ഇന്ത്യ അങ്ങനെയങ്ങ് വളരേണ്ട; ചൈനീസ് അനുഭവം മുൻനിർത്തി അമേരിക്കയുടെ തലതിരിഞ്ഞ നയങ്ങൾ

2026-ലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം യുഎസ്-ഇന്ത്യ ബന്ധത്തിൽ സങ്കീർണ്ണമായ വഴിത്തിരിവിലാണ്. റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തുടരുന്നതിനെച്ചൊല്ലി ഇന്ത്യ കടുത്ത ഉപരോധ ഭീഷണികളെ നേരിടുന്നു. 'ലിൻഡ്‌സെ ഒ ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026' (Lindsey O Graham Sanctions Bill) എന്ന ബില്ലിന് അമേരിക്കൻ കോൺഗ്രസിൽ ലഭിച്ച പിന്തുണ ഈ സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ഈ നിയമം.
1998-ൽ പൊഖ്‌റാനിലെ രണ്ടാമത്തെ ആണവ പരീക്ഷണത്തിന് ശേഷം ഇന്ത്യ നേരിട്ട ഉപരോധങ്ങളെയാണ് ഈ സാഹചര്യങ്ങൾ അനുസ്മരിപ്പിക്കുന്നത്. അന്ന് ഇന്ത്യയുടെ ആണവ മോഹത്തെ തളയ്ക്കാൻ സാങ്കേതികവിദ്യ കൈമാറുന്നത് അമേരിക്ക നിരോധിക്കുകയും അമേരിക്കൻ ബാങ്കുകളിൽനിന്ന് ഇന്ത്യയ്ക്ക് വായ്പ നൽകുന്നത് തടയുകയും ചെയ്തിരുന്നു. പിന്നീട് 2001 സെപ്റ്റംബറിൽ ജോർജ്ജ് ഡബ്ല്യു. ബുഷ് ഭരണകൂടം ഇന്ത്യക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കം ചെയ്തത് പുതിയൊരു തന്ത്രപരമായ പങ്കാളിത്തത്തിന്റെ തുടക്കമായിരുന്നു. എന്നാൽ, കൃത്യം 25 വർഷങ്ങൾക്ക് ശേഷം, 2026-ൽ, വാഷിങ്ടൺ വീണ്ടും ഇന്ത്യക്കെതിരെ സാമ്പത്തിക നടപടികൾക്ക് കോപ്പുകൂട്ടുന്നത് വീണ്ടുമൊരു നയതന്ത്ര അനിശ്ചിതത്വത്തിലേക്കാണ് വഴിതുറക്കുന്നത്. 1998-ലെ ആണവ പരീക്ഷണങ്ങൾ ആണവായുധവുമായി ബന്ധപ്പെട്ട സുരക്ഷാപരമായ ഭിന്നതയായിരുന്നുവെങ്കിൽ, ഇന്ന് റഷ്യൻ അസംസ്‌കൃത എണ്ണ ഇറക്കുമതിയെച്ചൊല്ലിയുള്ള തർക്കം സാമ്പത്തികവും ഊർജ്ജപരവുമായ താൽപ്പര്യങ്ങളുടെ സംഘട്ടനമാണ്. കൃത്യം 25 വർഷങ്ങൾക്ക് ശേഷം, ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കും തന്ത്രപരമായ സ്വയംഭരണത്തിന്മേലും പിടിമുറുക്കാൻ ശ്രമിക്കുകയാണ് അമേരിക്ക.
അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കിടയിലും സ്വന്തം ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ എന്നത് ഒരു വിട്ടുവീഴ്ചയുമില്ലാത്ത തന്ത്രപരമായ അനിവാര്യതയാണെന്ന് ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ചൈനാ പേടി
മറ്റൊരു ചൈന എന്നൊരു ഭീതിയിൽനിന്ന് ഉരുത്തിരിയുന്ന പ്രകടനങ്ങളായി ഇതിനെ നിരീക്ഷിക്കുന്നവരുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ചൈനയുടെ സാമ്പത്തികവും വ്യവസായികവുമായ വളർച്ചയ്ക്ക് അമേരിക്ക സൗകര്യമൊരുക്കിയത്, സമ്പന്നമാകുന്ന ചൈന ആഗോള ജനാധിപത്യ ക്രമത്തിന്റെ ഭാഗമായി മാറുമെന്ന ധാരണയിലായിരുന്നു. എന്നാൽ, ചൈന തങ്ങളുടെ സാമ്പത്തികശേഷി ഉപയോഗിച്ച് അമേരിക്കൻ ആധിപത്യത്തെ നേരിട്ട് വെല്ലുവിളിക്കുന്ന ആഗോള ശക്തിയായി മാറിയത് വാഷിങ്ടണിലെ ഭൗമരാഷ്ട്രീയ കണക്കുകൂട്ടലുകളെ തെറ്റിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സാമ്പത്തിക-സൈനിക വളർച്ചയെ അമേരിക്കൻ വിദേശനയ വൃത്തങ്ങൾ അതീവ ജാഗ്രതയോടെ കാണാൻ തുടങ്ങിയത്. ഇന്ത്യയും മറ്റൊരു ചൈനയായി മാറി ഭാവിയിൽ അമേരിക്കൻ ആധിപത്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക ഇന്ന് വാഷിങ്ടണിലെ നയരൂപീകരണ ചർച്ചകളിൽ സജീവമാണ്. 'ചൈനയുടെ കാര്യത്തിൽ വരുത്തിയ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കരുത്' (Never repeat the China mistake) എന്ന പുതിയ യു.എസ്. നയതന്ത്ര സിദ്ധാന്തത്തിന്റെ ഉത്ഭവം ഈ അനുഭവത്തിൽ നിന്നാണ്. യു.എസ്. ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റോഫർ ലാൻഡൗ ന്യൂഡൽഹി സന്ദർശന വേളയിൽ, ഇരുപത് വർഷം മുൻപ് ചൈനയുടെ കാര്യത്തിൽ ചെയ്ത അതേ ‘അപരാധങ്ങൾ’ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പരസ്യമായി പ്രസ്താവിച്ചത് ഇതിന്റെ തെളിവാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നയതന്ത്ര സമീപനങ്ങളിലും ഈ മുൻകരുതൽ പ്രകടമാണ്. അമേരിക്കയ്ക്ക് തങ്ങളുടെ ആഗോളസ്ഥാനം നിലനിർത്താൻ ചൈനയെ പ്രതിരോധിക്കേണ്ടതുണ്ടെങ്കിലും, അതിനായി ഇന്ത്യയെ അനിയന്ത്രിതമായി വളർത്തിയാൽ അത് ഭാവിയിൽ മറ്റൊരു സുരക്ഷാ വെല്ലുവിളിയാകുമോ എന്ന ഭയമാണ് ഇരുത്തി ചിന്തിപ്പിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ കാലം മുതൽ ഇന്ത്യക്കെതിരെ ആരംഭിക്കുകയും പിന്നീട് തുടരുകയും ചെയ്ത വ്യാപാര സമ്മർദ്ദങ്ങളും തീരുവ വർദ്ധനവുകളും കേവലം ഒരു സാമ്പത്തിക തർക്കം മാത്രമല്ല. അമേരിക്കൻ വിപണിയിലേക്ക് തടസ്സമില്ലാതെ ഉൽപ്പന്നങ്ങൾ കയറ്റി അയച്ച് ചൈന ഉണ്ടാക്കിയ കൂറ്റൻ വ്യാപാര മിച്ചമാണ് അവരുടെ സാമ്പത്തിക-സൈനിക വളർച്ചയ്ക്ക് അടിത്തറയിട്ടത്. സമാനമായ രീതിയിൽ അമേരിക്കൻ വിപണി പ്രയോജനപ്പെടുത്തി ഇന്ത്യ വൻതോതിൽ സാമ്പത്തിക മിച്ചം ഉണ്ടാക്കുന്നതും അതിലൂടെ തദ്ദേശീയ വ്യവസായങ്ങളെ വൻതോതിൽ സബ്‌സിഡി നൽകി വളർത്തുന്നതും തടയുക എന്ന ഉദ്ദേശ്യം ഈ തീരുവ യുദ്ധങ്ങൾക്ക് പിന്നിലുണ്ട്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (GSP) ആനുകൂല്യങ്ങളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയതും ഈ സാമ്പത്തിക പ്രതിരോധത്തിന്റെ ഭാഗമാണ്. അതുപോലെ, റഷ്യയിൽനിന്നുള്ള വിലകുറഞ്ഞ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനെതിരെ അമേരിക്ക നൽകുന്ന പരോക്ഷ ഉപരോധ ഭീഷണികളും കാറ്റ്‌സ ( CAATSA ) ചട്ടങ്ങളുടെ കടുത്ത പ്രയോഗവും ഇന്ത്യയുടെ സാമ്പത്തിക ഉത്തേജനത്തെ മന്ദഗതിയിലാക്കാനും തങ്ങളുടെ രാഷ്ട്രീയ മുൻഗണനകൾക്ക് വിധേയമാക്കാനും ഉദ്ദേശിച്ചുള്ളതാണ്. നിർണ്ണായക സാങ്കേതികവിദ്യാ കൈമാറ്റങ്ങളിൽ പുലർത്തുന്ന വിവേചനപരമായ ജാഗ്രതയും ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തെ അളന്നുമൂടി മാത്രം പിന്തുണയ്ക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണ്.
