വിമാനത്തിലോ ബസിലോ? ഹസീന മടങ്ങിയാൽ ഇന്ത്യ എന്ത് ചെയ്യും? ബംഗ്ലാദേശിൽ കലാപാന്തരീക്ഷം

മുൻകൂട്ടി നിശ്ചയിച്ചതുപോലെ സംഭവിക്കുകയാണെങ്കിൽ ഡിസംബർ 16-ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ കാലുകുത്തുക കത്തുന്ന തീയിലേക്കായിരിക്കും. 2024 ഓഗസ്റ്റ് 22-ന് ധാക്കയിൽനിന്ന് പ്രത്യേക വിമാനത്തിലായിരുന്നു ഡൽഹിയിൽ എത്തിയതെങ്കിൽ ഇക്കുറി ബംഗാൾ അതിർത്തി വഴി തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ് ഹസീന.
ഹസീനയെ പുറത്താക്കിയ പ്രതിപക്ഷ വിപ്ലവത്തിൽ ജനം മടുത്തെന്നാണ് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒന്നും ചെയ്യാതെ, എതിരാളികളുടെ രോഷത്തിനു മുന്നിൽ പഞ്ചപുച്ഛമടക്കിനിന്ന അവാമി ലീഗ് പ്രവർത്തകർ രണ്ടു വർഷത്തിനുശേഷം തെരുവുകൾ കത്തിക്കുകയാണ്. നിരോധിത സംഘടനയാണെങ്കിലും രാജ്യവ്യാപകമായി ലോക്ക്ഡൗണിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംഘടന. റോഡുകൾ ഉപരോധിക്കുകയും സ്ഥാപനങ്ങൾക്ക് തീയിടുകയും ചെയ്ത് സൃഷ്ടിക്കപ്പെടുന്ന കലാപാന്തരീക്ഷത്തെ ബംഗ്ലാദേശ് നാഷണൽ പാർട്ടി(ബി.എൻ.പി.) തിരിച്ചടിക്കുന്നത് അവാമി നേതാക്കന്മാരുടെ വീടുകൾ കത്തിച്ച്്.
ബംഗ്ലാദേശിന്റെ എല്ലാമായ പരുത്തിത്തുണി വ്യവസായത്തിനാണ് ഇതിനിടയിൽ ഏറ്റവും കൂടുതൽ പരുക്കേറ്റത്. 4,000 കോടി ടാക്ക(1 ടാക്ക= 75 പൈസ)യുടെ വസ്ത്ര കയറ്റുമതി ഏതാണ്ട് നിലച്ച മട്ടാണ്. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലിയില്ലാത്ത അവസ്ഥ. ഹസീനയുടെ ഭരണകാലം തിരിച്ചുവരണമെന്ന് അവർ ആഗ്രഹിക്കുന്നില്ലെങ്കിലും ഇതിലും നല്ലത് അവർ തന്നെയാണെന്ന തോന്നലാണ് സാധാരണ ജനത്തിന്. ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നത് അത്രയൊന്നും എളുപ്പമല്ല ഹസീനയ്ക്ക്. യാത്രാരേഖകളൊന്നും സർക്കാർ കൊടുത്തിട്ടില്ല. നിലവിലെ ഭരണകൂടത്തെ സംബന്ധിച്ച് അവർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയാണ്. പക്ഷേ, അവർ തിരിച്ചുവരണമെന്നോ തൂക്കിലേറ്റപ്പെടണമെന്നോ പഴയതുപോലെ ബംഗ്ലാദേശ് നാഷണൽ പാർട്ടി(ബി.എൻ.പി.) ചിന്തിക്കുന്നില്ല.
