503 കൊല്ലം മുന്‍പത്തെ അപരാധത്തിന് മാപ്പ് വേണം, സത്യപ്രതിജ്ഞയിൽ ഉടക്കി സ്പെയിനും മെക്സിക്കോയും

ഒരു മാപ്പ് പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമല്ലേ ഉള്ളൂ, അത് അങ്ങ് പറയൂ എന്ന് പലപ്പോഴും വ്യക്തിസംഭാഷണങ്ങളില്‍ പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ മാപ്പ് പറയാന്‍ കൂട്ടാക്കാത്തതിന് ഒരു രാജ്യത്തെ രാജാവിന്, മറ്റൊരു രാജ്യത്തെ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചു. ഈയടുത്ത് മെക്‌സിക്കോയില്‍.
മെക്‌സിക്കോയുടെ പ്രഥമ വനിതാ പ്രസിഡന്റായി മൊറേന പാര്‍ട്ടിയുടെ ക്ലോഡിയ ഷീന്‍ബോം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സ്‌പെയിനെ പ്രതിനിധീകരിച്ച് ആ ചടങ്ങില്‍ ആരുമുണ്ടായിരുന്നില്ല. 503 കൊല്ലം മുന്‍പ് സ്‌പെയിന്‍, മെക്‌സിക്കോയില്‍ നടത്തിയ അധിനിവേശത്തിന് മാപ്പ് പറയണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിന്റെ പരിണിതഫലമായിരുന്നു ആ ക്ഷണംനിരസിക്കലും അതേത്തുടര്‍ന്നുണ്ടായ സ്‌പെയിന്റെ അസാന്നിധ്യവും. പരസ്യമായി മാപ്പ് പറയണമെന്ന മെക്‌സിക്കോയുടെ ആവശ്യം അംഗീകരിക്കാതെ വന്നതോടെ സ്പാനിഷ് രാജാവായ ഫെലിപേ ആറാമന്, തന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ലോഡിയ ക്ഷണം നിരസിക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ ഒരു പ്രതിനിധിയെ പോലും ചടങ്ങിലേക്ക് അയക്കില്ലെന്ന് സ്പാനിഷ് സര്‍ക്കാരും വ്യക്തമാക്കി.
Content Highlights: spain king felipe vi excluded from the inauguration of mexico president claudia sheinbaum