ചിറ്റഗോങ്ങില്‍ ഒരു പാക് കപ്പല്‍! ഭരണം മാറിയതിന് പിന്നാലെ അടുക്കുമോ പാകിസ്താനും ബംഗ്ലാദേശും?

പ്രതീകാത്മക ചിത്രം  | Photo : Anthony Kwan/Getty Images
പ്രതീകാത്മക ചിത്രം | Photo : Anthony Kwan/Getty Images

പാകിസ്താനും ബംഗ്ലാദേശും അടുക്കുകയാണോ? ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പാകിസ്താനില്‍നിന്നുള്ള ഒരു ചരക്കുകപ്പല്‍ ബംഗ്ലാദേശിന്റെ തെക്കു-കിഴക്കന്‍ തീരത്ത് നങ്കൂരമിട്ടു. പാനമയുടെ പതാകവെച്ച യുവാന്‍ സിയാങ് ഫാ സാന്‍ (Yuan Xiang Fa Zhan) എന്ന കപ്പലാണ് കറാച്ചിയില്‍നിന്ന് ചിറ്റഗോങ് തുറമുഖത്ത് എത്തിയത്. പാകിസ്താന്‍, യു.എ.ഇ. എന്നിവിടങ്ങളില്‍നിന്നുള്ള വസ്ത്രവ്യാപാരത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഭക്ഷ്യവസ്തുക്കളുമായിരുന്നു കപ്പലില്‍. അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യമായിട്ടാണ്‌ ഒരു കപ്പല്‍ പാകിസ്തിനില്‍നിന്ന് നേരിട്ട് ബംഗ്ലാദേശിലെത്തുന്നത്. നേരത്തെ പാകിസ്താനില്‍നിന്നുള്ള ചരക്കുകള്‍ മറ്റ് രാജ്യങ്ങളില്‍ ഇറക്കിയശേഷം ഫീഡര്‍ വെസലുകള്‍ വഴിയായിരുന്നു ബംഗ്ലാദേശില്‍ എത്തിച്ചിരുന്നത്. എന്നാല്‍, ആ പതിവ് തെറ്റിച്ചുകൊണ്ടാണ് ഒരു പാക് കപ്പല്‍ ബംഗ്ലാദേശ് തീരത്ത് അടുത്തത്. പാക്ക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് പിന്നാലെയാണ് കപ്പല്‍ ബംഗ്ലാദേശിലെത്തിയത്. 

പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതിനാകട്ടെ ബംഗ്ലാദേശിന്റെ രൂപീകരണത്തോളം പഴക്കമുണ്ട്. പടിഞ്ഞാറന്‍ പാകിസ്താനും കിഴക്കന്‍ പാകിസ്താനും തമ്മില്‍ രണ്ടുപതിറ്റാണ്ടിലേറെ നീണ്ട സംഘര്‍ഷങ്ങളാണ് 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ കലാശിച്ചതും പിന്നാലെ ബംഗ്ലാദേശ് സ്വതന്ത്രരാജ്യമാകുന്നതും. അതിന് ശേഷം ഏറിയും കുറഞ്ഞുമിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വല്ലാതെ മോശമാകുന്നത് ഹസീനയുടെ കാലഘട്ടത്തിലാണ്. ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല ഭരണകൂടം ബംഗ്ലാദേശില്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. പാകിസ്താനുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ വലിയ സൂചനകളാണ് പുറത്തുവരുന്നത്. ഇതില്‍ പക്ഷേ ഇന്ത്യയ്ക്ക് വലിയ താല്‍പര്യവുമില്ല.  

Content Highlights: Should India Be Worried About growing Pakistan-Bangladesh relations

Continue reading