ഭയത്തിന്റെ അടിസ്ഥാനകാരണങ്ങൾ
ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം പുലർത്തുമ്പോഴും സൗഹൃദത്തേക്കാൾ മേധാവിത്വപരമായ നിലപാട് അമേരിക്ക സ്വീകരിക്കുന്നതിന് പിന്നിൽ ദീർഘകാല തന്ത്രപരമായ ഭയങ്ങൾ നിലനിൽക്കുന്നുണ്ട്. പൂർണ്ണ സമത്വത്തിലധിഷ്ഠിതമായ ഒരു പങ്കാളിത്തത്തേക്കാൾ, തങ്ങളുടെ തന്ത്രപരമായ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ഒരു സാമന്ത രാജ്യമായി ഇന്ത്യ മാറണമെന്നാണ് വാഷിംഗ്ടൺ ആഗ്രഹിക്കുന്നത്. എന്നാൽ, ഇന്ത്യ പരമ്പരാഗതമായി പിൻതുടരുന്ന തന്ത്രപരമായ സ്വയംഭരണവും (Strategic Autonomy) ബഹുധ്രുവ ലോകക്രമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഈ അമേരിക്കൻ മേധാവിത്വത്തെ പ്രതിരോധിക്കുന്നു. ഈ വൈരുദ്ധ്യമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇടയ്ക്കിടെ വരിഞ്ഞുമുറുക്കലുകൾ സൃഷ്ടിക്കുന്നത്. അമേരിക്കൻ നയരൂപകർത്താക്കളിൽ ഇന്ത്യയോടുള്ള സംശയം വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം ഇന്ത്യയുടെ നിർമ്മാണ സാമ്പത്തിക നയങ്ങളാണ്. മേക്കിങ് ഇൻ ഇന്ത്യ പദ്ധതിയിലൂടെയും ഉൽപ്പാദന അധിഷ്ഠിത പ്രോത്സാഹനങ്ങളിലൂടെയും (PLI) ഇന്ത്യ സ്വന്തമായി ഒരു സാങ്കേതിക-വ്യവസായ അടിത്തറ കെട്ടിപ്പടുക്കുന്നത് അമേരിക്കൻ വ്യവസായങ്ങൾക്ക് ഭാവിയിൽ ഭീഷണിയാകുമെന്ന് അവർ കരുതുന്നു. പാശ്ചാത്യ സാങ്കേതികവിദ്യ കൈക്കലാക്കി ഇന്ത്യൻ കോർപ്പറേറ്റുകൾ ചൈനീസ് മോഡലിൽ വാവെയ് (Huaawei) പോലുള്ള ആഗോള എതിരാളികളായി മാറുമോ എന്ന് യു.എസ്. കോർപ്പറേറ്റ് ലോകം ഭയപ്പെടുന്നുണ്ട്. ഇതിനുപുറമേ, വടക്കേ അമേരിക്കയിലെ സിഖ് വിഘടനവാദികൾക്കെതിരെ ഇന്ത്യ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അതിർത്തി കടന്നുള്ള രഹസ്യനീക്കങ്ങളും കാനഡയിലും യു.എസിലും നടന്ന അന്വേഷണങ്ങളും പാശ്ചാത്യ നിരീക്ഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ നിയമസാധുതയുള്ള അന്താരാഷ്ട്ര ക്രമത്തെ മറികടന്ന് സ്വന്തം സുരക്ഷാ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് ഭാവിയിൽ തങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് അവർ കണക്കാക്കുന്നു. ആഭ്യന്തര രാഷ്ട്രീയത്തിൽ അധികാരം കേന്ദ്രീകരിക്കുന്നതും ജനാധിപത്യ തത്വങ്ങളിലെ മാറ്റങ്ങളും ഈ ആശങ്കകൾക്ക് ആക്കം കൂട്ടുന്നുമുണ്ട്.