ഹസീനയ്ക്കെതിരായ കലാപത്തിനു പിന്നിൽ അണിനിരിന്ന ധാക്കയിലെ വിദ്യാർത്ഥികൾ ഇപ്പോൾ ചിത്രത്തിലില്ല. വിദ്യാർത്ഥികൾക്ക് ശക്തമായ പിന്തുണയും പ്രേരണയും നൽകിയ ജമാഅത്തെ ഇസ്ലാമിയും സജീവമല്ല. തിരഞ്ഞെടുപ്പിൽ തോറ്റതോടെ അവരുടെ ശക്തി ക്ഷയിച്ചതായാണു വിലയിരുത്തൽ. വലിയ പ്രതീക്ഷയോടെയാണ് ബി.എൻപിയെയും അവരുടെ പ്രവാസി നേതാവ് താരിഖ് റഹ്മാനേയും അധികാരത്തിൽ തിരിച്ചെത്തിച്ചതെങ്കിലും കാര്യമായ അഴിച്ചുപണി നടത്താനോ മാറ്റങ്ങൾ കൊണ്ടുവരാനോ ഭരണകൂടത്തിനു കഴിഞ്ഞിരുന്നില്ല. 2026 ഫെബ്രുവരി 12-ന് അധികാരത്തിലേറി പത്ത് മാസങ്ങൾ പിന്നിട്ടിട്ടും ബി.എൻ.പിക്ക് പണപ്പെരുപ്പത്തിനോ അഴിമതിക്കോ എതിരെ ഒന്നും ചെയ്യാനായിട്ടില്ല.
കൃത്യമായ ആസൂത്രണത്തോടെ അമേരിക്കൻ ഡീപ് സ്റ്റേറ്റ് നടപ്പാക്കിയെന്ന ആരോപണം നേരിടുന്ന ഹസീനയ്ക്കെതിരായ കലാപത്തെ അതേരീതിയിൽ തിരിച്ചടിക്കാനുള്ള ശ്രമത്തിലാണ് അവാമി ലീഗെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ 16-ന് ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് വിമാനസൗകര്യം ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സാധുവായ പാസ്പോർട്ടില്ലാതെ വിമാനയാത്ര സാധ്യമല്ല. കരമാർഗ്ഗമുള്ള അതിർത്തി ചെക്ക്പോസ്റ്റ് വഴി മടങ്ങുന്ന കാര്യവും ഹസീന പരിഗണിക്കുന്നതായി പിന്നാലെ വാർത്തകൾ വന്നു. പെട്രാപോൾ-ബെനാപോൾ അതിർത്തി ഉൾപ്പെടെ പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും സാധ്യമായ പ്രവേശന കവാടങ്ങൾ അവാമി ലീഗ് നേതാക്കളും അനുഭാവികളും പരിശോധിച്ചതായാണ് വിവരം. ഹസീനയ്ക്ക് പാസ്പോർട്ട് നൽകില്ലെന്നും കുറ്റവാളി കൈമാറ്റ നടപടികളിലൂടെ മാത്രമേ അവർക്ക് മടങ്ങിവരാൻ കഴിയൂ എന്നുമുള്ള നിലപാടിലാണ് ബംഗ്ലാദേശ്.
ലോകത്ത് ഏറ്റവും കൂടുതൽ വസ്ത്രവും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന ബംഗ്ലാദേശ് ഇപ്പോൾ മറ്റൊരു കലാപത്തിന്റെ തൊട്ടടുത്താണ്. 29, 30 തീയതികളിൽ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത അവാമി ലീഗ് അവരുടെ ശക്തികേന്ദ്രങ്ങളിൽ ഇത് കർശനമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ബംഗ്ലാദേശിന്റെ തെക്കൻ ജില്ലകളായ ഗോപാൽഗഞ്ചിലും ഫരീദ്പുരിലും അവാമി ലീഗ് ശക്തമാണ്. ഇവിടെ പ്രത്യേക പോലീസ് സേനയെ നിയോഗിച്ചിട്ടിണ്ടെങ്കിലും ജനങ്ങൾ പുറത്തിറങ്ങുന്നില്ല. മരങ്ങൾ മുറിച്ചിട്ട് റോഡുകൾ ഉപരോധിക്കുകയും തെരുവുകളിൽ തീയിടുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ 16-ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്ന പ്രഖ്യാപനത്തെത്തുടർന്ന് രാജ്യത്ത് 120 പ്ലാറ്റൂൺ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബി.