ചതിയും കള്ളക്കടത്തും കൊണ്ട് നിര്‍മിച്ച ആയുധം; പാകിസ്താന്‍ രഹസ്യമായി ആണവായുധം പരീക്ഷിക്കുന്നുവോ?

ആണവായുധങ്ങള്‍ സജീവമായി പരീക്ഷിക്കുന്ന രാജ്യമാണോ പാകിസ്താന്‍? ആണെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിപ്രായം. പാകിസ്താന് പുറമേ, റഷ്യ, ചൈന, ഉത്തരകൊറിയ തുടങ്ങി നിരവധി രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ‘ഈ രാജ്യങ്ങളൊന്നും പരീക്ഷണം നടത്തുന്നത് എവിടെയാണെന്നറിയില്ല. പക്ഷേ, പരീക്ഷണം നടക്കുന്നുണ്ടെന്നത് ഉറപ്പാണ്. ഭൂമിക്കടിയിലാണ് പരീക്ഷണം നടത്തുന്നത്. അവിടെ സംഭവിക്കുന്നതെന്താണെന്ന് ആളുകള്‍ക്ക് കൃത്യമായി അറിയില്ല. ചെറിയൊരു പ്രകമ്പനം അനുഭവപ്പെടും. അവരൊന്നും അതേക്കുറിച്ച് സംസാരിക്കില്ല. പക്ഷേ, യു.എസ്. ഒരു തുറന്ന പുസ്തകമാണ്. രാജ്യം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നു. സംസാരിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യും. പക്ഷേ, മറ്റു രാജ്യങ്ങളിലൊന്നും ആണവ പരീക്ഷണത്തെക്കുറിച്ച് എഴുതാന്‍ റിപ്പോര്‍ട്ടര്‍മാരില്ല’.- ട്രംപ് പറഞ്ഞു. ഈ രാജ്യങ്ങള്‍ ആണവ പരീക്ഷണം നടത്തുന്നതിനാല്‍ യു.എസിനും പരീക്ഷണം നടത്തുന്നത് അത്യാവശ്യമാണെന്നും ട്രംപ് പറഞ്ഞു. യു.എസ്. ആണവായുധ പരീക്ഷണം പുനരാരംഭിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
സാമ്പത്തിക തകര്‍ച്ച നേരിടുന്ന, രാഷ്ട്രീയമായി അസ്ഥിരമായ പാകിസ്താന്‍ ഇപ്പോഴും ആണവായുധങ്ങള്‍ മെച്ചപ്പെടുത്തുകയാണോ? അവർ തുടർ പരീക്ഷണങ്ങൾ നടത്തുന്നുണ്ടോ? പട്ടാളത്തിന്റെ കാരുണ്യത്തില്‍ മാത്രം ഭരണം നടന്നുപോകുന്ന ഒരു രാജ്യത്തെക്കൊണ്ട് ഇത് സാധ്യമാണോ? ഇതിനെല്ലാം ഉത്തരം പറയണമെങ്കില്‍ പാകിസ്താന്റെ അണുബോംബ് നിര്‍മാണപദ്ധതിയുടെ ചരിത്രം പറയേണ്ടിവരും. ചതിയും കള്ളക്കടത്തും ചാരപ്രവര്‍ത്തനവും അടിത്തറയിട്ട പരീക്ഷണം. യൂറോപ്പിൽനിന്ന് മോഷ്ടിച്ച സാങ്കേതികവിദ്യയുടെ പുറത്ത് കെട്ടിപ്പെടുത്ത ആണവ പരീക്ഷണത്തിന്റെ കഥ. ആ കഥ പരിശോധിക്കാം.