പുതിയലോകക്രമം, പുതിയ സമവാക്യങ്ങള്‍; ചൈനയിലേക്ക് ഉറ്റുനോക്കി ലോകം

'ഒരേ അഭിലാഷങ്ങളുള്ളവരെ തമ്മിലകറ്റാന്‍ പര്‍വതങ്ങള്‍ക്കോ സമുദ്രങ്ങള്‍ക്കോ സാധിക്കില്ല'- 2024ല്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മിറ്റില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞ വാക്കുകളാണിത്. കസാഖ്സ്താനിലെ അസ്താനയില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ യോഗത്തില്‍ ഷി ഇത് പറയുമ്പോള്‍ അതില്‍ ഒരല്‍പം അതിശയോക്തി കലര്‍ന്നിരുന്നു എന്ന് തന്നെ പറയേണ്ടിവരും. കാരണം എസ്.സി.ഓയിലെ അംഗങ്ങള്‍ക്കിടയില്‍ അന്ന് ഒരേ അഭിലാഷങ്ങളുണ്ടായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ലായിരുന്നു. ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്തിനധികം ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ണായകമായ ആ യോഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിലൊന്നായ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുത്തിട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നതല്ല സ്ഥിതി. ലോകം മുഴുവന്‍ ചൈനയിലേക്കും എസ്.സി.ഒ സമ്മിറ്റിലേക്കും ഉറ്റുനോക്കുകയാണ്. ഷിയും മോദിയും പുതിനുമെല്ലാം കൈകോര്‍ത്ത് നില്‍ക്കുകയാണ്. അവര്‍ക്കിടയില്‍ ഒരേ അഭിലാഷങ്ങളുണ്ട്. ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് കൃത്യമായ ബോധ്യവുമുണ്ട്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നത്. 2018ലായിരുന്നു മോദിയുടെ അവസാന സന്ദര്‍ശനം. അതിനിടയില്‍ ചൈനയുമായുള്ള ബന്ധം പല ഉയര്‍ച്ചതാഴ്ചകള്‍ പിന്നിട്ടു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യ-ചൈന ബന്ധത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ലോകഭൗമരാഷ്ട്രീയ അന്തരീക്ഷത്തെ മൊത്തത്തില്‍ മാറ്റിമറിച്ചു. അവസാനമിപ്പോള്‍ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അമ്പത് ശതമാനത്തിലേറെയുള്ള താരിഫും കൂടിയായപ്പോള്‍ ഇന്ത്യയുടെയും പരിഗണനകള്‍ മാറി. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും ബന്ധം മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൈനയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഈ ഉച്ചകോടി ഏറെ നിര്‍ണായകമാവുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനും ഇതില്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ലോകസാഹചര്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്ന നിര്‍ണായകമായ തീരുമാനങ്ങളും കൂട്ടായ്മകളും പിറക്കാന്‍ സാധ്യതയുള്ളതാണ് ഈ സമ്മിറ്റെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Content Highlights: shanghai cooperation organisation who’s attending