ജി.ബി.) സേനയെ വിന്യസിച്ചു. ഇതിൽ 116 പ്ലാറ്റൂണുകളെ ഏഴ് ജില്ലകളിലായി വിന്യസിച്ചു. നാല് പ്ലാറ്റൂണുകളെ കരുതൽ സേനയായി നിലനിർത്തിയിട്ടുണ്ട്. 14 ജില്ലകളിൽ തീയിടലുകളും നാടൻ ബോംബ് സ്ഫോടനങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവംബർ 7-നും 27-നും ഇടയിൽ രാജ്യത്തുടനീളം 101 വാഹനങ്ങൾക്ക് തീയിടുകയും 100 നാടൻ ബോംബ് സ്ഫോടനങ്ങൾ നടക്കുകയും ചെയ്തതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ ബി.ജി.ബി സൈനികരെ വിന്യസിച്ചിരിക്കുന്നത് ഈ ജില്ലയിലാണ്, 56 പ്ലാറ്റൂൺ. ധാക്ക, ഗാസിപൂർ, നാരായൺഗഞ്ച്, മൈമെൻസിങ്, ഗോപാൽഗഞ്ച്, ചട്ടോഗ്രാം, കോക്സ് ബസാർ എന്നീ ഏഴ് ജില്ലകളിലായാണ് അർധസൈനികരെ നിയോഗിച്ചിട്ടുള്ളത്. കണക്കുകൾ പ്രകാരം 116 പ്ലാറ്റൂണുകളുടെ വിന്യാസം ഇങ്ങനെയാണ്: ധാക്കയിലെ സവാർ, അഷുലിയ എന്നിവിടങ്ങളിൽ 17, ഗാസിപൂരിൽ 19, നാരായൺഗഞ്ചിൽ 7, മൈമെൻസിംഗിലെ ഭലൂക്കയിൽ 2, ഗോപാൽഗഞ്ചിൽ 56, ചട്ടോഗ്രാമിൽ 8, കോക്സ് ബസാറിൽ 7. നാല് പ്ലാറ്റൂണുകളെ കൂടി കരുതൽ സേനയായി നിർത്തിയതോടെ ആകെ വിന്യാസവും കരുതൽ ശക്തിയും 120 പ്ലാറ്റൂണുകളായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 ജില്ലകളിലായി ഇരുപതിലധികം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി 'ദി ബിസിനസ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് ചെയ്തു. 64 ജില്ലകളാണ് ബംഗ്ലാദേശിൽ ആകെയുള്ളത്. ധാക്ക, സവാർ, രാജ്ഷാഹി, നാരായൺഗഞ്ച് എന്നിവിടങ്ങളിൽ ബസുകൾക്ക് നേരെയും സിൽഹെറ്റിൽ ബി.എൻ.പി നേതാവ് എം.എ. മാലിക്കിന്റെ വസതിക്ക് നേരെ പെട്രോൾ ബോംബ് ആക്രമണവും ഉണ്ടായി. രാജ്ഷാഹിയിലെ പാബ-2 വൈദ്യുതി സബ്സ്റ്റേഷൻ ആക്രമിച്ച സംഘം ജീവനക്കാരെ തോക്കുചൂണ്ടി ബന്ദികളാക്കുകയും പെട്രോൾ ബോംബുകൾ എറിയുകയും ചെയ്തു.
ഗോപാൽഗഞ്ചിൽ രണ്ട് പോലീസ് സ്റ്റേഷനും ഒട്ടേറെ കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. ബി.എൻ.പി. എം.പി എസ്.എം. ജിലാനിയുടെ തറവാട് വീടിനും അക്രമികൾ തീയിട്ടു. പലയിടത്തും മൊബൈൽ സാമ്പത്തിക സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. അക്രമസംഭവങ്ങളെ തുടർന്ന് നവംബർ 15 മുതൽ ഗോപാൽഗഞ്ചിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നവംബർ 10-നും 25-നും ഇടയിൽ 104 ഗ്രാമീൺ ബാങ്ക് ശാഖകളെയും ഓഫീസുകളെയും അക്രമസംഭവങ്ങൾ ബാധിച്ചതായും സുരക്ഷാ കാരണങ്ങളാൽ 29 ശാഖകളുടെ പ്രവർത്തനം നിർത്തിവെച്ചതായും ബംഗ്ലാദേശ് ബാങ്ക് അറിയിച്ചു.
