ദേശീയപാതയിലേയ്ക്ക് ഇടിഞ്ഞുവീഴുന്ന വീരമലക്കുന്ന്; വികസനത്തിന്റെ രാജപാതയിൽ ഇതൊരു മുന്നറിയിപ്പാണ്

ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെറുവത്തൂര്‍ വീരമലയില്‍ നടക്കുന്ന അശാസ്ത്രീയമായ കുന്നിടിക്കല്‍ പ്രവൃത്തി കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി തുടര്‍ച്ചയായി നടക്കുന്നതാണ്. മേഖലയില്‍ നിരവധിതവണ ചെറുതും വലുതുമായ മണ്ണിടിച്ചില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ബുധനാഴ്ച ഭയാനകമായ അളവില്‍ കുന്നിടിച്ചില്‍ ഉണ്ടാവുകയും ദേശീയപാതാ ഗതാഗതം അപ്പാടെ സ്തംഭിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് ഏറെ വൈകിയെങ്കിലും ഈ ഗുരുതരചൂഷണം സംസ്ഥാനത്തിന്റെയാകെ പൊതുശ്രദ്ധയിലേക്ക് വരുന്നത്.
കര്‍ണാടകയിലെ ഷിരൂരില്‍ മലയാളിയായ ലോറി ഡ്രൈവറുടെ ജീവനെടുത്തതിന് സമാനമായ അപകടം വീരമലയെയും കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ക്കേ പരിസ്ഥിതി സംഘടനകളില്‍ നിന്നും പ്രകൃതി പഠിതാക്കളില്‍ നിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നിട്ടും ഗുരുതര സാഹചര്യം പരിഗണിക്കപ്പെട്ടതേയില്ല. വീരമലയില്‍ പുതുതായി ഉണ്ടായിട്ടുള്ള മണ്ണിടിച്ചില്‍, വരുംനാളുകളിലെ വലിയ അപകടങ്ങളിലേക്കുള്ള സൂചന മാത്രമാണെന്ന് പ്രദേശത്തിന്റെ തല്‍സ്ഥിതി കാണുന്ന ഏതൊരാള്‍ക്കും തിരിച്ചറിയാവുന്നേയുള്ളൂ. അഞ്ഞൂറ് മീറ്ററോളം നീളത്തില്‍ നടന്നിട്ടുള്ള മണ്ണെടുപ്പില്‍ അമ്പത് മീറ്ററില്‍ താഴെ മാത്രമാണ് ഇപ്പോള്‍ മണ്ണിടിഞ്ഞത്. സമാനമായി, നിര്‍മ്മിച്ച മതിലിന്റെ അഞ്ച് മടങ്ങ് വരെ ഉയരത്തിലും കുന്നിന്റെ കുത്തനെയുള്ള ബാക്കിഭാഗങ്ങള്‍ സജീവ ഭീഷണിയുയര്‍ത്തിക്കൊണ്ട് ബാക്കി നില്‍ക്കുന്നുണ്ട്.
കുന്നിടിക്കലിന്റെ ഭാഗമായി വീരമലയില്‍ പലയിടങ്ങളിലായി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടിരുന്നു. എടോടക്കം വയലിലേക്ക് ദേശീയപാതയെ മുറിച്ചുകൊണ്ടായിരുന്നു ഇത് കടന്നുപോയത്. ചരിവ് കുറഞ്ഞ രീതിയില്‍ മണ്ണെടുപ്പ് നടത്തിയ കുന്നിനെ താങ്ങിനിര്‍ത്തുവാന്‍ നടത്തിയ നിര്‍മിതികള്‍ മഴക്കാലത്ത് വര്‍ധിക്കുന്ന ജലസമ്മര്‍ദ്ദത്തെക്കൂടി താങ്ങിനിര്‍ത്തുവാന്‍ അപര്യാപ്തമായിരുന്നു. കട്ടിയുള്ള പാറപ്രദേശത്ത് മാത്രം പ്രായോഗികമായി സാധ്യമാകുന്ന സോയില്‍ നെയിലിംഗ് യുക്തിരഹിതമായി ചേടിമണ്ണിൽ പരീക്ഷിച്ചതിന്റെ അനന്തരഫലം കുപ്പം പോലുള്ള ഇടങ്ങളില്‍ ഭയാനകമായ അവസ്ഥയില്‍ അനുഭവിച്ചുകഴിഞ്ഞു. സോയില്‍ നെയിലിംഗ് നടത്തിയ പാതകളിലെ മഴക്കാല ഗതാഗതം റോഡിന്റെ മധ്യേ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.
