വിദേശത്തേക്ക് ദത്ത് നല്‍കിയത് ലക്ഷക്കണക്കിന് കുട്ടികളെ, ഒടുവില്‍ ഏറ്റുപറഞ്ഞ് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയക്കാരിയായ ഹാന്‍ ടീ സൂണിന് തന്റെ മകള്‍ കയുങ് ഹായെ കുറിച്ചുള്ള അവസാനത്തെ ഓര്‍മ്മ 44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവള്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതാണ്. 1975 മേയ് മാസമായിരുന്നു അത്. മാര്‍ക്കറ്റില്‍ പോകാന്‍ ഇറങ്ങിയതായിരുന്നു ഹാന്‍ ടീ സൂണ്‍. മകളോട് നീ കൂടെ വരുന്നോ എന്ന് ചോദിച്ചു. കളിയില്‍ മുഴുകിയിരുന്ന അവള്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. അല്‍പസമയത്തിന് ശേഷം അവര്‍ മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും മകള്‍ അവിടെയുണ്ടായിരുന്നില്ല. പിന്നീട് തന്റെ മകളെ തേടി പതിറ്റാണ്ടുകള്‍ നീണ്ട നിരന്തര അന്വേഷണത്തിലായിരുന്നു ആ അമ്മ. ഒന്നിനും ഫലമുണ്ടായില്ല. 2019 ല്‍ അവര്‍ ഡി.എന്‍.എ ടെസ്റ്റിലൂടെ കാണാതായ കുട്ടികളെ കണ്ടെത്തുന്ന ഒരു സന്നദ്ധ സംഘടനയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഹാന്‍ ടീ സൂണിന്റെ ഡി.എന്‍.എ ഉപയോഗിച്ച് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ മകളെ കണ്ടെത്തി. അമേരിക്കയിലെ കാലിഫോര്‍ണിയയിലായിരുന്നു മകള്‍ കയുങ് ഹാ അപ്പോഴുണ്ടായിരുന്നത്. അവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന അവളുടെ അവിടുത്തെ പേര് ലാറി ബെന്‍ഡര്‍ എന്നായിരുന്നു.
അമ്മയെ കാണാനായി അവള്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി. 44 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും ഒരു സ്ത്രീ തട്ടിക്കൊണ്ട് പോയ അവളെ ഒരു അനാഥാലയ ഏജന്‍സി യാതൊരു അന്വേഷണവും നടത്താതെ അമേരിക്കന്‍ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ദക്ഷിണ കൊറിയയില്‍ നിന്ന് സര്‍ക്കാര്‍ പിന്തുണയില്‍ വിദേശത്തേക്ക് കടത്തപ്പെട്ട ലക്ഷക്കണക്കിന് കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു കയുങ് ഹാ. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എല്ലാ ശ്രമങ്ങളും വിഫലമായട്ടും പിന്തിരിയാതെ ആ അമ്മ നടത്തിയ പോരാട്ടമാണ് അവരെ ഒന്നിപ്പിച്ചത്. മകളെ കണ്ടെത്തിയിട്ടും അവര്‍ വിശ്രമിച്ചില്ല. തന്റെ മകളെ തന്റെടുത്ത് നിന്ന് തട്ടിയെടുത്ത് വിദേശത്തേക്കയച്ചത് തടയാന്‍ സാധിക്കാതിരുന്ന സര്‍ക്കാരിനെതിരേ അവര്‍ കേസ് കൊടുത്തു. ദക്ഷിണ കൊറിയയിലെ വിവാദ ദത്ത് നല്‍കലുകള്‍ക്കെതിരേ മനുഷ്യാവകാശലംഘനവും മനുഷ്യക്കടത്തും പോലുള്ള ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്ന നിരവധി പേരില്‍ ഒരാളാണ് അവര്‍. ഇത്തരത്തില്‍ സ്വന്തം കുട്ടികളെ നഷ്ടമായിട്ട് പിന്നീടൊരിക്കലും അവരെ കാണാന്‍ കഴിയാത്ത നിരവധി മാതാപിതാക്കള്‍ ആ രാജ്യത്തുണ്ട്. അതോടൊപ്പം വിദേശത്ത് നിന്ന് മടങ്ങിയെത്തി തങ്ങളുടെ യഥാര്‍ഥ മാതാപിതാക്കളെ തിരയുന്നവരും.
Content Highlights: south korea adoption scandal history