ബംഗ്ലാദേശിലെ രണ്ട് പ്രമുഖ കക്ഷികൾ തെരുവുകളിൽ നേരിട്ട് ഏറ്റുമുട്ടുന്നുവെന്നതാണ് സംഭവങ്ങളുടെ തീവ്രത വർധിപ്പിക്കുന്നത്. എഴുപത്തൊമ്പതുകാരിയായ ഹസീനയുടെ തിരിച്ചുവരവിന് കളമൊരുക്കുകയാണ് അവാമി ലീഗിന്റെ ലക്ഷ്യം. തെരുവുകൾ കത്തിച്ചിട്ടാണെങ്കിൽ അങ്ങനെയെന്നാണ് ഇനിയും പരസ്യമായി പുറത്തുവരാത്ത അവരുടെ നേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താനും അവർ മടിക്കുന്നില്ല. ഇടക്കാല സർക്കാരിനെ നയിച്ച മുഹമ്മദ് യൂനുസ് തുടങ്ങിവെച്ച ചെറുകിട ബാങ്കുകളേയും അവർ തീവെച്ചു നശിപ്പിക്കുകയാണ്.
അരാജകത്വമെന്ന് പുറമേ തോന്നുന്ന ആസൂത്രിത അക്രമങ്ങളാണ് യഥാർത്ഥത്തിൽ ബംഗ്ലാദേശിൽ നടക്കുന്നത്. നിയമവാഴ്ചയുടെ തകർച്ച യാദൃച്ഛികമല്ലെന്നു ചുരുക്കം. താരിഖ് റഹ്മാന്റെ പരിചയക്കുറവും ബി.എൻ.പി. സർക്കാരിന്റെ പിടിപ്പുകേടും സാമ്പത്തികത്തകർച്ച സമൂഹത്തെ മൊത്തമായി ബാധിച്ചിട്ടുണ്ട്. ഹസീനയെ പുറത്താക്കാൻ തെരുവിലിറങ്ങിയ വിദ്യാർത്ഥികളും നിരാശരാണ്. കടുത്ത പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയോട് മുഖാമുഖം നിൽക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം അതീവഗുരുതരം. ബംഗ്ലാദേശിന്റെ നട്ടെല്ലായ വസ്ത്രനിർമ്മാണ മേഖല ഏതാണ്ട് സ്തംഭിച്ചു കഴിഞ്ഞു. മിനിമം വേതനം 12,500 ടാക്കയിൽനിന്ന് 30,000 ടാക്ക ആയി ഉയർത്തണം എന്നാവശ്യപ്പെട്ട് തൊഴിലാളികൾ സമരത്തിലാണ്. ഓർഡറുകൾ ഏറ്റവും കൂടുതലുള്ള സീസൺ. സമരം കാരണം നൂറുകണക്കിന് ഫാക്ടറികൾ അടച്ചുപൂട്ടി.
യൂനുസിന്റെ ഭരകാലത്ത് ഇന്ത്യയിൽനിന്നുള്ള നൂൽ, അരി കടത്തിന് ബംഗ്ലാദേശ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട്, ചൈനാ സന്ദർശനത്തിനിടെ യൂനുസ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കടൽമാർഗം ഇനിയുണ്ടാവില്ലെന്നു പ്രസ്താവിച്ച ശേഷമാണ് ഇന്ത്യയും നിയന്ത്രണങ്ങളേർപ്പെടുത്തി. ഇത് ബംഗ്ലാദേശിൽ കടത്തുകൂലി കൂടുന്നതിനും കയറ്റുമതി വൈകുന്നതിനും ഇടയാക്കി. ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പ് ഇന്ത്യൻ തുറമുഖങ്ങളുമായും വിപണികളുമായും ഗതാഗത ശൃംഖലകളുമായും ആഴത്തിൽ ബന്ധപ്പെട്ടാണെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ പുതിയ ഭരണാധികാരികൾക്കു കഴിഞ്ഞില്ല. ഡീസലിനും വൈദ്യുതിക്കും അരിക്കും വസ്ത്രനിർമാണത്തിനാവശ്യമായ നൂലിനുമൊക്കെ ഇന്ത്യയെ ആശ്രയിക്കാതെ നിവൃത്തിയില്ല. പാകിസ്താനുമായുള്ള ബദൽ പങ്കാളിത്തങ്ങൾക്കോ തുർക്കിയുമായുള്ള ഊർജ്ജ കരാറുകൾക്കോ ഇന്ത്യയുടെ ഭൂമിശാസ്ത്രപരവും വാണിജ്യപരവുമായ പ്രാധാന്യത്തിന് പകരമാകാൻ കഴിയില്ല.
