സിനിമയെടുക്കരുതെന്ന് ഇറാന്‍ വിലക്കി; പാം ദോറുമായി പനാഹി തിരിച്ചെത്തുമ്പോള്‍

#അജ്നാസ് നാസർ
ജാഫര്‍ പനാഹി പാം ദോര്‍ പുരസ്‌കാരവുമായി | Photo: gettyimages
ജാഫര്‍ പനാഹി പാം ദോര്‍ പുരസ്‌കാരവുമായി | Photo: gettyimages

'ഇരുപത് വര്‍ഷത്തേക്ക് ഇനി നിങ്ങള്‍ സിനിയെടുത്ത് പോകരുത്....' 2011ല്‍ ഇറാന്‍ ഭരണകൂടം ലോകപ്രശസ്ത സംവിധായകന്‍ ജാഫര്‍ പനാഹിക്ക് നല്‍കിയ ആജ്ഞയായിരുന്നു അത്. പലതവണ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിലിട്ട ശേഷമാണ് ഇറാന്‍ ഭരണകൂടം പനാഹിക്ക് സിനിമ സംവിധാനം ചെയ്യല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അത് മാത്രമല്ല, ഒരു മനുഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടു. തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നിവയ്‌ക്കൊന്നും അവകാശമുണ്ടായിരുന്നില്ല. പക്ഷേ, ജാഫര്‍ പനാഹി എന്ന സംവിധായകനെ തളര്‍ത്താന്‍ ഭരണകൂടത്തിനായില്ല. അദ്ദേഹം വീണ്ടും വീണ്ടും സിനിമകള്‍ എടുത്തുകൊണ്ടിരുന്നു. ഒളിച്ചും പാത്തും അതീവരഹസ്യമായുമെല്ലാമായിരുന്നു ലോകം മുഴുവന്‍ ആരാധകരുള്ള ഒരു സംവിധായകന്‍ തന്റെ സിനിമകള്‍ നിര്‍മിച്ചത്.

ഭരണകൂടത്തിന്റെ വാള്‍ തന്റെ തലയ്ക്ക് മുകളില്‍ തൂങ്ങുമ്പോഴും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യരെ കുറിച്ചും സ്ത്രീകളെ ഇസ്ലാമിക ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ കുറിച്ചുമെല്ലാം ആ സിനിമകള്‍ മനോഹരമായ ഭാഷകളില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഏറ്റവും അവസാനം അദ്ദേഹം സംവിധാനം ചെയ്ത ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് എന്ന സിനിമ ഇറാനിലെ രാഷ്ട്രീയ തടവുകാരുടെ പ്രതികാരദാഹത്തിന്റെ കഥയാണ് പറഞ്ഞത്. ഇറാനിലെ കുപ്രസിദ്ധമായ ജയിലില്‍ തടവില്‍ കഴിഞ്ഞപ്പോഴുള്ള ഭീകരമായ അനുഭവങ്ങളില്‍ നിന്നാണ് അദ്ദേഹം ഊ സിനിമ നിര്‍മിച്ചത്. ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മേളയിലെ സമുന്നത പുരസ്‌കാരമായ പാം ദോര്‍ കരസ്ഥമാക്കിയിരിക്കുകയാണ്. തന്നെ സിനിമയെടുക്കുന്നതില്‍ നിന്ന് വിലക്കിയ അതേ രാജ്യത്തേക്ക് പാം ദോറും പിടിച്ച് കഴിഞ്ഞ ദിവസമാണ് ജാഫര്‍ പനാഹി വന്നിറങ്ങിയത്... ആര്‍പ്പുവിളിച്ചാണ് ഇറാനിയന്‍ ജനത വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

Content Highlights: palme dor winner iranian director jafar panahi life story

Continue reading