17 മിനിറ്റ് ഫോണ്‍കോള്‍, ആടിയുലഞ്ഞ് തായ് സര്‍ക്കാര്‍; ജനകീയ പ്രതിഷേധത്തിൽ പെതൊങ്താൻ താഴെ വീഴുമോ?

ഭരണ അട്ടിമറികളും ജനകീയ പ്രതിഷേധങ്ങളും പതിവായ ഒരു രാജ്യത്ത്, തായ്‌ലന്‍ഡില്‍ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് 38 വയസ്സുകാരി പെതോങ്താൻ ഷിനവത്ര അധികാരത്തിലേറിയത്. രാജ്യത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തിലെ ഇളമുറക്കാരിയായിരുന്നു അവര്‍. തായ്‌ലന്‍ഡിന്റെ സാമ്പത്തിക പുനരുജ്ജീവനവും സാമൂഹിക സന്തുലിതാവസ്ഥയും മികച്ച നയതന്ത്രവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയായ പെതൊങ്താൻ ഷിനവത്രയ്ക്ക് പക്ഷേ, ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് തോന്നുന്നില്ല. ഭരണത്തിലേറി ഒരു വര്‍ഷം പിന്നിടുന്നതിന് മുൻപേ ഇതാ പെതൊങ്താനും ഭരണപ്രതിസന്ധിയെ നേരിടേണ്ടിവരുന്നു. പ്രധാനമന്ത്രിയുടേതായി ചോര്‍ന്ന 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍സംഭാഷണമാണ് തായ്‌ലന്‍ഡില്‍ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മാത്രം പ്രാപ്തിയുള്ള ആ ഫോണ്‍ സംഭാഷണം ഷിനവത്രയുടെ പ്രധാനമന്ത്രി സ്ഥാനം തുലാസിലാക്കി. ഭരണപരിചയക്കുറവിന്റേയും രാഷ്ട്രീയവഞ്ചനയുടേയും ആരോപണങ്ങള്‍ ശക്തമായതോടെ പിതാവിനെ അധികാരസ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കിയ അതേ ശക്തികള്‍ ഇന്ന് പെതൊങ്താൻ ഷിനവത്രയ്‌ക്കെതിരേയും തിരിഞ്ഞിരിക്കുകയാണ്.
Content Highlights: Paetongtarn Shinawatra tailand government political crisis