്ജിയോട് തുറന്നുസമ്മതിച്ചിരുന്നു. ചാരവൃത്തി നടത്തിക്കൊണ്ട് ധാരാളം പണം സമ്പാദിച്ചതായും അവള്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഇതിന്റെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിരുന്നില്ല. വിചാരണ പൂര്‍ത്തിയായപ്പോള്‍ മാതാ ഹരിയെ വെടിവെച്ച് കൊലപ്പെടുത്താനായിരുന്നു ഉത്തരവ്. അതേവര്‍ഷം ഒക്ടോബര്‍ 15ന് മാതാ ഹരിയുടെ വിധി നടപ്പാക്കപ്പെട്ടു. ഫ്രഞ്ച് ഫയറിങ് സ്‌ക്വാഡിന് മുന്നില്‍ തലയുയര്‍ത്തി അവള്‍ നിന്നു. വിധി നടപ്പാക്കപ്പെട്ടു. ഒരു തോക്കിന്‍ തിരയ്ക്ക് മുന്നില്‍ അവള്‍ മരണത്തിന് മുന്നില്‍ കീഴടങ്ങി. മരിക്കുന്ന സമയത്ത് 41 വയസ്സായിരുന്നു അവളുടെ പ്രായം. മരണത്തിന് ശേഷം മാതാ ഹരിയുടെ മൃതദേഹം പഠനത്തിനായി വിട്ടുനല്‍കി. ചാരവൃത്തി സംബന്ധിച്ച ഏതാനും തെളിവുകളും നിര്‍ണായക സംഭവങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്കും സഹായികള്‍ക്കും അയച്ച അവളുടെ കത്തുകളും പില്‍ക്കാലത്ത് കണ്ടെടുത്തിട്ടുമുണ്ട്. 

ചാരവൃത്തിയുടെ കരിനിഴല്‍ മാതാഹരിയില്‍ വീണില്ലായിരുന്നെങ്കില്‍ ലോകം കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന വിശേഷണത്തില്‍ അവള്‍ അവസാനിച്ചേനെ. പക്ഷെ എത്രവര്‍ഷം കഴിഞ്ഞാലും കുപ്രസിദ്ധിയോടെയല്ലാതെ ഓര്‍ക്കപ്പെടാന്‍ മാതാ ഹരിക്ക് കഴിയില്ല. 

Content Highlights: who is mata hari, Was She Really a Spy