ദൂരെയുള്ള മറ്റൊരു രാജ്യത്തിൽനിന്ന് വിടുതൽ പ്രഖ്യാപിച്ച് തൊട്ടടുത്ത അയൽക്കാരന്റെ സഹായത്തോടെ പുതിയ രാജ്യം രൂപീകരിച്ചിട്ട് അമ്പത് വർഷം പിന്നിടുന്നു(1971-ലായിരുന്നു ബംഗ്ലാദേശ് വിമോചനയുദ്ധം). 55 വർഷത്തിനുശേഷം വീണ്ടുമത് ഇന്ത്യയുടെകൂടി പ്രശ്നമായി മാറുകയാണ്. 1971-ൽ പാകിസ്താനെ കീഴടക്കിയാണ് വിജയം കൈക്കൊണ്ടതെങ്കിൽ മറ്റൊരു ഭരണമാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുയാണെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്.
ബി.എൻ.പിയുമായി നല്ല ബന്ധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ നയതന്ത്രജ്ഞർ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായും ബന്ധം പുലർത്തുന്നുണ്ട്. 2026 ഒക്ടോബർ 16-ന് ധാക്കയിൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാക്കൾ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ സഹായി എം.ഡി. റാഷിദ് ഖാൻ ആരോപിച്ച കാര്യം ഓർക്കുക. ഹസീനയ്ക്കെതിരായി നടന്ന കലാപങ്ങൾക്കു പിന്നിലുണ്ടെന്ന് പറയപ്പെടുന്ന അമേരിക്ക കൂടുതൽ നിഷ്പക്ഷമായ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ചൈനയാകട്ടെ പരോക്ഷമായോ പ്രത്യക്ഷമായോ രംഗത്തുള്ളതിനു തെളിവുമില്ല. നേരിട്ട് ഇടപെടുന്നതിനു പകരം, ഇന്ത്യയുമായുള്ള ധാക്കയുടെ ബന്ധം വഷളായ സാഹചര്യം മുതലെടുത്ത് തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നത്.
ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ അതിനു പിന്നിൽ ഇന്ത്യയാണെന്ന് എളുപ്പത്തിൽ ആരോപിക്കാൻ സാധിക്കും. ബംഗ്ലാദേശിന്റെ പിറവിക്കു പിന്നാലെ ദുർഗയെന്ന വിശേഷണം നേടിയെടുത്ത ഇന്ദിര ഗാന്ധിയെ മാതൃകയാക്കി ബംഗ്ലാദേശിനു പുതുജീവൻ കൊടുക്കാനുള്ള ശ്രമത്തിലായിരിക്കുമോ ഇന്നത്തെ ഭരണകർത്താക്കളെന്നു പറയാനാവില്ല. ഹസീന ജീവനോടെ ധാക്കയിൽ എത്തുമെന്നും കരുതാനാവില്ല. ഒരു കാര്യം ഉറപ്പ്; ചരിത്രത്തിന്റെ നിർണായകമായ സന്ധിയിലാണ് ഇന്ന് ബംഗ്ലാദേശ് നിലകൊള്ളുന്നത്. അവർ ഇന്ത്യയിൽ തുടരണമോ പോകണോ എന്ന് ഇനി ഇന്ത്യ തീരുമാനിക്കും. പോകാനാണ് അനുമതിയെങ്കിൽ ബംഗ്ലാദേശിൽ ഒരിക്കൽക്കൂടി വിജയിക്കാനേ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കൂ എന്ന കാര്യം ഉറപ്പ്.
Content Highlights: Bangladesh is experiencing significant political turmoil, with opposition parties and banned organizations calling for nationwide lockdowns and protests against former Prime Minister Sheikh Hasina's potential return, leading to widespread violence and economic disruption, particularly affecting the textile industry. The Awami League, led by Hasina, is reportedly preparing to counter the opposition's revolt, with significant deployment of security forces across key districts, while facing challenges such as lack of valid travel documents for Hasina's return and accusations of orchestrated unrest. The political instability is compounded by economic challenges, including inflation, unemployment, and a near-halt in garment exports, with Bangladesh's reliance on India for essential imports highlighting the geopolitical complexities and potential influence of neighboring countries like India and China.