ഇന്ത്യയോടുള്ള അമേരിക്കയുടെ വർദ്ധിച്ചുവരുന്ന സംശയകരമായ നിലപാടുകൾ സമീപകാല പ്രതിഭാസമല്ല, മറിച്ച് ചരിത്രപരമായ തുടർച്ചയുടെ ഭാഗമാണ്. ശീതയുദ്ധ കാലഘട്ടത്തിൽ ഇന്ത്യ സ്വീകരിച്ച ചേരിചേരാ നയത്തെ അമേരിക്ക തങ്ങളുടെ ആഗോള ആധിപത്യത്തിന് ഭീഷണിയായാണ് വീക്ഷിച്ചത്. ഇത് കണക്കിലെടുത്ത് ദക്ഷിണേഷ്യയിൽ ഇന്ത്യ ഒരു പ്രാദേശിക ശക്തിയായി ഉയർന്നുവരുന്നത് തടയുക എന്നത് ലക്ഷ്യമിട്ട് പാകിസ്താനെ സൈനികമായും സാമ്പത്തികമായും അമേരിക്ക വൻതോതിൽ പിന്തുണച്ചു. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധസമയത്ത് ഇന്ത്യയ്ക്ക് മേൽ സൈനിക സമ്മർദ്ദം ചെലുത്താനായി അമേരിക്കൻ ടാസ്‌ക് ഫോഴ്‌സ് 74 (സെവൻത് ഫ്‌ളീറ്റ്) ബംഗാൾ ഉൾക്കടലിലേക്ക് അയച്ചത്, സ്വതന്ത്രമായ ഒരു ശക്തികേന്ദ്രത്തെ ഏഷ്യയിൽ അനുവദിക്കില്ലെന്ന നയത്തിന്റെ ഭാഗമായിരുന്നു.
1998-ൽ ഇന്ത്യ പൊഖ്‌റാനിൽ നടപ്പാക്കിയ അണുപരീക്ഷണങ്ങൾക്ക് തൊട്ടുപിന്നാലെ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക- സാങ്കേതിക ഉപരോധങ്ങളും ഈ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു. പാശ്ചാത്യ ആധിപത്യത്തിലുള്ള അണുവായുധ ക്ലബ്ബിലേക്ക് ഇന്ത്യ സ്വതന്ത്രമായി ഉയർന്നുവന്നത് തടയാനായിരുന്നു ഈ ശ്രമം. 2005-ലെ ചരിത്രപരമായ സിവിൽ ആണവ കരാറിലൂടെ ഇരുരാജ്യങ്ങളും അടുപ്പത്തിലായെങ്കിലും, അമേരിക്കയുടെ മനസ്സിൽ ഇന്ത്യയുടെ അഭിലാഷങ്ങളേക്കുറിച്ചുള്ള സംശയങ്ങൾ പൂർണ്ണമായി മാറിയിരുന്നില്ല. ചൈനയുടെ അതിവേഗ വളർച്ച സൃഷ്ടിച്ച ആഗോള വെല്ലുവിളി സമാനമായ മറ്റൊരു ഏഷ്യൻ ശക്തിയുടെ ഉയർച്ചയെ കടുത്ത ജാഗ്രതയോടെ വീക്ഷിക്കാൻ അമേരിക്കയെ നിർബന്ധിതരാക്കി. അമേരിക്കൻ ആധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയിൽ ഇന്ത്യ വളരുന്നത് തടയാൻ അവർ ഇപ്പോൾ അതീവ ജാഗ്രത പുലർത്തുകയാണ്. കൂടാതെ, വടക്കേ അമേരിക്കയിലെ സിഖ് വിഘടനവാദികൾക്കെതിരെ ഇന്ത്യ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രഹസ്യ നീക്കങ്ങളും കാനഡയിലും യുഎസിലും നടന്ന അന്വേഷണങ്ങളും അമേരിക്കൻ നിരീക്ഷകരിൽ അവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ആഗോളക്രമത്തിന് പകരം സ്വന്തം സുരക്ഷാ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു എന്ന ഭയമാണ് ഇതിന്റെയൊക്കെ ആധാരം.