ഒരു മാസം മുന്‍പാണ് കണ്ണൂര്‍ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വീരമലയുടെ മുന്‍പില്‍ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മനുഷ്യമതില്‍ സംഘടിപ്പിച്ചത്. അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ജില്ലയിലെ പരിസ്ഥിതി സംഘടനകളും പരിസ്ഥിതി ഗവേഷകരും അടങ്ങുന്ന സംഘം കാര്യങ്കോട് മുതല്‍ കണ്ണൂര്‍ വരെ പാത കടന്നുപോകുന്ന പ്രധാന തണ്ണീര്‍ത്തടങ്ങളും കുന്നുകളും സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. മാടായിപ്പാറയ്ക്ക് സമാനമായി പീഠഭൂമി കണക്കെയുള്ള ഭൂഘടന നിലനില്‍ക്കുന്ന വീരമലയുടെ മുകളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുപ്പത് ഏക്കറിലധികം വരുന്ന അക്കേഷ്യ തോട്ടം കൂടിയുണ്ട്. ഒപ്പം, പശ്ചിമഘട്ടത്തില്‍ നടക്കുന്ന അതിമഴയുടെയും ഉരുള്‍പൊട്ടലുകളുടെയും ഭാഗമായി ഒലിച്ചെത്തുന്ന മലവെള്ളത്തില്‍ കാര്യങ്കോട് പുഴ കരകവിയുമ്പോള്‍ കീഴ്ത്തടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള 'ആന്റി ഡിസാസ്റ്റര്‍ ഷെല്‍ട്ടര്‍' കൂടി വീരമലയുടെ മുകളില്‍ മറ്റൊരു ദുരന്തമായി ബാക്കിയിരിപ്പുണ്ട്.
അതിമഴയുടെ ജലഭാരത്തെ താങ്ങാനുള്ള കുന്നുകളുടെ സ്വാഭാവിക അവസ്ഥ അനേകം നൂറ്റാണ്ടുകളായി ഉരുവപ്പെടുന്നതാണ്. ദേശീയപാതയോട് ചേര്‍ന്നുള്ള വീരമലയുടെ ഭാഗങ്ങളില്‍ ഈ സ്വാഭാവികഘടന ഏതാണ്ട് പൂര്‍ണ്ണമായും ക്രമഭംഗം വന്നിരുന്നു. മേല്‍പ്പരപ്പിലെ കട്ടിപ്പാറപ്പരപ്പ് മുതല്‍ കീഴ്ത്തടങ്ങളിലെ അതീവ ദുര്‍ബലമായ ചേടിമണ്ണ് വരേയ്ക്കുമുള്ള വിവിധഘടനകളില്‍ ഇടനാട്ടിലെ ചെങ്കല്‍ക്കുന്നുകളുടെ ജലരൂപങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവങ്ങളാണുള്ളത്. അധികജലം അതിന്റെ ദുര്‍ബലമായ ചൈനാക്ലേ ഘടനയുള്ള ആന്തരിക ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ സംഭരിക്കപ്പെടുന്നതും. പാറക്കൂട്ടങ്ങളും, വൃക്ഷങ്ങളും, കുറ്റിക്കാടുകളും ഈ സംഭരണിയെ സംരക്ഷിതമാക്കി നിര്‍ത്താന്‍ വശങ്ങളിലെല്ലാം കാര്യമായ പങ്ക് വഹിക്കുന്നുമുണ്ട്. ഇത്തരം കുന്നിന്‍ പുറങ്ങള്‍ അധികജലത്തെ ഒഴുക്കിക്കളയുന്ന കൈത്തോടുകളെല്ലാം ഏറിയപങ്കും കീഴ്ത്തടങ്ങളിലെ വയലുകളോ തോടുകളോ പുഴകളോ ആയിരിക്കും. വീരമലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍, കാര്യങ്കോട് പുഴയിലേക്ക് നീളുന്ന