ലോകം കൊതിക്കുന്ന ഇന്ത്യയുടെ ഫയർ & ഫോർഗെറ്റ് വജ്രായുധം; മൂർച്ചകൂട്ടി കരുത്താർജിക്കുന്ന ബ്രഹ്മോസ്

2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ എന്ന വജ്രായുധം ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്നത്. രാജ്യത്തിന്റെ ആയുധശേഷിയിലേക്ക് കൂട്ടിച്ചേര്‍ത്തെങ്കിലും ബ്രഹ്മോസ് ആദ്യമായി യുദ്ധസമാന സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് ഓപ്പറേഷന്‍ സിന്ദൂറിന് വേണ്ടിയാണ്. മെയ് 11നാണ് ലഖ്‌നൗവിലെ ബ്രഹ്മോസ് ഇന്റഗ്രേഷന്‍ ആന്റ് ടെസ്റ്റിങ് ഫെസിലിറ്റി സെന്റര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെയും റഷ്യയുടെയും മികച്ച പ്രതിരോധ സാങ്കേതികവിദ്യകളുടെ സംഗമം ആണ് ബ്രഹ്മോസ് മിസൈല്‍ എന്നാണ് ഉദ്ഘാടനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളില്‍ ഒന്നു മാത്രമല്ല, ഇന്ത്യന്‍ സായുധസേനയുടെ ശക്തിയുടെ, ശത്രുക്കള്‍ക്കെതിരേയുള്ള പ്രതിരോധത്തിന്റെ, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള സൈന്യത്തിന്റെ പ്രതിബദ്ധതയുടെ സന്ദേശമാണ് ബ്രഹ്മോസ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസിനെ വിശേഷിപ്പിക്കുന്നത് ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് എന്നാണ്. അതായത് വിക്ഷേപിച്ചുകഴിഞ്ഞാൽ മറ്റ് മാർഗനിർദേശങ്ങളൊന്നും ആവശ്യമില്ലാത്ത മിസൈൽ. കര അധിഷ്ഠിത, കപ്പല്‍ അധിഷ്ഠിത, വ്യോമാധിഷ്ഠിത ബ്രഹ്മോസുകള്‍ ഇതിനോടകം കഴിവ് തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ലോകരാജ്യങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആയുധമായി ബ്രഹ്മോസ് അന്താരാഷ്ട്രതലത്തില്‍ പേരെടുത്തുകഴിഞ്ഞു.
Content Highlights: Story of indias BrahMos missile the fire and forget stealthy cruise missile