സാമന്തനെ മതി, ശക്തനെ വേണ്ട
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവകൾക്ക് പിന്നിൽ ഇന്ത്യയെ ഒരു സാമ്പത്തിക എതിരാളിയായി വളരുന്നത് തടയുക എന്ന ലക്ഷ്യമുണ്ട്. അമേരിക്കൻ വിദേശനയം 'തന്ത്രപരമായ പരോപകാര' (Strategic Altruism) ഘട്ടത്തിൽനിന്ന് മാറി തികച്ചും 'ഇടപാടുകളിൽ അധിഷ്ഠിതമായ ഒരു തന്ത്രത്തിലേക്ക്' (Transactional Strategy) മാറിയിരിക്കുന്നു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (GSP) ആനുകൂല്യങ്ങളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണ്. തുല്യ പങ്കാളിയായി അംഗീകരിക്കുന്നതിന് പകരം, തങ്ങളുടെ തന്ത്രപരമായ നിർദ്ദേശങ്ങൾ അനുസരിക്കുന്ന 'കീഴ്‌പെട്ടു നിൽക്കുന്ന പങ്കാളിയായി' ഇന്ത്യയെ നിലനിർത്താനാണ് അമേരിക്കൻ താല്പര്യം. ചൈന അമേരിക്കൻ വിപണി ഉപയോഗപ്പെടുത്തി സാമ്പത്തിക മിച്ചം നേടിയതുപോലെ ഇന്ത്യ അതേ നേട്ടം ഉണ്ടാക്കുന്നത് തടയുകയാണ് തീരുവ യുദ്ധത്തിന്റെ ലക്ഷ്യം. റഷ്യൻ ക്രൂഡോയിലിന്റെ പേരിലുള്ള പുതിയ തീരുവ യുദ്ധം വെറുമൊരു പുകമറ മാത്രമാണ്. ഇതല്ലെങ്കിൽ മറ്റൊരു കാരണത്തിന്റെ പേരിൽ വേറൊരു പ്രതിബന്ധം അമേരിക്ക ഇന്ത്യയ്ക്കുമേൽ നനടപ്പാക്കാനുള്ള സാധ്യത വളരെയധികമാണ്.
ഇന്ത്യ മറ്റൊരു ചൈനയായി മാറുമെന്ന പ്രമേയം അമേരിക്കൻ വിദേശനയ വൃത്തങ്ങളിൽ എത്തിക്കുന്നതിൽ നിരവധി പ്രമുഖ തന്ത്രജ്ഞരും ചിന്തകരും പങ്ക് വഹിച്ചിട്ടുണ്ട്. വിദേശനയ വിദഗ്ദ്ധനായ ആഷ്ലി ജെ. ടെല്ലിസ് ഫോറിൻ അഫയേഴ്‌സിൽ എഴുതിയ 'അമേരിക്കാസ് ബാഡ് ബെറ്റ് ഓൺ ഇന്ത്യ' (America's Bad Bet on India) എന്ന ലേഖനം ഇതിൽ നിർണ്ണായകമായ വഴിത്തിരിവായിരുന്നു. ഇന്ത്യ വികസനത്തിനും സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനുമായി അമേരിക്കയെ ഉപയോഗപ്പെടുത്തുമെങ്കിലും, ചൈനയുമായി യു.എസ്. ഒരു സൈനിക ഏറ്റുമുട്ടലിൽ ഏർപ്പെട്ടാൽ ഒരിക്കലും അമേരിക്കയുടെ വശത്ത് ചേർന്ന് പോരാടില്ലെന്ന് ടെല്ലിസ് വാദിച്ചു. ഇന്ത്യ തങ്ങളുടെ സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന രാജ്യമാണെന്നും പകരമായി അമേരിക്കയുടെ ആഗോള സുരക്ഷാ ബാധ്യതകൾ ഏറ്റെടുക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇന്ത്യാസ് ഗ്രേറ്റ്-പവർ ഡിലൂഷൻസ്' (India's Great-Power Delusions) എന്ന അദ്ദേഹത്തിന്റെ പിൽക്കാല ലേഖനവും ഇന്ത്യയുടെ വളർച്ചയെയും വിദേശനയ സമീപനങ്ങളെയും പറ്റി അമേരിക്കൻ സർക്കാരിൽ വലിയ ചർച്ചകൾക്കിടയാക്കി. അന്താരാഷ്ട്ര ബന്ധങ്ങളിലെ ഓഫെൻസീവ് റിയലിസം (Offensive Realism) ഉയർത്തിക്കാട്ടിയാണ് പ്രൊഫസറായ ജോൺ മീർഷൈമറെപ്പോലുള്ള തന്ത്രജ്ഞർ ഇന്ത്യയെ വിലയിരുത്തുന്നത്. അനാർക്കി നിലനിൽക്കുന്ന ആഗോള വ്യവസ്ഥയിൽ, ഏതൊരു ഉയർന്നുവരുന്ന ശക്തിയും തങ്ങളുടെ പ്രാദേശിക മേധാവിത്വം ഉറപ്പിക്കാൻ ശ്രമിക്കുമെന്നും, അതിനാൽ ഇന്ത്യ വളരുമ്പോൾ അമേരിക്കൻ സഖ്യത്തിൽ ഒതുങ്ങിനിൽക്കില്ലെന്നും റിയലിസ്റ്റുകൾ വാദിക്കുന്നു. വാഷിങ്ടണിലെ പ്രൊട്ടക്ഷനിസ്റ്റ് വിഭാഗങ്ങളും വ്യാപാര വക്താക്കളും ഇന്ത്യയെ ഒരു വ്യവസായിക എതിരാളിയായി ചിത്രീകരിക്കാൻ ഈ വാദങ്ങൾ ഉപയോഗിക്കുന്നു. അതേസമയം, ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിൽ ഡെക്‌സലിനെപ്പോലുള്ള വിശകലന വിദഗ്ദ്ധർ ഈ പ്രചാരണങ്ങളെ എതിർക്കുന്നുണ്ട്. ചൈനയുടെ അനുഭവത്തിൽനിന്ന് തെറ്റായ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യയെ സംശയത്തോടെ കാണുന്നത് വലിയ തന്ത്രപരമായ അബദ്ധമാകുമെന്ന് അദ്ദേഹം വാദിക്കുന്നു. ഈ പ്രചാരണങ്ങൾ അമേരിക്കൻ വിദേശനയ രൂപീകരണത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന 'തന്ത്രപരമായ പരരോപകാരം' എന്ന സമീപനത്തിൽനിന്നു മാറി, ഇന്ത്യയ്ക്കുള്ള ഓരോ സാങ്കേതിക-സൈനിക സഹായത്തിനും കൃത്യമായ പ്രതിഫലം ഉടനടി ആവശ്യപ്പെടുന്ന തികച്ചും പ്രായോഗികവും സാമ്പത്തികവുമായ നയത്തിലേക്ക് മാറിയിരിക്കുന്നു എന്നുള്ളതാണ് ആ മാറ്റത്തിൽ പ്രധാനമാകുന്നത്.
ഇന്ത്യ മറ്റൊരു ചൈനയായി വളരുമോ എന്ന ഭയം അമേരിക്കയെ നയിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ വളർച്ചയെ പൂർണ്ണമായി തടയാൻ അവർക്ക് കഴിയില്ല. ഇന്ത്യയുടെ വളർച്ച അനിവാര്യമാണ്. എന്നാൽ, ഇന്ത്യ പൂർണ്ണമായി തളരുകയോ അല്ലെങ്കിൽ നിയന്ത്രിക്കാൻ കഴിയാത്ത വിധം വൻശക്തിയാവുകയോ ചെയ്യാത്ത ഒരു സാഹചര്യമാണ് അവർക്ക് വേണ്ടത്. ഭീഷണികളിലൂടെയോ ഉപരോധങ്ങളിലൂടെയോ ഇന്ത്യയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നത് തന്ത്രപരമായ ബന്ധങ്ങളെ തകർക്കും. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒരു പങ്കാളിത്തമാണ് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുക. ഇന്ത്യയുടെ പരമാധികാരത്തെയും വികസന താല്പര്യങ്ങളെയും മാനിക്കുന്ന ഒരു നയതന്ത്ര സമീപനമാണ് അമേരിക്കയിൽനിന്ന് ഉണ്ടാകേണ്ടത്.
Content Highlights: The Lindsey O Graham sanctions bill intensifies US-India tensions over India's crude oil imports from Russia, echoing past geopolitical challenges.