നിരവധി കൈത്തോടുകള്‍ കാണാം. ഇത് പുഴനിരപ്പിലെ വീടുകളുടെ പ്രധാന ശുദ്ധജല സ്രോതസ്സ് കൂടിയാണ്. പശ്ചിമഘട്ടത്തിലെ കൊടങ്കിച്ചാലില്‍ നിന്നും ഉത്ഭവിച്ച് തേന്‍വരിക്കല്ല് വെള്ളച്ചാട്ടമായും, നീലിപ്പുഴയായും മാറി കയ്യൂരും കടന്നാണ് കാര്യങ്കോട് പുഴ നീലേശ്വരം അഴിത്തല വച്ച് കടല് ചേരുന്നത്. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കൊന്നക്കാട് നിന്നുള്‍പ്പെടെ പല കൈവഴികള്‍ ചേര്‍ന്നും പശ്ചിമഘട്ടവും അറബിക്കടലും ചേരുന്ന സുദീര്‍ഘവും വിസ്തൃതവുമായ ജലസംക്രമണ വ്യവസ്ഥയുടെ ഭാഗം കൂടിയാണ് കാര്യങ്കോട് പുഴ.
ദേശീയപാതയുടെ നിര്‍മ്മാണ ഭാഗമായി തകര്‍ന്ന കുന്നുകളിലെ ദുര്‍ബലവും, മേല്‍കവചം നഷ്ടമായതുമായ മണ്ണ് ആദ്യമഴകളില്‍ ജലത്തെ കഴിവതും ഉള്ളിലേക്ക് സ്വീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു, പരമാവധി സംഭരണശേഷി കവിഞ്ഞതും താങ്ങിനിര്‍ത്തുവാനുളള ചരിവ് നഷ്ടമായ മേഖലകളിലുമാണ് കുന്നിന്‍പുറം ഈ മഹാജലശേഖരത്തെയപ്പാടെ അതിഭാരം താങ്ങാനാവാതെ കൈവിടുന്നത്. എവിടെയാണ് ജലം അതിന്റെ വഴി തുരക്കുകയെന്ന് പ്രവചിക്കുക അസാധ്യം. കുന്നിന്റെ ഉയരത്തിന്റെ അഞ്ചില്‍ ഒന്ന് പോലും ഇല്ലാത്ത കോണ്‍ക്രീറ്റ് മതിലുകൊണ്ട് വിഭിന്നങ്ങളായ കാലാവസ്ഥയാലും പ്രകൃതിശക്തിയാലും രൂപപ്പെട്ട ഒന്നിനെ തടുത്ത് നിര്‍ത്താമെന്ന അശാസ്ത്രീയ മൂഢതയ്ക്ക് വിലകൊടുക്കേണ്ടി വരുന്നത് ഒരു ജനത ഒന്നടങ്കമാണ്.
ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് കണ്ണൂര്‍ കാസര്‍ഗോഡ് പാതയില്‍ ഈ ദിവസങ്ങളില്‍ ട്രാഫിക്ക് ബ്ലോക്കുകള്‍ സംഭവിച്ചത്. മണിക്കൂറുകളോളം രോഗികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ റോഡില്‍ കുരുങ്ങിക്കിടന്നു. തുടര്‍നിര്‍മ്മാണങ്ങളില്‍ കൂരിയാടും കുപ്പവും വീരമലയും മുന്‍നിര്‍ത്തിയുള്ള കാര്യക്ഷമമായ ഇടപെടലുകള്‍ സംഭവിച്ചില്ലെങ്കില്‍ ദേശീയപാതകളിലൂടെയുള്ള മനുഷ്യസഞ്ചാരം വരുംകാലങ്ങളില്‍ അപകടകരമായി മാറും. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ നിരന്തരമായ ഭൂപരിണാമങ്ങളുടെ അവശേഷിപ്പായായ ഇടനാടന്‍-തീരദേശ കുന്നുകളുടെ നാശം വരുംകാലങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോരുന്നവയാണ്.
Content Highlights: Veeramalai Landslide: National Highway Construction Threat