ഇറാൻ ആ വജ്രായുധം പ്രയോഗിക്കുമോ? ഹോർമൂസിലേക്ക് ഉറ്റുനോക്കി ലോകം

#അജ്നാസ് നാസർ
ഹോര്‍മൂസ് കടലിടുക്കിന് സമീപം വിദേശ കപ്പല്‍ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുക്കുന്നു(2019 ലെ ചിത്രം) | gettyimages
ഹോര്‍മൂസ് കടലിടുക്കിന് സമീപം വിദേശ കപ്പല്‍ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുക്കുന്നു(2019 ലെ ചിത്രം) | gettyimages

ശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പരസ്പരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും ആക്രമണങ്ങൾ കനക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിലാണെങ്കിലും അത് ലോകത്തെ മുഴുവനും പല രീതിയിൽ ബാധിക്കുന്നുണ്ട്. ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നുകഴിഞ്ഞു. ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതാണ് എണ്ണവില ഉയരാൻ കാരണമായത്. ഇതിനുള്ള തിരിച്ചടിയായി ഇറാൻ ചില കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന വാർത്തകൾ സജീവമാണ്. അതിൽ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഇറാൻ ഹോർമൂസ് കടലിടുക്ക് പൂർണമായും തടസ്സപ്പെടുത്തുമെന്ന പ്രവചനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചാൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങളാണ് അത് ആഗോളതലത്തിലുണ്ടാക്കുക. എണ്ണവില പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് ഉയർന്ന് ബാരലിന് മൂന്നക്ക ഡോളർ എന്ന സാഹചര്യത്തിലേക്ക് പോലും എത്തിയേക്കാം.

സംഘർഷം രൂക്ഷമായാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുന്നതിനെ കുറിച്ച് ഇറാൻ ചിന്തിക്കുന്നുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ IRINN കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ പാർലമെന്റ് അംഗമായ ഇസ്മായീൽ കൗസാരിയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2024ൽ ഇറാൻ-ഇസ്രയേൽ സംഘർഷമുണ്ടായപ്പോഴും ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അന്ന് ഹോർമൂസ് കടലിടുക്കിനടുത്ത് വെച്ച് ഒരു വിദേശ കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തിരുന്നു. ഇത്തവണ കാര്യങ്ങൾ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ നിർണായക നീക്കങ്ങളിലൊന്നായി പരിഗണിക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാൻ തങ്ങളുടെ പ്രതികാരം ഹോർമൂസ് വഴി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഏത് രീതിയിലാകുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണികൾ.

Content Highlights: what happens if Iran closes the strait of hormuz

Continue reading